
സഹായ ഹസ്തവുമായി പ്രവാസികളുടെ കൂട്ടായ്മ
Posted on: 28 Oct 2007

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാന്‍സര്‍ രോഗികള്‍ക്ക് എല്ലാമാസവും വസ്ത്രങ്ങളും പഴവര്‍ഗ്ഗങ്ങളും 'സഹായി' എത്തിച്ചു കൊടുക്കുന്നു. ഡല്‍ഹിയില്‍വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങളും സംഘടന നല്‍കിവരുന്നു. കശ്മീരില്‍ സംഘര്‍ഷം മുറുകിയപ്പോള്‍ അവിടെനിന്നും ഡല്‍ഹിയിലെ ശാസ്ത്രി നഗറിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 450 കുടുംബങ്ങള്‍ക്ക് സംഘടനയുടെ വകയായി നാലു വര്‍ഷത്തോളം ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തിരുന്നു. ഷാലിമാര്‍ ഗാര്‍ഡനില്‍ വീട്ടുവേല ചെയ്തിരുന്ന മലയാളി സ്ത്രീ മരിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ 'സഹായി' മുന്‍കൈയ്യെടുത്തിരുന്നു.
കേരളത്തില്‍നിന്നും മംഗള എക്സ്പ്രസില്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഒരു മലയാളി അംഗത്തിന് ഗ്വാളിയറില്‍ വച്ച് അപകടമുണ്ടായപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ അവിടെയെത്തി സഹായം നല്‍കിയിരുന്നു. ഫാ.കെ.ജെ.ആന്റണി മീററ്റില്‍ നടത്തിവരുന്ന 'നയി ആശ' എന്ന സ്‌കൂളില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാമാസവും ഭക്ഷണവും വസ്ത്രവും ഈ സംഘടന നല്‍കുന്നുണ്ട്. നഗരത്തില്‍ അലഞ്ഞു നടക്കുന്ന ഇരുപതോളം കുട്ടികളെ ദര്യാഗഞ്ചിലെ ഓഫീസിനോടുചേര്‍ന്ന് പഠിപ്പിക്കുന്നുണ്ട്. ഗ്രാമീണരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കാനായി ഹരിയാണയിലെ മേവാത്തില്‍ 'മര്‍ക്കസ് ഹാപ്പി ഹോം' എന്ന സ്ഥാപനവും സഹായി തുടങ്ങിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അസീസ് എന്നിവര്‍ പറഞ്ഞു.
1995 ലാണ് സഹായി ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തില്‍ മലബാര്‍ മേഖലയില്‍ സംഘടന നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 'ഓള്‍ ഇന്ത്യ സുന്നി ജാം ഇയ്യത്തുല്‍ ഉലമ' യുടെ കീഴില്‍ സ്ഥാപിക്കപ്പെട്ട 'മര്‍കസ്' എന്ന സംഘടനയാണ് സഹായിയുടെ മാതൃസ്ഥാപനം. വിലാസം: സഹായി, 4414/7, അന്‍സാരിറോഡ്, ദര്യാഗഞ്ച്, ന്യൂഡല്‍ഹി. ഫോണ്‍: 23271848, 9868096462.
