goodnews head

കയ്യും കാലുമില്ലെങ്കിലും വര്‍മ മികച്ച ഗുരു

Posted on: 28 Oct 2007


ന്യൂഡല്‍ഹി: മധ്യപ്രദേശുകാരന്‍ സിദ്ധനാഥ് വര്‍മയ്ക്ക് ജനിച്ചപ്പോള്‍ തന്നെ രണ്ടുകൈകളും ഒരു കാലുമില്ല. പക്ഷേ, രാജ്യത്തെ മികച്ച അധ്യാപകരില്‍ ഒരാളാകാന്‍ വൈകല്യം വര്‍മയ്ക്ക് തടസ്സമായില്ല.
പുരസ്‌കാരം വാങ്ങാന്‍ പരസഹായത്തോടെ സിദ്ധനാഥ് വര്‍മ എത്തിയപ്പോള്‍ വേദിയുടെ പടികളിറങ്ങിവന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ആ നിശ്ചയദാര്‍ഢ്യത്തെ അംഗീകരിച്ചു. പുരസ്‌കാരം വാങ്ങാനെത്തിയ മറ്റ് 365 അധ്യാപകരിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് നിശ്ചയദാര്‍ഢ്യവും കഠിനപരിശ്രമവും കൊണ്ട് അധ്യാപന രംഗത്തെ ഉന്നത ബഹുമതിനേടിയ സിദ്ധനാഥ് വര്‍മ തന്നെ.
മധ്യപ്രദേശിലെ ജബല്‍പുരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നവീന്‍ ഗേള്‍സ് മിഡില്‍ സ്‌കൂളിലെ അധ്യാപകനാണ് സിദ്ധനാഥ് വര്‍മ. അവാര്‍ഡുകള്‍ അധ്യാപകന്റെ വിജയം അളക്കാനുള്ള മാനദണ്ഡമല്ലെന്ന അഭിപ്രായമാണ് വര്‍മയ്ക്കുള്ളത്. അവാര്‍ഡുകള്‍ ലഭിച്ചാലും ഒരുവന്‍ തന്റെ കഠിനാധ്വാനം തുടരണമെന്ന് അദ്ദേഹം പറയുന്നു. എല്ലാ പരീക്ഷകളും കാലുകൊണ്ടാണ് വര്‍മ എഴുതിയത്. ഭക്ഷണം കഴിക്കുന്നതും ക്ഷൗരം ചെയ്യുന്നതും പുസ്തകത്തിന്റെ താളുകള്‍ മറിക്കുന്നതും കാലുകൊണ്ടുതന്നെ. എം.കോം, ബി.എഡ്, എല്‍.എല്‍.ബി, ബിരുദങ്ങള്‍ നേടിയ വര്‍മ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയും എഴുതി. പരീക്ഷ പാസായെങ്കിലും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാത്തതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടു. പക്ഷേ, അത് വിദ്യാര്‍ഥികള്‍ക്ക് നേട്ടമായിത്തീര്‍ന്നു.

ജോര്‍ഡി മലയില്‍




 

 




MathrubhumiMatrimonial