
വേദന മറക്കാന്‍ വിനീത ചിത്രം വരയ്ക്കുന്നു
Posted on: 28 Oct 2007

പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ വിനീതാ മേനോന്റെ കലാസൃഷ്ടികളുടെ പതിനൊന്നാമത് പ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്. ചിത്രങ്ങളും കല്ലുകളും മുത്തും കൊണ്ട് അലങ്കരിച്ച സാരികള്‍, കുര്‍ത്തകള്‍, വലിയ കളിമണ്‍ പാത്രങ്ങളിലും പ്ലേറ്റിലും ക്യാന്‍വാസിലുമായി ചെയ്ത പെയിന്റിങ്ങുകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. കാലുകളുടെ സ്വാധീനം വിനീതയ്ക്ക് നഷ്ടമാവുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ചെറിയൊരു വേദനയായെത്തി കാലുകള്‍ തളര്‍ത്തിയ വിധിയോട് വിനീതയ്ക്ക് പക്ഷേ പരാതിയില്ല.
അസുഖത്തിന്റെ നാളുകളില്‍ ടി.വി. യില്‍ കണ്ട പരിപാടിയാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് വിനീതയെ നയിച്ചത്. ഇതിനകം ആറായിരത്തോളം സാരികള്‍ വിനീത പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ദിവസത്തില്‍ അഞ്ചുസാരിവരെ പെയിന്റ് ചെയ്യാറുണ്ടെന്ന് വിനീത പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് ക്യാന്‍വാസിന്റെയും പോട്ട് പെയിന്റിങ്ങിന്റെയും ലോകത്തേക്ക് വിനീത കടക്കുന്നത്. ഇപ്പോള്‍ പെയിന്റിങ്ങുകളുടെ ശേഖരവും ഏറെയുണ്ട്. അച്ഛന്റെയും അമ്മയുടെയും കൈത്താങ്ങാണ് എല്ലാത്തിനും ശക്തി പകരുന്നതെന്ന് വിനീത പറയുന്നു.
