goodnews head

വിധി ക്രൂരതകാട്ടിയ കുരുന്നുകള്‍ക്ക് ആഗ്രഹ സാഫല്യവുമായി സംഘടന

Posted on: 28 Oct 2007


കോയമ്പത്തൂര്‍: മാരകമായ രോഗപീഡകളുമായി ജീവിക്കുന്ന കുരുന്നുകള്‍. അവര്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന ചെറുതും വലുതുമായ ആഗ്രഹങ്ങള്‍. മക്കളുടെ വിധിയോര്‍ത്ത് മനസ്സുതകര്‍ന്ന മാതാപിതാക്കള്‍. ചികിത്സാച്ചെലവുമൂലം സാമ്പത്തിക നില തകര്‍ന്ന മാതാപിതാക്കള്‍ക്ക് സഫലീകരിക്കാനാവാത്ത കുരുന്നുകളുടെ ആഗ്രഹസഫലീകരണത്തിന് വഴിയൊരുക്കുകയാണ് മേക്ക് എ വിഷ് ഫൗണ്ടേഷന്‍. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ മേക്ക് എ വിഷ് ഫൗണ്ടേഷന്റെ കോയമ്പത്തൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാകട്ടെ മലയാളിയായ ബിന്ദുരാജീവും.

ഫൗണ്ടേഷന്റെ ഒരാഗ്രഹ സാഫല്യ സേവനം ലഭിക്കുന്നതിന് മാനദണ്ഡങ്ങള്‍ മൂന്നുമാത്രം. ജീവന്‍തന്നെ അപഹരിച്ചെടുക്കപ്പെടാവുന്ന രോഗബാധിതനായിരിക്കണം സേവനം ലഭിക്കേണ്ട കുട്ടി. പ്രായം 3 നും 18 നും ഇടയിലായിരിക്കണം. സഫലീകരിക്കാന്‍ സാധിക്കുന്ന ആഗ്രഹമായിരിക്കണം കുട്ടിയുടേത് -ഇവയാണ് മാനദണ്ഡങ്ങള്‍.

എച്ച്.ഐ.വി. ബാധിതര്‍, അര്‍ബുദ ബാധിതര്‍, ഹൃദ്രോഗമുള്ളവര്‍, വൃക്കരോഗമുള്ളവര്‍ തുടങ്ങി ഏതുതരം ഗുരുതര രോഗബാധിതര്‍ക്കും എന്തുവില കൊടുത്തും ഫൗണ്ടേഷന്‍ ഒരാഗ്രഹം സഫലമാക്കും. ആസ്​പത്രികളില്‍നിന്നും സന്നദ്ധസംഘടനകളുടെ അഭയകേന്ദ്രങ്ങളില്‍ നിന്നുമാണ് ഫൗണ്ടേഷന്‍ കുട്ടികളെ കണ്ടെത്തി സേവനം നല്‍കുന്നത്.

ഡോക്ടറാകാനാഗ്രഹിക്കുന്ന കുട്ടിയെ ആസ്​പത്രിയിലെത്തിച്ചാണ് ആഗ്രഹം സാധിക്കുക. നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ആഗ്രഹം ടെലിവിഷന്‍, സൈക്കിള്‍ എന്നിവയിലൊതുങ്ങുന്നതാണെന്ന് ബിന്ദുരാജീവ് പറയുന്നു. ഇത്തരം കുട്ടികള്‍ക്കായി സംഘടന ഇതിനകം നൂറുകണക്കിന് കളര്‍ടെലിവിഷനും സൈക്കിളും വാങ്ങിനല്‍കിക്കഴിഞ്ഞു. ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടറിനോടാണ് ആഭിമുഖ്യം. കുട്ടികളുടെ ആഗ്രഹസാഫല്യത്തിനായി കാര്‍വരെ വാങ്ങിനല്‍കുന്നു സംഘടന.

സിനിമാതാരങ്ങളെ കാണണമെന്ന ആഗ്രഹം മുതിര്‍ന്ന കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലോ താരങ്ങളുടെ വീട്ടിലോ എത്തിച്ച് ആഗ്രഹസഫലീകരണം നടത്താറുണ്ട് ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ സദുദ്ദേശ്യത്തെപ്പറ്റി അറിഞ്ഞ് താരങ്ങള്‍ നല്ല സഹകരണമാണ് നടത്തുന്നത്. ഇതിനുള്ള യാത്ര എയര്‍ഡെക്കാന്‍ കമ്പനി സൗജന്യമായി നല്‍കുന്നു.

ഫൗണ്ടേഷന് ദക്ഷിണേന്ത്യയില്‍ ഹൈദരാബാദിലും കോയമ്പത്തൂരിലുമാണ് ഓഫീസുകളുള്ളത്. ഫയര്‍ കമഡോര്‍ എം. വാണിയയാണ് കോയമ്പത്തൂരിലെ പ്രോഗ്രാം ഡയറക്ടര്‍. ബിന്ദുരാജീവ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും. പ്രതിമാസം ശരാശരി 10 ആഗ്രഹ സഫലീകരണമാണ് കോയമ്പത്തൂര്‍ കേന്ദ്രം നടത്തുന്നത്. കേരളത്തില്‍ ഫൗണ്ടേഷന് ശാഖയില്ലെന്നതിനാല്‍ ബിന്ദുരാജീവ് തന്റെ പ്രവര്‍ത്തനമേഖല പാലക്കാട്ടേക്കും വ്യാപിപ്പിക്കുന്നു. ഇതുവരെ 300 ല്‍പ്പരം കുരുന്നുകളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനായതില്‍ സന്തുഷ്ടയാണ് ബിന്ദു.

 

 




MathrubhumiMatrimonial