goodnews head

ഷബ്‌നയ്ക്ക് വീണ്ടും പഠിക്കണം; ഒരു ജോലി വേണം

Posted on: 16 Mar 2008


അത്തോളി: മണ്ണെണ്ണവിളക്കില്‍നിന്ന് പടര്‍ന്നുകയറിയ തീയില്‍ അരയ്ക്കുമുകളില്‍ പാതി വെന്തുപോയ അത്തോളി തോരായി കോട്ടക്കുന്ന് മലയിലെ ഷബ്‌ന എന്ന പതിനെട്ടുകാരിക്ക് 'അഗ്‌നനിപരീക്ഷണം' കഴിഞ്ഞു. ഉദാരമതികളുടെ അകമഴിഞ്ഞ സഹായത്തില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം ഷബ്‌നയ്ക്ക് തിരിച്ചുനല്‍കിയിരിക്കുന്നു. ഒപ്പം തീയില്‍ കരിഞ്ഞുപോയിരുന്ന ഒരു കൊച്ചുമോഹവും തളിരിടുന്നു. മുടങ്ങിപ്പോയ പത്താംതരം പരീക്ഷയെഴുതണം. ജയിച്ച് ഒരു ചെറിയ ജോലി നേടണം. ഈ മോഹവുമായി ഷബ്‌ന കഴിഞ്ഞ ദിവസം, താന്‍ പഠിച്ചിരുന്ന അത്തോളി ഗവ. ഹൈസ്‌കൂളിലെത്തി അധ്യാപകരെ കണ്ടു. പഠിക്കാനുള്ള അവളുടെ താത്പര്യമറിയുന്ന അധ്യാപകര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

മൂന്നുവര്‍ഷം മുമ്പ് എസ്.എസ്.എല്‍.സി.ക്കു പഠിക്കുമ്പോഴാണ് വിളക്കിലേക്കൊഴിച്ച മണ്ണെണ്ണയിലൂടെ തീ ചുരിദാറിലേക്ക് കത്തിക്കയറിയത്. അരയ്ക്കു മുകളിലൂടെ ഉടുപ്പ് വലിച്ചുമാറ്റുന്നതിനിടയില്‍ മുഖമുള്‍പ്പെടെ ഇരു ചെവികള്‍ക്കും ചുണ്ടിനും കഴുത്തിനും കൈകള്‍ക്കും പുറത്തുമെല്ലാം ഗുരുതരമായ പൊള്ളലാണേറ്റിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നുമാസത്തെ ചികിത്സകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ആളെ തിരിച്ചറിയാനാകാത്തവിധം രൂപം മാറിപ്പോയിരുന്നു. ചികിത്സ കഴിഞ്ഞുവരുമ്പോഴേക്കാകട്ടെ കോട്ടക്കുന്ന് മലയിലെ അഞ്ചുസെന്റ് സ്ഥലത്തെ മണ്‍കുടിലും നിലംപൊത്തി.

അയല്‍വാസിയുടെ പറമ്പില്‍ അച്ഛനുമമ്മയും അനുജനുമടങ്ങുന്ന കുടുംബത്തിന് നാട്ടുകാര്‍ കെട്ടിക്കൊടുത്ത കുടിലിന്റെ ചിത്രംസഹിതം ഷബ്‌നയുടെ ദയനീയാവസ്ഥ 'മാതൃഭൂമി' പുറത്തുകൊണ്ടുവന്നു. തുടര്‍ന്ന് നാനാദിക്കില്‍നിന്നും ഉദാരമതികള്‍ സഹായവുമായി എത്തി. അത്തോളി പഞ്ചായത്തംഗം എന്‍.വി. മോഹനന്റെയും അധ്യാപകനായ വി.വി. ദിനേശിന്റെയും നേതൃത്വത്തില്‍ സഹായങ്ങള്‍ സ്വരൂപിച്ച് ചികിത്സ ആരംഭിച്ചു. തലശ്ശേരിയില്‍നിന്നെത്തിയ സാമൂഹികപ്രവര്‍ത്തകന്‍ ചിന്നേട്ടന്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തസഹിതം ഷബ്‌നയെ വള്ളിക്കാവില്‍ മാതാഅമൃതാനന്ദമയീദേവിയുടെ മുന്നിലെത്തിച്ചു. അമ്മയുടെ താത്പര്യത്തില്‍ പിന്നീട് അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഷബ്‌നയുടെ പ്ലാസ്റ്റിക് സര്‍ജറി ഏറ്റെടുത്തു.

ഇതിനിടയില്‍ നിര്‍ധനരായ ഈ കുടുംബത്തിന് സ്വന്തമായി വീടുവെച്ചുകൊടുക്കാന്‍ അത്തോളി ഗ്രാമപ്പഞ്ചായത്ത് മുന്നോട്ടുവന്നു. വീടിന്റെ പണി പൂര്‍ത്തിയായിവരുന്നു. മൂന്നുതവണ തനിക്ക് ദര്‍ശനം തന്ന മാതാ അമൃതാനന്ദമയീദേവി, ചികിത്സയ്ക്കായി വലിയൊരു തുക തന്ന് സഹായിച്ച കല്ലായി എസ്.ബി.ഐ.യിലെ രാജരാജേശ്വരി, തുടക്കംമുതലേ സഹായിച്ച നാട്ടുകാരന്‍ കൂടിയായ എന്‍ജിനീയര്‍ പ്യാരിലാല്‍, ആസ്​പത്രിയില്‍ എന്നും ഒപ്പമുണ്ടായിരുന്ന ചിന്നേട്ടന്‍... മരുന്നിനുപോലും കാശുതന്ന് സഹായിച്ച ഡോക്ടര്‍മാര്‍... സഹായങ്ങള്‍ സ്വരൂപിക്കാന്‍ ഓടിനടന്ന നാട്ടുകാര്‍... ഓര്‍ക്കുമ്പോള്‍ ഷബ്‌നയുടെ കണ്ണ് നിറയുന്നു.

 

 




MathrubhumiMatrimonial