AnnaChandam Head

പുത്തന്‍കുളം ശിവന്‍-കാത്തുകാത്തിരുന്ന കുഞ്ഞിക്കാല്‍

Posted on: 30 Oct 2009

ശ്രീകുമാര്‍ അരൂക്കുറ്റി




ജനനനിയന്ത്രണം ,ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നിവയുടെ നൈതിക ധാര്‍മിക സംവാദങ്ങള്‍ ഇന്നും തുടരുകയാണ്. അതിനിടയിലും, സന്താനോല്പാദനത്തിന് സമ്പൂര്‍ണ നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ജീവിവര്‍ഗം കേരളത്തിലുണ്ട്. നാസി തടങ്കല്‍പ്പാളയങ്ങളിലെ ക്രൂരതകള്‍പോലും തോല്‍ക്കുംവിധവും, അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശലംഘനങ്ങളെ കടത്തിവെട്ടുംവിധവുമാണ് കേരളത്തിലെ നാട്ടാനകള്‍ക്കുമേല്‍ പ്രബുദ്ധ മലയാളി സന്താനോല്പാദന നിരോധനം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പ്രസവിക്കലും മക്കളെ പോറ്റലും മാത്രമല്ല, പ്രണയിക്കലും ഇണചേരലും പോലും അവര്‍ക്കിവിടെ നിഷിദ്ധമായിരിക്കുന്നു.

ആനകള്‍ വീട്ടില്‍ പ്രസവിക്കുന്നത് അശുഭമാണെന്ന വിശ്വാസം; അഥവാ അന്ധവിശ്വാസം -അതാണ് നാട്ടാനപ്രസവങ്ങള്‍ക്കുമേലുള്ള ഏറ്റവുംവലിയ കരിനിഴല്‍. ഒപ്പം, മുത്തങ്ങയും പറമ്പിക്കുളവും കോന്നിയും പോലുള്ള ആനക്ക്യാമ്പുകള്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ സര്‍ക്കാറുകള്‍ കാട്ടുന്ന ഗുരുതരമായ അലംഭാവവും. ആനകളുടെ സ്വതന്ത്രമായ ഇടപഴകലിനും പ്രത്യുത്പാദനത്തിനും ഒരളവ് വരെയെങ്കിലും അവസരം സൃഷ്ടിച്ചിരുന്നത് ഇത്തരം ആനക്ക്യാമ്പുകള്‍ ആയിരുന്നു. തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ആനക്ക്യാമ്പുകള്‍ ഇന്നും എത്ര സജീവമാണെന്ന് തിരിച്ചറിയാന്‍ വല്ലപ്പോഴുമെങ്കിലും നമ്മുടെ വനംവകുപ്പ്മന്ത്രിമാര്‍ അവിടെയൊക്കെ ഒന്ന് സന്ദര്‍ശിച്ചുവരുന്നത് നന്നായിരിക്കും.



നമ്മള്‍ മനുഷ്യരും നമ്മുടെ തലതിരിഞ്ഞ വിശ്വാസങ്ങളും ചേര്‍ന്ന് പാവം നാട്ടാനകളെ ഷണ്ഡീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ അതാണ് സത്യം.

പണ്ടുകാലത്ത് ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ കേരളത്തില്‍ ചില ആനപ്രസവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒന്നൊന്നര ദശകമായി ആ സ്ഥിതി മാറി. നാട്ടില്‍ ഒരാന പ്രസവിക്കുക എന്നാല്‍ അതു അത്യപൂര്‍വവും അത്യത്ഭുതവുമായി മാറി. അങ്ങനെ ആനപ്രസവം എന്നത് മലയാള മണ്ണിലെ പുതുതലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായി മാറിക്കൊണ്ടിരിക്കെ, ആനപ്രേമികളെയാകെ ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിച്ചുകൊണ്ട് 'മാനത്തുനിന്നും പൊട്ടിവീണ' അത്ഭുതപരതന്ത്രക്കുട്ടന്‍ - അവനാണ് പുത്തന്‍കുളം ശിവന്‍. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം സാക്ഷ്യംവഹിച്ച രണ്ട് നാട്ടാനപ്രസവങ്ങളില്‍ ഒന്നിലെ തങ്കത്തിരുമകന്‍; കൊല്ലം പരവൂരിന് സമീപമുള്ള പുത്തന്‍കുളം ഷാജിയുടെ ആനത്താവളത്തിലെ കടിഞ്ഞൂല്‍ കണ്‍മണി! സോണ്‍പുര്‍ ആനച്ചന്തയില്‍ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണാണ് രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ 'തിരുവയറൊഴിഞ്ഞ്' ശിവന്‍കുട്ടന് ജന്മം നല്‍കിയത്.

ഗര്‍ഭിണിയാണെന്ന സംശയത്തോടെ, അഥവാ ഉറപ്പോടെ തന്നെ ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്, ആന നാട്ടില്‍ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയായിരുന്നു. ഇരുപതു മുതല്‍ ഇരുപത്തിരണ്ടു മാസം വരെ നീണ്ടുനില്‍ക്കുന്ന ആനകളുടെ ഗര്‍ഭകാലവും ഗര്‍ഭപരിചരണവും എല്ലാം കഴിഞ്ഞ്- ആനപ്രസവത്തിനായി ആകാംക്ഷയോടെ കാത്തുകാത്തിരുന്ന മലയാളിയുടെ മടിയിലേക്ക് ലക്ഷ്മിയമ്മാള്‍ പെറ്റിട്ടത് ഒരു ഉണ്ണിക്കുട്ടനെ തന്നെ. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവിന്റെ ജനനം എന്നപോലെ, ഐശ്വര്യ-അഭിഷേക് താരദമ്പതികള്‍ക്ക് ഒരു കുഞ്ഞുപിറന്നാല്‍ എന്നപോലെ, ശിവന്‍കുട്ടിയുടെ പിറവി കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ കൊണ്ടാടി. സത്യത്തില്‍, ലക്ഷ്മി ശിവന് ജന്മം നല്‍കുന്നതിന് ഏതാണ്ട് ഒരുമാസം മുമ്പ് കുമളിയില്‍ മറ്റൊരു ആനപ്പെണ്ണ് കണ്ണനെന്ന കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പക്ഷേ, മുട്ടിനുമുട്ടിന് ഹൈറേഞ്ച് വരെ ഓടിയെത്താനുള്ള മാധ്യമലോകത്തിന്റെ പ്രയാസം നിമിത്തമാവാം കണ്ണനേക്കാള്‍ ജനശ്രദ്ധയും വാര്‍ത്താമൂല്യവും പിടിച്ചുപറ്റിയത് ശിവനും അവന്റെ അമ്മ ലക്ഷ്മിയുമായിരുന്നു. ശിവന്റെ ജനനവും ഇരുപത്തെട്ട് കെട്ടലും മാത്രമല്ല, അവന്റെ ഒന്നാംപിറന്നാള്‍വരെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ചൂടപ്പമായി മാറുകയും ചെയ്തു.

പിറന്നുവീണ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സ്വന്തംകാലില്‍ എഴുന്നേറ്റു അമ്മയുടെ അകിട്ടില്‍നിന്നും പാല് നൊട്ടിനുണഞ്ഞ് കുടിക്കുവാനാകും ആനക്കുട്ടിയുടെ തിടുക്കമെങ്കില്‍, പെറ്റുവീണ കുട്ടി ആണോ പെണ്ണോ എന്നറിയാനാവും സ്വാഭാവികമായും നമ്മള്‍ മനുഷ്യരുടെ ആകാംക്ഷ. മനുഷ്യരെപ്പോലെത്തന്നെ ആനകള്‍ക്കിടയിലും ആണ്‍കുഞ്ഞുങ്ങളോടാണ് മലയാളികള്‍ക്ക് കൂടുതല്‍ താത്പര്യം. പക്ഷേ, കുട്ടി ആനയുടേതാകുമ്പോള്‍ ആണ്‍കുഞ്ഞായതുകൊണ്ടുമാത്രം കാര്യമില്ല. ആണ്‍കുഞ്ഞുങ്ങളില്‍ത്തന്നെ മോഴയും കൊമ്പനുമുണ്ടാകാം. വലിയ കൊമ്പുകളില്ലാത്ത ആണാനകളാണ് പൊതുവെ മോഴ എന്നറിയപ്പെടുന്നത്. ആനക്കുട്ടിയുടെ ചീളയില്‍ നിന്നും കൊമ്പുവളര്‍ന്ന് പുറത്തുവരേണ്ടുന്ന രണ്ടര-മൂന്നുവയസ്സോടെ മാത്രമേ ആണ്‍കുഞ്ഞ് കൊമ്പനോ മോഴയോ എന്ന് തീര്‍ത്തുപറയാന്‍ സാധിക്കൂ.

പുത്തന്‍കുളം ഷാജിയുടെയും ആനയമ്മ ലക്ഷ്മിയുടെയും പ്രാര്‍ഥനപോലെ ശിവന്‍ ഏതായാലും നല്ല ലക്ഷണമൊത്ത ഒരു കൊമ്പന്‍കുട്ടി തന്നെ! അന്യസംസ്ഥാനങ്ങളില്‍ നിന്ന്, ആനകളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണങ്ങളുള്ള ഇക്കാലത്ത് നല്ലൊരു കൊമ്പന്‍കുട്ടിക്ക് ഏതാണ്ട് നാല്പത് ലക്ഷത്തിനടുത്ത് വിലവരും എന്നറിയുമ്പോഴാണ് ആന പ്രസവത്തിന്റെ മൂല്യം ബോധ്യമാവുന്നത്.

പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണമായി അരങ്ങുനിറഞ്ഞ് ആടിയിരുന്ന അമ്മയും മകനും ഏതാനും ആഴ്ച മുമ്പ് പിരിക്കപ്പെട്ടു. നാട്ടില്‍ പിറക്കുന്ന ആനക്കുട്ടികള്‍ക്ക് പൊതുവെ കുറുമ്പ് കൂടുമെന്നാണ് അഭിപ്രായം. എങ്കിലും തന്റെ കുറുമ്പുകള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി അടുത്ത ഉത്സവസീസണ്‍ മുതല്‍നെറ്റിപ്പട്ടം കെട്ടി സ്വന്തംകാലില്‍ അരങ്ങിലെത്താനുള്ള തീവ്രപരിശീലനത്തില്‍ ആണ് തത്സമയം പുത്തന്‍കുളം ശിവന്‍ എന്ന കുറുമ്പന്‍ കുട്ടന്‍.

sreekumararookutty@gmail.com





MathrubhumiMatrimonial