goodnews head

മൊട്ടക്കുന്ന് മുസ്തഫയ്ക്ക് പൊന്നുവിളയും കൃഷിയിടം

Posted on: 28 Oct 2007


പന്തീരാങ്കാവ്: മണ്ണെടുക്കുന്നതിനായി കുന്നായ കുന്നുകളെല്ലാം ജെ.സി.ബി. ആര്‍ത്തിയോടെ ഇടിച്ച് നിരപ്പാക്കുന്ന കാഴ്ചയാണ് നാടെങ്ങും. അതിനിടെ മൊട്ടക്കുന്ന് ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കി വിളവു നേടാനുള്ള ഒരു കര്‍ഷകന്റെ ശ്രമം വിജയം കാണുന്നു. പെരുമണ്ണ പീടികത്തൊടി കെ.ഇ. മുസ്തഫയാണ് പുതിയൊരു വഴിയിലൂടെ സഞ്ചരിക്കുന്നത്.
നാട്ടിലെ കുന്നുകളെല്ലാം ജെ.സി.ബി. കൈകള്‍ കാര്‍ന്നുതിന്നുന്നത് മനസ്സില്‍ തട്ടിയപ്പോഴാണ് കൃഷിയിടമാക്കി മാറ്റാനുള്ള താത്പര്യം ജനിച്ചതെന്ന് മുസ്തഫ പറയുന്നു. കുന്നിന്‍പുറം വിലയ്ക്കുവാങ്ങി കൃഷിതുടങ്ങാനുള്ള തീരുമാനം ആദ്യം കര്‍ഷകരില്‍ പോലും പരിഹാസമുയര്‍ത്തി. എന്നാല്‍ അതൊരു വെല്ലുവിളിയായി മുസ്തഫ ഏറ്റെടുത്തു. ഗള്‍ഫില്‍ ബിസിനസ്സുകാരനായ അദ്ദേഹം അങ്ങനെ വിലകൊടുത്തു വാങ്ങിയ ഏഴ് ഏക്കര്‍ കുന്ന് ഇന്ന് ഹരിതാഭമാണ്. പാഴ്മരങ്ങള്‍ വേരോടെ പിഴുതെടുത്ത് തട്ടുകളാക്കിമാറ്റി കൃഷിക്കനുയോജ്യമാക്കുകയാണ് ആദ്യം ചെയ്തത്.
ഇടവിള കൃഷികള്‍ ആദ്യം തുടങ്ങി. വാഴയും ചേനയും ചേമ്പും ഇഞ്ചിയും മുതല്‍ കൈതച്ചക്ക, കപ്പ, നനക്കിഴങ്ങ്, കാച്ചില്‍, കുരുമുളക്, മഞ്ഞള്‍.... ഒരിഞ്ചുസ്ഥലം പോലും വെറുതെ ഇടുന്നില്ല. ഗള്‍ഫിലെ തിരക്കിനിടയിലും മുസ്തഫ തന്റെ കൃഷിഭൂമിയില്‍ ഇടക്കിടെ ഓടിയെത്താറുണ്ട്. പത്താം വയസ്സില്‍ കഷ്ടപ്പാട് നിറഞ്ഞ കാലത്ത് ബാപ്പയ്‌ക്കൊപ്പം മറ്റുള്ളവരുടെ കൃഷിഭൂമിയില്‍ പണിക്കുപോയിരുന്നത് മുസ്തഫ മറന്നിട്ടില്ല. കൃഷിയോട് അന്നു തുടങ്ങിയതാണ് താത്പര്യം. കൃഷിയിടമാക്കിയ കുന്നിലിപ്പോള്‍ ഇടവിളകള്‍ക്കൊപ്പം തെങ്ങും പ്ലാവും മാവും വീട്ടിയും സമൃദ്ധമായി വളരുന്നുണ്ട്.
മുസ്തഫയുടെ പരിചരണത്തിന് അഞ്ചുവര്‍ഷം തികയുകയാണ്. ജൈവ വളമാണ് ഇവിടെ ഉപയോഗിക്കുന്നത്. പിണ്ണാക്കും ചാണകപ്പൊടിയും വളമായി നല്‍കുന്നു. വാഴത്തടങ്ങളിലും മറ്റും ചകിരിച്ചോറ് ഉപയോഗിച്ച് ഈര്‍പ്പം നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ട്. പെരുമണ്ണ സ്വദേശികളായ മണി, ബിജു, ബാലകൃഷ്ണന്‍ എന്നിവരാണ് മുസ്തഫക്ക് കൃഷിയില്‍ സഹായികള്‍.
ഏഴേക്കര്‍ കുന്നില്‍ 3000 ഞാലിപ്പൂവന്‍ വാഴകളും 1500 ചേനയും 500 പൂവന്‍ വാഴകളും അയ്യായിരത്തോളം കൈതച്ചക്കയും മറ്റു ഇടവിളകളുമുണ്ട്. കുന്നിന്‍പുറം ഇനിയും കിട്ടിയാല്‍ ഔഷധ സസ്യമായ കറ്റാര്‍വാഴകൃഷി ചെയ്യാന്‍ മുസ്തഫക്ക് താല്‍പര്യമുണ്ട്.

 

 




MathrubhumiMatrimonial