
ഏഴ് അമ്മമാരുടെ കൈപിടിച്ച് മുന്‍നിരയിലേക്ക്
Posted on: 08 Mar 2008

മാര്‍ച്ച് 12-ന് തുടങ്ങുന്ന പരീക്ഷയില്‍ ഇവര്‍ ഈ ലക്ഷ്യം നേടുന്നത് നമുക്ക് വഴിയെ കാണാം. എന്നാല്‍, ''പരീക്ഷ എഴുതണം, ജയിക്കണം, ഞങ്ങള്‍ക്കതു സാധിക്കും'' എന്ന് ഈ കുട്ടികള്‍ക്ക് തോന്നിയതും അവര്‍ ധൈര്യപൂര്‍വ്വം അക്കാര്യം പറയുന്നതുമാണ് ഒരു വര്‍ഷമായി നല്കുന്ന പരിശീലനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഡോ. ഗിരിജ പറയുന്നു. ബിഹേവിയറല്‍ മെഡിസിനില്‍ എം.ഫില്‍ എടുത്ത ഈ എംബിബിഎസ് ഡോക്ടര്‍ കുഞ്ഞുങ്ങളുടെ പഠനഭാരം ലഘൂകരിക്കാനും വ്യക്തിത്വ വികസനത്തിനുമായി മുഴുവന്‍ സമയവും മാറ്റിവച്ചിരിക്കയാണ്. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ഇപ്പോള്‍ ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നുണ്ടെന്നു മാത്രം.
തീരെ കുറഞ്ഞ മാര്‍ക്ക് വാങ്ങിയ 30 കുട്ടികളെയാണ് 2007 മാര്‍ച്ചില്‍ സ്‌കൂളില്‍ നിന്ന് 'ചൈല്‍ഡി'ന് കീഴില്‍പരിശീലനത്തിന് വിടുന്നത്. പാസ് മാര്‍ക്ക് കിട്ടിയിരുന്നവര്‍ ഇവരില്‍ 3-4 പേര്‍ മാത്രം. എന്നാല്‍ ഇവരിപ്പോള്‍ 40 മുതല്‍ 60 ശതമാനം വരെ മാര്‍ക്ക് നേടുന്നു. തൃപ്പൂണിത്തുറ ഗവ. ഗേള്‍സിലെ പ്രിന്‍സിപ്പല്‍ ഗിരിജയ്ക്കും, ഈ കുട്ടികളുടെ ചുമതല വഹിച്ച ഫിലോമിന ടീച്ചര്‍ക്കും ഏറെ സന്തോഷം. 'ട്യൂഷന്‍ പോരേ' എന്നു ചോദിച്ച മാതാപിതാക്കളും ഇപ്പോള്‍ സംതൃപ്തര്‍. കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റം തന്നെ ഇതിനു കാരണം. ക്ലാസില്‍ സദാ മറ്റുകുട്ടികളെ തോണ്ടിയും, ചിരിച്ചും, രസിച്ചിരുന്ന പെണ്‍കുട്ടി. ഇപ്പോള്‍ ആളാകെ മാറി. വീട്ടുകാരെ വിട്ട് ക്യാമ്പില്‍ താമസിക്കാനും കൂട്ടുകാരോടൊപ്പം കൂട്ടുകൂടാനും ഒരുക്കം. മോഡല്‍ പരീക്ഷയില്‍ ഒരു വിഷയത്തിനു മാത്രമാണ് പാസ്മാര്‍ക്കിനു താഴെ പോയത്.
അക്ഷരം കൂട്ടി വായിക്കാനോ ചെറിയ കണക്കുകൂട്ടലുകള്‍ നടത്താനോ പോലും പിടിപാടില്ലാത്തവരായിരുന്നു പലരും. ഇവരെ ഉണര്‍ത്തിയെടുത്തത് മന്ത്രവിദ്യകൊണ്ടൊന്നുമായിരുന്നില്ല. അടിസ്ഥാന ഗണിതവും ഭാഷയും ഉറപ്പിക്കല്‍, ഓര്‍മ്മിച്ചുറപ്പിക്കാനുള്ള തന്ത്രങ്ങള്‍, ശാസ്ത്രാഭിമുഖ്യം വളര്‍ത്തല്‍ എന്നിങ്ങനെ അടിത്തറയിട്ടു. ഇതിന് വിദഗ്ദ്ധ രെ പലതവണ ക്ലാസെടുക്കാന്‍ കൊണ്ടുവന്നു. ഇടുക്കിയില്‍ പരിസ്ഥിതി ഊര്‍ജ സംരക്ഷണ ക്യാമ്പ്, തൃശ്ശൂരില്‍ കാര്‍ഷിക ക്യാമ്പ്, കൊച്ചി സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ രണ്ട് ഘട്ടമായി ശാസ്ത്രം കണ്ടറിയല്‍ എന്നിങ്ങനെ ക്രമമായി കുട്ടികളെ ഒരുക്കിയെടുക്കുകയായിരുന്നു.
ഏറെ നാള്‍ കഴിഞ്ഞിട്ടും ചില കുട്ടികള്‍ ഉത്സാഹമില്ലാതെ മടിഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ കാരണമറിയാന്‍ അവരുടെ വീട്ടിലേക്കുപോയി. അത് ചൈല്‍ഡ് പ്രവര്‍ത്തകരുടെ കണ്ണു തുറപ്പിച്ചു. വീട്ടില്‍ അരയ്ക്കു കീഴെ തളര്‍ന്ന അമ്മൂമ്മ, ബുദ്ധിവികാസം കുറഞ്ഞ സഹോദരങ്ങള്‍, അച്ഛനുമമ്മയും പകല്‍ ചെറിയ ജോലികള്‍ക്ക് പോകുമ്പോള്‍ ഈ രണ്ടുപേര്‍ മാത്രമാണ് വീട്ടില്‍. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മനസ്സ് പഠനത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സാധിക്കാത്തതിന് വേറെ കാരണം വേണോ? ഈ വീട്ടില്‍ സഹായമെത്തിക്കുകയാണ് 'ചൈല്‍ഡ്' പിന്നീട് ചെയ്തത്. ക്രമേണ കുട്ടി സന്തോവതിയായി.
ചില കുട്ടികള്‍ക്ക് പ്രശ്‌നം പിതാവിന്റെ മദ്യപാനവും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുമാവും. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ്ങ്. ഇപ്പോള്‍ കുട്ടികള്‍ പരീക്ഷക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിനു മുന്നിലും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നതു കാണുമ്പോള്‍ ചൈല്‍ഡിലെ അമ്മമാര്‍ക്ക് അഭിമാനം. ഡോ. ഗിരിജക്ക് പുറമേ, ദിവ്യ സജികുമാര്‍, സിന്ധു നാരായണന്‍, എസ്. മഞ്ജുള, ഗീതാകുമാരി, പ്രസന്ന വര്‍മ്മ, എം. സുചിത്ര എന്നിവരാണ് ഈ സംഘത്തിലുള്ളത്. കുട്ടികള്‍ക്ക് തികച്ചും സൗജന്യമായി നല്കുന്ന ഈ സഹായത്തിന് ഫണ്ട് നല്കുന്നത് കോഴിക്കോട് ആര്‍ഇസിയിലെ 1985 ബാച്ചില്‍ പഠിച്ചവര്‍. ഒരു എല്‍ഡിസി പ്രൊജക്ടറും ഇവര്‍ ചൈല്‍ഡിന് നല്കിയിട്ടുണ്ട്.
ഇനി കുട്ടികളെ 9-ാം ക്ലാസ്സില്‍ തന്നെ കൂടെക്കൂട്ടാനാണ് 'ചൈല്‍ഡ്' പ്രവര്‍ത്തകരുടെ ലക്ഷ്യം. 9-ാം ക്ലാസില്‍ വ്യക്തിത്വ രൂപവത്കരണം, 10-ാം ക്ലാസില്‍ പഠനനിലവാരം മെച്ചപ്പെടുത്തല്‍.
