Crime News

ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സ് പൂട്ടി; കുഞ്ഞുമായി അമ്മയും മകളും രാത്രി പെരുവഴിയില്‍

Posted on: 16 Sep 2015


കൊല്ലം: മൂന്നുവയസ്സുള്ള കുഞ്ഞിനെയടക്കം അമ്മയെയും മകളെയും മഴയത്ത് പെരുവഴിയിലേക്കിറക്കി വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സ് പൂട്ടി. കയറിക്കിടക്കാന്‍ ഇടമില്ലാതെ രാത്രിയില്‍ ഇവര്‍ മുറ്റത്തിരുന്ന് കരഞ്ഞു. ചിന്നക്കട ടി.ബി. സെന്ററിന് എതിര്‍വശത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ചൊവ്വാഴ്ച ദാരുണമായ സംഭവം നടന്നത്.

രാവിലെ 11 മുതലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മുറ്റത്തേക്ക് വാരിയിട്ട വീട്ടുസാധനങ്ങളെല്ലാം നോക്കി ഇനിയെന്ത് എന്ന ചോദ്യവുമായി കണ്ണീരോടെ നില്‍ക്കുകയാണ് റുക്കിയ നാസിം (51), മകള്‍ സെമിന, പേരക്കുട്ടി ആദില്‍ എന്നിവര്‍.

വാട്ടര്‍ സപ്ലൈ സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് റുക്കിയ പറയുന്നു. റുക്കിയയുടെ ഭര്‍ത്താവ് നാസിമിന്റെ പേരില്‍ അനുവദിച്ചതാണ് ക്വാര്‍ട്ടേഴ്‌സ്. മൂന്നാംകുറ്റി സ്വദേശിയായ നാസിം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് കായംകുളത്ത് വേറെയാണ് താമസം. നാസിം വിരമിച്ചെങ്കിലും റുക്കിയയും മകളും ക്വാര്‍ട്ടേഴ്‌സില്‍ത്തന്നെ താമസിച്ചുവരികയായിരുന്നു. ഇവരെ സംരക്ഷിക്കാനും താമസ സൗകര്യം ഉറപ്പാക്കാനുമുള്ള കോടതി വിധിയുടെ ഉറപ്പിലാണിവിടെ താമസിച്ചിരുന്നത്. 15 വര്‍ഷമായി താമസിക്കുന്ന ഇവിടെനിന്ന് ഇറങ്ങിക്കൊടുക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍, ഒരു അറിയിപ്പും നല്‍കാതെ ഉദ്യോഗസ്ഥര്‍ ഇറക്കിവിടുകയായിരുന്നു എന്ന് റുക്കിയ പറയുന്നു.

ഭര്‍ത്താവ് നാസിം വാട്ടര്‍ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ തങ്ങളെ ഇറക്കിവിടാന്‍ നേരത്തെയും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ കോടതിയുടെ താത്കാലിക ഉത്തരവിലൂടെ തനിക്ക് സംരക്ഷണം ലഭിച്ചെന്നും റുക്കിയ വ്യക്തമാക്കി. റുക്കിയയും നാസിമും തമ്മിലുള്ള കേസിന്റെ വിചാരണ ശനിയാഴ്ചയാണ്. അതിനാല്‍ ഇവിടെനിന്ന് പോകാന്‍ സാധിക്കില്ലെന്നും, തങ്ങള്‍ക്ക് വാടകവീട് നോക്കാനുള്ള സമയം അനുവദിക്കണമെന്നുമാണ് ഇവരുടെ അപേക്ഷ.

നാസിം വിരമിച്ചതിനാല്‍ അനധികൃതമായാണ് റുക്കിയയും കുടുംബവും ഇവിടെ താമസിക്കുന്നതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.

നിവൃത്തിയില്ലാതെ ആര്‍.ഡി.ഒ.യെ സമീപിച്ചപ്പോള്‍ തത്കാലം ഇവിടെത്തന്നെ താമസിക്കാന്‍ നല്‍കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയെന്നും മകള്‍ ആരോപിച്ചു.

അനിശ്ചിതത്വത്തിനൊടുവില്‍ എം.എ.ബേബി എം.എല്‍.എ. ഇടപെട്ട് താമസസൗകര്യം നല്‍കാന്‍ ആവശ്യപ്പെട്ടു. എങ്കിലും സാധനങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്.

അവശ്യമുള്ള സാധനങ്ങള്‍ മാത്രമെടുത്ത് ലോഡ്ജിലേക്ക് മാറണമെന്നും വീട് രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തുമ്പോള്‍ മറ്റുസാധനങ്ങള്‍ എടുക്കാനായി ക്വാര്‍ട്ടേഴ്‌സ് തുറന്നുനല്‍കാം എന്നുമാണ് കിട്ടിയ നിര്‍ദ്ദേശമെന്ന് സെമിന പറഞ്ഞു.

 

 




MathrubhumiMatrimonial