
27 ദിവസമായി ആഹാരം കഴിക്കാതെ ഹീരള്‍ നോമ്പ് നോല്‍ക്കുന്നു; ലോകശാന്തിക്കായി
Posted on: 16 Sep 2015
വി.പി. ശ്രീലന്‍

ജൈനമത വിശ്വാസിയായ ഹീരള്‍ അവരുടെ ഉത്സവമായ 'പരിയൂഷന്‍ പര്‍വ്വി'ന്റെ ഭാഗമായുള്ള ഉപവാസത്തിലാണ്. തുടര്‍ച്ചയായി 30 ദിവസം ഉപവസിച്ച് വിശ്വാസം ദൃഢപ്പെടുത്തുന്ന ഈ 22-കാരി, ഇപ്പോള്‍ കൊച്ചിയിലെ ജൈന സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ബി.കോം. ബിരുദധാരിയാണ് ഹീരള്‍. ഗുജറാത്തി വംശജനും വ്യാപാരിയുമായ ലോഡ്യയുടെയും ജിഗ്നയുടെയും മകളാണ്.
ലോകത്തെ എല്ലാ ജീവജാലങ്ങള്‍ക്കും ശാന്തി ലഭിക്കാനും ജീവിക്കാനുള്ള അവയുടെ അവകാശം നിലനിര്‍ത്താനുമാണ് ഈ യജ്ഞമെന്ന് ഹീരള്‍ പറയുന്നു.
വെള്ളം തിളപ്പിച്ച് അരിച്ചെടുത്ത് പാത്രത്തിലാക്കി ഹീരളിന്റെ മുന്നില്‍ വച്ചിട്ടുണ്ട്. എന്നാല്‍, സൂര്യന്‍ അസ്തമിച്ചാല്‍ ഈ യുവതി വെള്ളംപോലും കുടിക്കില്ല. കഴിഞ്ഞവര്‍ഷം ഉത്സവകാലത്ത് 16 ദിവസം നീളുന്ന ഉപവാസ വ്രതമാണ് ഹീരള്‍ അനുഷ്ഠിച്ചത്.
രാവിലെ കുളിച്ച് ഹീരള്‍ ക്ഷേത്രത്തിലെത്തും. പിന്നീട് വീട്ടിലേക്ക്. വീട്ടില്‍ പ്രത്യേക ഇരിപ്പിടമുണ്ട്. ജൈന സമുദായത്തിന്റെ വിശ്വാസ ഗ്രന്ഥമായ കല്പസൂത്രത്തിന്റെ ശ്ലോകങ്ങള്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കും.
അന്തരീക്ഷത്തിലെ സൂക്ഷ്മജീവിയെപ്പോലും നശിപ്പിക്കുന്ന വിധത്തില്‍ ഒരു പ്രവൃത്തിയും പാടില്ലെന്നാണ് ജൈനമതം അനുശാസിക്കുന്നത്. ഭക്ഷണത്തിന്റെ ഒരു ശകലം പോലും പാഴാക്കരുത്. പാത്രത്തില്‍ ഒന്നും ബാക്കിവയ്ക്കാനും പാടില്ല. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ഭക്ഷണം നല്‍കുന്ന രീതിയും ഈ സമൂഹത്തിലുണ്ട്.
ജൈനരുടെ ഉത്സവാഘോഷത്തിന് ആനയും അമ്പാരിയും വെടിക്കെട്ടും ഘോഷവുമൊന്നുമില്ല. ഇഷ്ടമുള്ളതെല്ലാം ത്യജിച്ചുകൊണ്ടാണ് ആഘോഷം. ഭക്ഷണം ത്യജിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ആഘോഷത്തിന്റെ ഭാഗമായി ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഒരുപാടുപേരുണ്ട്. അതും രുചിയില്ലാത്ത ഭക്ഷണം മാത്രം. 'രുചി'യെ ത്യജിക്കുകയാണവര്‍. എട്ടും പത്തും ദിവസം ഭക്ഷണം കഴിക്കാതെ നോമ്പ് നോല്‍ക്കുന്ന ധാരാളം പേരുണ്ട്.
ഇക്കുറി സംസ്ഥാനത്ത് ജൈന സമൂഹത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ദിവസം വ്രതമനുഷ്ഠിച്ച പെണ്‍കുട്ടി ഹീരളാണ്. 18 ന് വ്രതം പൂര്‍ത്തിയാകും. ഇതുവരെ ഹീരളിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.
ലോകസമൂഹത്തിനു വേണ്ടി നോമ്പ് അനുഷ്ഠിക്കുന്ന ഈ ഗുജറാത്തി യുവതിയെ കാണാന്‍ മട്ടാഞ്ചേരി, ഗുജറാത്തി റോഡിലുള്ള ഇവരുടെ വീട്ടിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്.
