Crime News

എയര്‍ ടിക്കറ്റ് തട്ടിപ്പ്: മില്‍ട്ടന്‍ ഉടമയെ കബളിപ്പിച്ചത് സമര്‍ഥമായി

Posted on: 15 Sep 2015


കൊല്ലം: സൗദിയിലെ കാര്‍ഗോ ആന്‍ഡ് എയര്‍ ടിക്കറ്റ് ബുക്കിങ് ഏജന്‍സി നടത്തുന്ന പ്രവാസിയുടെ 75 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കന്യാകുമാരി ചെമ്പരത്തിവിളയില്‍ കാഞ്ഞങ്ങാട്ടുവിള വീട്ടില്‍ മില്‍ട്ടന്‍ ഉടമയെ കബളിപ്പിച്ചത് സമര്‍ഥമായി.

ഗള്‍ഫിലെ പലരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും കാര്‍ഗോ ആന്‍ഡ് ട്രാവല്‍ ഏജന്‍സി നടത്തിവന്നിരുന്ന നെസ്മ റവാന്‍ എയര്‍ കാര്‍ഗോ ആന്‍ഡ് ട്രാവല്‍സ് ഉടമ കുന്നിക്കോട് സ്വദേശി ഷാജിയുടെ വിശ്വസ്തനായി നിന്നാണിയാള്‍ ഇത്രകാലവും തട്ടിപ്പ് നടത്തിയത്.
ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ വിസ കാലാവധിയുടെ അവസാനം ഗള്‍ഫില്‍ പോകാനുള്ളവരും പഠനസംബന്ധമായി യാത്രചെയ്യാനുള്ള കുട്ടികളും മറ്റും ഉള്‍െപ്പടുന്നു. ഇന്റര്‍നെറ്റ് വഴി നടക്കുന്ന ബുക്കിങ്ങില്‍ ടിക്കറ്റിന്റെ പ്രിന്റ് ആണ് യാത്രയ്ക്കായി നല്‍കുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു എന്നുള്ള ധാരണയില്‍ പ്രതിയില്‍നിന്നും ഒരു പ്രിന്റ് വാങ്ങി യാത്രക്കാര്‍ പോകും. തുടര്‍ന്ന് വിമാനത്താവളത്തില്‍ ലഗേജ് ക്ലിയറന്‍സ് കഴിഞ്ഞതിനുശേഷം ടിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ മാത്രമാണ് തട്ടിപ്പ് അറിയുന്നത്.
കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൊല്ലം അസി. പോലീസ് കമ്മിഷണര്‍ എം.എസ്.സന്തോഷ്, കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷെറീഫ്, എസ്.ഐ. യു.പി.വിപിന്‍കുമാര്‍, അഡിഷണല്‍ എസ്.ഐ. സാബു, എസ്.ഐ. രാജന്‍ലാല്‍, എ.എസ്.ഐ. അശോകന്‍, എസ്.സി.പി.ഒ. രാജ്‌മോഹന്‍, ഷാഡോ പോലീസ് അംഗങ്ങളായ ജോസ് പ്രകാശ്, ഹരി എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.

 

 




MathrubhumiMatrimonial