
എ.ടി.എം. കവര്‍ച്ച: ഏഴുപേര്‍ അറസ്റ്റില്‍; 16 ലക്ഷം കണ്ടെടുത്തു
Posted on: 13 Sep 2015

തൃശ്ശൂര്‍: വെളിയന്നൂരില്‍ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു ലക്ഷത്തോളം രൂപ കണ്ടെടുത്തു. ബാക്കി തുക എവിടെയാണെന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ കണ്ടെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.ജി. സൈമണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇനി ഈ കേസില്‍ ഒരാള്‍ മാത്രമാണ് പിടിയിലാകാനുള്ളത്.
ചേര്‍പ്പ് നെന്‍മണിക്കര മേത്താലത്ത് വീട്ടില്‍ നിഖില്‍ രാജ്(23), ഊരകം കിസാന്‍ കോര്‍ണറില്‍ വിളങ്ങോട്ടു പറമ്പില്‍ രാഹുല്‍ (24), ചേര്‍പ്പ് ചേനം ഇളയവരമ്പത്ത് അജയ് കുമാര്‍(24), ചേര്‍പ്പ് ഇഞ്ചോട്ടിക്കാരന്‍ മേജോ (24), ഊരകം വാര്യത്തു പറമ്പില്‍ സജിത്ത്(30), പാലയ്ക്കല്‍ കരിയില്‍ വീട്ടില്‍ ബിനോജ്(30), വെങ്ങിണിശ്ശേരി കല്ലഴി വീട്ടില്‍ സുര്‍ജിത്ത്(31) എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ നിഖില്‍രാജ് എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ബ്രിങ്ക്‌സ് ആര്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. സപ്തംബര്‍ രണ്ടിന് സുരക്ഷാകോഡ് ഉപയോഗിച്ചാണ് 26,02,800 രൂപ കവര്‍ന്നത്. സപ്തംബര്‍ 9നാണ് മോഷണവിവരം പുറംലോകമറിയുന്നത്.
മോഷ്ടിച്ച പണം ഇവര്‍ പല സ്ഥലത്തായാണ് സൂക്ഷിച്ചുവെച്ചിരുന്നത്. ഇതിന്റെ പ്രധാന പങ്ക് വെങ്ങിണിശ്ശേരിയിലെ അലമാര നിര്‍മ്മാണ സ്ഥാപനത്തിലെ അലമാരയില്‍നിന്നാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലും പണം ആണെന്നു പറയാതെ സൂക്ഷിക്കാന്‍ നല്‍കി. പത്തനംതിട്ടയിലും മറ്റും സൂക്ഷിച്ചുവെന്ന് പ്രതികള്‍ പറയുന്ന പണംകൂടി കിട്ടാനുണ്ട്.
അജയ്, മേജോ, സജിത്ത് എന്നിവരുമായി ആലോചിച്ച ശേഷം പിടിയിലാകാനുള്ള പ്രതിയും നിഖിലും രാഹുലും കൂടി വെളിയന്നൂരില്‍ എത്തുകയായിരുന്നു. എ.ടി.എമ്മിലെ പണം അടങ്ങുന്ന മൂന്ന് ട്രേകള്‍ ബൈക്കില്‍ വച്ച് ഊരകത്തുള്ള രാഹുലിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഏഴുലക്ഷം രൂപ രാഹുല്‍ നിഖിലിനു കൈമാറി. ബാക്കി തുക പലയിടത്തായി ഒളിപ്പിച്ചുവെച്ചു. തുടര്‍ന്ന് ബെംഗളൂരു, സേലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഇവര്‍ ഒളിച്ചു താമസിക്കുകയായിരുന്നു. എ.ടി.എമ്മിലെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് പോലീസ് പ്രതികളെ പിടികൂടിയത്.
