Crime News

ആനവേട്ട പ്രതിപ്പട്ടികയില്‍ ആറ് പേര്‍ കൂടി

Posted on: 12 Sep 2015


കോതമംഗലം: ആനവേട്ട കേസില്‍ വനംവകുപ്പ് പുതിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. അന്തസ്സംസ്ഥാന പ്രതികള്‍ ഉള്‍പ്പെടെ ആറ് പേരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപ്പട്ടിക. ഇതോടെ പ്രതികളുടെ എണ്ണം 46 ആകും. ഇതുവരെ 40 പ്രതികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവരില്‍ 31 പ്രതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശികളായ പ്രമുഖ വ്യവസായി ഈഗിള്‍ രാജന്‍, വഞ്ചിയൂര്‍ സുധാകരന്‍, മുംബൈ സ്വദേശി ബോംബെ പൈ, ഡല്‍ഹി സ്വദേശി മഹേഷ് അഗര്‍വാള്‍, സിന്ധു എന്ന കൊല്‍ക്കത്ത തങ്കച്ചിയുടെ ഭര്‍ത്താവ് സുധി, മകന്‍ അജീഷ് എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കൊല്‍ക്കത്ത തങ്കച്ചിയെ നേരത്തെ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരെല്ലാം തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റുമായി അടുത്ത ബന്ധമുള്ളവരാണ്. അജിയില്‍ നിന്ന് ആനക്കൊമ്പ് ഉത്പന്നങ്ങള്‍ വാങ്ങി കരകൗശല വസ്തുക്കളുടെ മറവില്‍ വില്പന നടത്തുകയാണ് പ്രതികളെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അജി ബ്രൈറ്റ് ഇ-മെയില്‍ മുഖേനയാണ് ആനക്കൊമ്പ് ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇ-മെയില്‍ പരിശോധനയിലൂടെയാണ് അജിയുടെ അന്തസ്സംസ്ഥാന, രാജ്യാന്തര ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരം സ്ഥിരീകരിക്കാനായിട്ടുള്ളത്.

കുറ്റപത്രത്തില്‍ പ്രതികള്‍ കുറയാനും സാധ്യത
കോതമംഗലം:
ആനവേട്ട കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ എണ്ണം കുറയാനും സാധ്യത. ഇപ്പോഴത്തെ കണക്കില്‍ 46 പേരാണ് പ്രതിപ്പട്ടികിയിലുള്ളത്. ആനവേട്ടയിലും കൊമ്പ് വില്പനയിലുമെല്ലാം സഹായികളാകുകയും പരോക്ഷമായി പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ചിലരെയാണ് പ്രതിസ്ഥാനത്തുനിന്ന് നീക്കുന്നത്. കോടതിയില്‍ നിലനില്‍ക്കില്ലാത്ത ദുര്‍ബലമായ തെളിവുകളാണ് ഇവര്‍ക്കെതിരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുള്ളത്. ഈ തെളിവുകള്‍ കുറ്റപത്രം നല്‍കാന്‍ മാത്രം പോന്നതല്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കേസിന്റെ നിലനില്‍പ്പിനും ചെറിയ കണ്ണികളെ ഒഴിവാക്കേണ്ടത് ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണവും തെളിവെടുപ്പും തുടരുന്നതിനാല്‍ കുറ്റപത്രം തയ്യാറാക്കുന്നതും വൈകുകയാണ്. തൊണ്ടി സാധനങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കുറ്റപത്രം തയ്യാറാക്കുന്നതിന് മുമ്പ് അന്വേഷണ സംഘത്തിന് ലഭിക്കേണ്ടതുണ്ട്. പ്രതിപ്പട്ടികയിലുള്ള അന്യസംസ്ഥാനക്കാരായ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ടെന്നാണ് അറിയുന്നത്. ഇവരെ കൊല്‍ക്കത്തയിലും മുംബൈയിലും പോയി അറസ്റ്റ് ചെയ്യാന്‍ കേരള വനം വകുപ്പിന്റെ അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടാകും. കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാനക്കാരെ പുറത്തുനിര്‍ത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.

 

 




MathrubhumiMatrimonial