Crime News

ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ്; മൂന്നു പേര്‍ അറസ്റ്റില്‍

Posted on: 12 Sep 2015


ാജപുരം: സര്‍ക്കാര്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. ചായ്യോത്ത് കണിലേടം അഷറഫ് എന്ന ജെയ്‌സണ്‍ (40), ഏഴാംമൈല്‍ കായലടുക്കം മുഹമ്മദ് കുഞ്ഞി എന്ന മമ്മൂഞ്ഞി (52), കൊന്നക്കാട് മുട്ടോംകടവ് ഷിജുജോസഫ് (28) എന്നിവരെയാണ് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷിന്റെ കീഴിലുള്ള ക്രൈംസ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാണത്തൂരിലെ മോഹനന്‍ എന്ന ആള്‍ നടത്തുന്ന സായി ലോട്ടറി സ്റ്റാളിലെത്തിയ ഇവര്‍ നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി പണം കൈക്കലാക്കി. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മാറാനായി കാഞ്ഞങ്ങാട് ലോട്ടറി സ്റ്റാളില്‍ പരിശോധിച്ചപ്പോഴാണ് നമ്പര്‍ തിരുത്തിയ ലോട്ടറിയാണെന്ന് അറിയുന്നത്. കഴിഞ്ഞ നാലിന് നറുക്കെടുത്ത കേരള സര്‍ക്കാറിന്റെ ഭാഗ്യ നിധി ടിക്കറ്റുകളാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. ഏഴ് സീരീസുകളിലുള്ള 949826 എന്ന നമ്പറിലുള്ള ഏഴ് ലോട്ടറി ടിക്കറ്റുകളാണിവ. ഇതിലെ അവസാന രണ്ട് അക്കങ്ങളായ 26 മാറ്റി 62 ആക്കിയായിരുന്നു തട്ടിപ്പ്. ഇരുട്ട് മുറിയില്‍ പ്രത്യേക രാസമിശ്രിതം ചേര്‍ത്ത് യഥാര്‍ഥ നമ്പര്‍ മായിച്ചശേഷം ഇവിടെ സമ്മാനാര്‍ഹമായ നമ്പര്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്യുകയായിരുന്നു. 7000 രൂപയാണ് മോഹനനില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഇയാളുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടുന്ന സംഘമാണ് പിടിയിലായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ നാലു വര്‍ഷമായി സംഘം ലോട്ടറി തട്ടിപ്പ് നടത്തുന്നതായി കരുതുന്നു. രാജപുരം എസ്.ഐ. രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ. വിജയന്‍, ജയചന്ദ്രന്‍, വി.കെ. സുരേഷ്, പി.കെ. രഞ്ജിത്ത്, രഞ്ജിത്ത് കൊല്ലിക്കാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial