
എ.ടി.എം. കവര്‍ച്ച: രഹസ്യ നമ്പര്‍ കൈമാറിയത് 12 പേര്‍ക്ക്
Posted on: 11 Sep 2015

തൃശ്ശൂര്‍: നഗരമധ്യത്തിലെ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ച നടന്ന എസ്.ബി.ഐ. എ.ടി.എമ്മിന്റെ രഹസ്യ കോഡ് കൈമാറിയത് പന്ത്രണ്ടു പേര്‍ക്കാണെന്ന് വ്യക്തമായിട്ടുണ്ട്. എ.ടി.എമ്മുകളില്‍ പണംനിറയ്ക്കുന്ന 'ബ്രിങ്ക് ആര്യ' എന്ന സ്വകാര്യ കമ്പനി ജീവനക്കാരില്‍ പലരെയും പോലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തു. ബാങ്ക് ജീവനക്കാരില്‍ ചിലരും നിരീക്ഷണത്തിലാണ്.
പണം എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ എത്തുന്ന ജീവനക്കാരില്‍ മൂന്നുപേരെ വളരെ സമയമെടുത്താണ് ചോദ്യം ചെയ്തത്. രഹസ്യ കോഡ് അറിയാവുന്ന പന്ത്രണ്ടുപേരുടെയും വ്യക്തിവിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. ചിലരെ വ്യാഴാഴ്ചതന്നെ കസ്റ്റഡിയില്‍ എടുക്കുമെന്ന് സൂചനയുണ്ടായിരുന്നു.
എ.ടി.എം. യന്ത്രത്തിന്റെ രഹസ്യ നമ്പര്‍ 12 പേര്‍ക്ക് അറിയാമായിരുന്നുവെന്നകാര്യം ബാങ്കിങ് മേഖല ഞെട്ടലോടെയാണ് കാണുന്നത്. ബാങ്കുകള്‍ നേരിട്ട് എ.ടി.എം. നടത്തിയിരുന്ന സമയത്ത് ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഭാഗികമായി ഇത് അറിയുമായിരുന്നുള്ളൂ. ഒരാള്‍ക്കറിയാവുന്ന ഭാഗം അപരന് കൈമാറുകയുമില്ലായിരുന്നു. ഈ സ്ഥിതിയില്‍നിന്നാണ് പന്ത്രണ്ടുപേര്‍ക്ക് കോഡ് അറിയാമെന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്.
'ബ്രിങ്ക് ആര്യ' എന്ന സ്വകാര്യ ഏജന്‍സിയാണ് പല മികച്ച ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ കൈകാര്യം ചെയ്യുന്നത്. പണം നിറയ്ക്കാനായി അനുമതി വാങ്ങിക്കുന്ന ഇത്തരം വലിയ ഏജന്‍സികള്‍ മറ്റു ചെറു ഏജന്‍സികളെ ഇതിനായി നിയോഗിക്കുന്ന രീതിയും ഉണ്ട്. ഏജന്‍സികള്‍ വരുത്തുന്ന വീഴ്ചകളിലൂടെ ബാങ്കുകളുടെ വിശ്വാസ്യതയാണ് തകരുന്നത്. സപ്തംബര്‍ 2ന് നടന്ന വന്‍ മോഷണം ഒരാഴ്ചയ്ക്കു ശേഷം കമ്പ്യൂട്ടര്‍ തകരാറ് നേരെയാക്കാന്‍ അധികൃതര്‍ എത്തിയപ്പോള്‍ മാത്രമാണ് പുറംലോകം അറിഞ്ഞത്. മാസത്തിലൊരിക്കല്‍ മാറ്റുന്ന നമ്പര്‍കോഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ഇതാണ് പന്ത്രണ്ടുപേര്‍ക്ക് കൈമാറ്റം ചെയ്തതും.
