Crime News

കുട്‌ലു ബാങ്ക് കവര്‍ച്ച: പ്രതിയുടെ രേഖാ ചിത്രം പുറത്ത്‌

Posted on: 10 Sep 2015


കാസര്‍ക്കോട്: എരിയാലില്‍ സ്ഥിതിചെയ്യുന്ന കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. കൊള്ള സംഘത്തെ നേരിട്ടു കണ്ട ഒരു പെയിന്റ് തൊഴിലാളി നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്. കവര്‍ച്ച സംഘം ബാങ്കില്‍ നിന്നും മടങ്ങുമ്പോള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ പെയ്റ്റ് ചെയ്യുകയായിരുന്ന തൊഴിലാളി കവര്‍ച്ചാ സംഘത്തെ നേരിട്ടു കണ്ടിരുന്നു.

ബാങ്കില്‍ നിന്നും കവര്‍ച്ച സംഘം പോയ വഴിയില്‍ നിന്ന് പോലീസ് ഒരു മാലയും കണ്ടെടുത്തു. പോകുന്നതിനിടെ കവര്‍ച്ചാ സംഘത്തിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടതാവാം മാലയെന്നാണ് കരുതുന്നത്. അതിനിടെ കേസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒരാള്‍ പോലീസിന് ഫോണ്‍ ചെയ്തു. പാരിതോഷികം ആവശ്യപ്പെട്ടാണത്രെ പോലീസിന് അജ്ഞാത ഫോണ്‍ കോള്‍ വന്നത്.

കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. ബാങ്കിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഇയാള്‍ കവര്‍ച്ചക്കാരുടെ സഹായിയാണെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും അറിയാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബാങ്കില്‍ കവര്‍ച്ചാ സംഘം ജീവനക്കാരെ ബന്ദികളാക്കി 13 ലക്ഷം രൂപയും 20 കിലോ സ്വര്‍ണവും കവര്‍ന്നത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച ഒരു ബാങ്ക് ജീവനക്കാരിയെ അക്രമികള്‍ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. ദേശീയപാതയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്കില്‍ പട്ടാപകലായിരുന്ന കവര്‍ച്ച. ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ബാങ്കില്‍ ഇടപാടിനായെത്തിയവരുടെ സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നെടുത്തു.

 

 




MathrubhumiMatrimonial