
എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം കവര്‍ന്നു
Posted on: 10 Sep 2015

തൃശ്ശൂര്‍: സുരക്ഷാ കോഡ് ഉപയോഗിച്ച് എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍നിന്ന് 26,02,800 രൂപ കവര്‍ന്നു. കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കി, യന്ത്രം തുറന്ന് നടത്തിയ വന്‍ കവര്‍ച്ച ഒരാഴ്ച കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനും ശക്തന്‍ സ്റ്റാന്‍ഡിനുമിടയ്ക്ക് വെളിയന്നൂരിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മിലാണ് സപ്തംമ്പര്‍ രണ്ടിന് മോഷണം നടന്നത്.
മാസത്തിലൊരിക്കല്‍ അധികൃതര്‍ മാറ്റുന്ന കോഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയത്. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.കേടായ യന്ത്രം നന്നാക്കാനായി ബുധനാഴ്ച ആളെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. രണ്ടിന് രാത്രി 11 മണിയോടെ ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ ഇവിടെ നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. രണ്ട് പാസ്വേഡുകളാണ് ഇതിനുള്ളത്. ഇതില്‍ ഒന്ന് യന്ത്രത്തിനു സമീപം തന്നെയാണ് സൂക്ഷിക്കുന്നത്. മറ്റൊന്ന് ആറ് അക്കങ്ങളുള്ള കോമ്പിനേഷന്‍ ലോക്കാണ്. ഇതറിയാവുന്നവരാണ് കവര്‍ച്ച നടത്തിയത്.
സ്വകാര്യ ഏജന്‍സിയാണ് എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നത്. ഇവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സപ്തംമ്പര്‍ ഒന്നിന് ഈ എ.ടി.എമ്മില്‍ മുപ്പത് ലക്ഷം രൂപ നിറച്ചിരുന്നു. ഇതില്‍ നാല് ലക്ഷത്തോളം മാത്രമാണ് കാര്‍ഡ് വഴി ഇടപാടുകാര്‍ എടുത്തത്. ബാക്കി തുകയാണ് മോഷണം പോയത്. എ.ടി.എം. യന്ത്രത്തില്‍ പണം സൂക്ഷിക്കുന്ന രണ്ട് ട്രേകള്‍ ഉള്‍പ്പെടെയാണ് മോഷണം. കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കിയ ശേഷമുള്ള മോഷണമായതിനാല്‍ എ.ടി.എമ്മിനുള്ളിലെ കാമറയില്‍ ഇതു പതിഞ്ഞിട്ടില്ല.
