Crime News

സദാചാര ഗുണ്ടായിസം; കണ്ണൂരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Posted on: 09 Sep 2015


കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരു സമുദായത്തില്‍ പെട്ട വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11.30- ഓടെ കണ്ണൂര്‍ എസ്.ബി.ഐ. പ്രധാന ശാഖാ പരിസരത്താണ് സംഭവം.

ചാലാട് കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ മുഅമ്മദ് സജീര്‍ (27), എളയാവൂര്‍ വാണിദാസ് റോഡിലെ പി. മുഷ്താഖ് (25), മുണ്ടേരി പടന്നോട്ട് മുള്ളിക്കാട് പി. അഹമ്മദ് (56) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട കണ്ടാലറിയാവുന്ന മൂന്നു പേര്‍ രക്ഷപ്പെട്ടു. വലിയന്നൂര്‍ സ്വദേശിയായ കണ്ണൂര്‍ ഐ.എഫ്.ഡി. കാമ്പസിലെ അവസാനവര്‍ഷ ജേണലിസം വിദ്യാര്‍ഥി പി. അഭിന്‍ നല്‍കിയ പരാതിപ്രകാരമാണ് നടപടി. ശനിയാഴ്ച കോളേജില്‍ നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലിന്റെ ആവശ്യത്തിന് വിദ്യാര്‍ഥികള്‍ക്ക് ധരിക്കാനുള്ള ടീ ഷര്‍ട്ടിന്റെ പണം അടയ്ക്കാന്‍ ബാങ്കിലെത്തിയതായിരുന്നു അഭിനും സഹപാഠിയായ വിദ്യാര്‍ഥിനിയും. പണമടച്ച് തിരികെ ബൈക്കില്‍ കയറി പോകുന്നതിനിടെയാണ് പച്ച ഓട്ടോടാക്‌സിയിലെത്തിയ സംഘം തടഞ്ഞത്. ആദ്യം ഇരുവരുടെയും പേരു ചോദിച്ചു. പേരു പറഞ്ഞപ്പോള്‍ ഇനി പെണ്‍കുട്ടിക്കൊപ്പം നടന്നാല്‍ കൊല്ലുമെന്ന് അഭിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാട്ടുകാര്‍ കൂടിയതോടെ സംഭവം വിവാദമായി. ആരോ പോലീസിനെ അറിയിച്ചു. തങ്ങള്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കപ്പെട്ട നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പോലീസ് മൂന്നുപേരെ പിടികൂടിയത്. ഓടി രക്ഷപ്പെട്ടവരെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial