
ബെംഗളൂരു വിമാനത്താവളത്തിലെ വ്യാജബോംബ് ഭീഷണിക്കു പിന്നില്‍ മലയാളി
Posted on: 07 Sep 2015
ലക്ഷ്യം സുഹൃത്തിനെ കേസില്‍ കുടുക്കി ഭാര്യയെ സ്വന്തമാക്കല്‍
ബെംഗളൂരു: അയല്‍വാസിയായ സുഹൃത്തിനെ കേസില്‍ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജ ഫോണ്‍ സന്ദേശമയച്ച മലയാളിയെ പോലീസ് പിടികൂടി. ബെംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ ഐ.ടി. കമ്പനി ജീവനക്കാരനായ എം.ജെ. ഗോകുലാണ് പിടിയിലായത്. സുഹൃത്തിന്റെ ചിത്രവും തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച് സിം വാങ്ങിയശേഷം അതില്‍നിന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് വാട്ട്‌സ് ആപ്പ് വഴി ഭീഷണിസന്ദേശമയക്കുകയായിരുന്നു. സ്വന്തം ഭാര്യയെ ജൂണ്‍ മാസത്തില്‍ കൊലപ്പെടുത്തിയതായും ഗോകുല്‍ പോലീസിനോട് സമ്മതിച്ചു.
ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് ഭീഷണിസന്ദേശമെത്തിയത്. മൂന്നു വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സുരക്ഷാ പരിശോധനകള്‍ക്കായി ആറു വിമാനസര്‍വീസുകള്‍ വൈകിച്ചു.
നിരവധി യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങി. ഇതിനിടെ സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് സന്ദേശം വന്നതെന്നും ഐ.ടി. കമ്പനി ജീവനക്കാരനായ ഒരാളുടെപേരിലാണ് മൊബൈലെന്നും കണ്ടെത്തി.
ഇയാളെ പിടികൂടിയെങ്കിലും സിം കാര്‍ഡ് കണ്ടെത്താനായില്ല. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് ഗോകുലിന്റെ പക്കല്‍നിന്ന് സിംകാഡ് പിടിച്ചത്. അയല്‍വാസിയുടെ ഭാര്യയെ താന്‍ പ്രണയിച്ചിരുന്നുവെന്നും അയല്‍വാസിയെ ജയിലിലാക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഗോകുല്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ചിത്രവും കിട്ടിയതെങ്ങനെയാണെന്നുള്ളത് പോലീസ് അന്വേഷിച്ചുവരികയാണ്. കോടതി ഗോകുലിനെ റിമാന്‍ഡ് ചെയ്തു.
