Crime News

വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അന്വേഷണം ആരംഭിച്ചു

Posted on: 06 Sep 2015


ചങ്ങനാശ്ശേരി: അമേരിക്ക, ഇംഗ്ലണ്ട്, ദുബായ് എന്നീ രാജ്യങ്ങളില്‍നിന്ന് എല്ലാമാസവും എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തിട്ട് തിരികെ നല്‍കിയില്ലെന്നു പരാതി. വാഹനങ്ങള്‍ തിരികെ നല്‍കുകയോ വാടക യഥാസമയം നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ്, ചങ്ങനാശ്ശേരി പുഴവാത് പാഴുകുന്നില്‍ എസ്.ഹാഷിം ചങ്ങനാശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സീപോര്‍ട്ട് ട്രാവല്‍സിന്റെ ഉടമയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഹാഷിമിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം പതിനഞ്ചോളം വാഹനം വാടകയ്‌ക്കെടുത്തത്. വാഹനങ്ങളുടെ വാടക നല്‍കുന്നതില്‍ വീഴ്ചവരുത്തിയത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു മനസ്സിലാവുന്നത്.
മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടുമുറിയില്‍ പ്രീതി മാത്യു, ആലുവ തോട്ടമുഖം സെയ്ത് അഹമ്മദ് തങ്ങള്‍, എറണാകുളം കലൂര്‍ സ്വദേശി അഷ്‌റഫ് എന്നിവര്‍ചേര്‍ന്ന് തട്ടിപ്പു നടത്തിയതായാണ് പരാതി നല്‍കിയത്. വാഹനങ്ങള്‍ തിരികെ വേണമെന്നാവശ്യപ്പെട്ട സമയത്ത് പ്രതികളും ഗുണ്ടകളുംചേര്‍ന്ന് കൈയേറ്റം നടത്തിയെന്നും പരാതിയിലുണ്ട്.
ഇതിനിടെ, അഷ്‌റഫിന്റെ സഹായത്തോടെ പ്രീതിയും സെയ്തും ചേര്‍ന്ന്, വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ ഉടമകളുടെ അനുവാദമില്ലാതെ പലസ്ഥലങ്ങളില്‍ പണയംെവച്ച് ലക്ഷങ്ങള്‍ കൈപ്പറ്റി.
പോലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കി ഒരുമാസത്തിലധികമായിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ഹാഷിം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം ചങ്ങനാശ്ശേരി പോലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 




MathrubhumiMatrimonial