Crime News

ഐ.എസ്. ബന്ധം: യു.എ.ഇ. മടക്കിയയച്ച മലയാളികളെ കേന്ദ്രസംഘം ചോദ്യം ചെയ്തു

Posted on: 06 Sep 2015


തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധം സംശയിച്ച് യു.എ.ഇ. മടക്കിയയച്ച രണ്ടു മലയാളികളെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിശദമായി ചോദ്യംചെയ്തു. ഒരാഴ്ച മുമ്പാണ് മലപ്പുറം സ്വദേശികളായ രണ്ടുപേരെ യു.എ.ഇ. കേരളത്തിലേക്ക് മടക്കിയയച്ചത്. ഇവരുടെ ഐ.എസ്. ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.
ഇവരെ മടക്കിയയക്കുന്ന വിവരം യു.എ.ഇ. അധികൃതര്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ അറിയിച്ചിരുന്നു. ഒരാള്‍ കൊച്ചിയിലും ഒരാള്‍ കോഴിക്കോട്ടുമാണ് വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെവെച്ചുതന്നെ വിശദമായി ചോദ്യം ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

മലപ്പുറം തിരുനാവായ സ്വദേശി ജാബിറിനേയും (22) മറ്റൊരു യുവാവിനേയുമാണ് യു.എ.ഇ. മടക്കിയയച്ചത്. ഇന്റലിജന്‍സ് ബ്യൂറോ, സംസ്ഥാന ഇന്റലിജന്‍സ് എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ഇവരെ ചോദ്യം ചെയ്തത്. വീടുകളിലെത്തിയ ശേഷം ഇവരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ ഇടപെടലുകളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയത്. ഗള്‍ഫ് നാടുകളില്‍ നവമാധ്യമങ്ങള്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘടനയായ ഐ.എസുമായി അനുഭാവം ഉണ്ടെന്ന് സംശയിക്കുന്നവരെ ഉടന്‍ സ്വന്തം നാടുകളിലേക്ക് മടക്കി അയയ്ക്കുകയോ ജയിലിലടയ്ക്കുകയോ ആണ് യു.എ.ഇ. പോലുള്ള രാജ്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സൈബര്‍ ഫോറന്‍സിക് യൂണിറ്റും ഇപ്പോള്‍ ഐ.എസ്. അനുഭാവമുള്ള ഇന്ത്യക്കാരെ കണ്ടെത്താന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഗള്‍ഫില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ സിറിയയില്‍ രണ്ടു മലയാളികള്‍ കടന്ന വിവരം കേരളാ പോലീസ് മാസങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ അബു താഹിറായിരുന്നു ഇതിലൊരാള്‍. ഐ.എസ്. ബന്ധം സംശയിച്ച് ഗള്‍ഫ് നാടുകളിലെ ജയിലില്‍ കഴിയുന്നവരില്‍ മലയാളികള്‍ ഉണ്ടാകാനുള്ള സാധ്യത സംസ്ഥാന ഇന്റലിജന്‍സ് അധികൃതര്‍ തള്ളിക്കളയുന്നില്ല.

 

 




MathrubhumiMatrimonial