goodnews head

ഇടമലക്കുടിയില്‍ അറിവിന്റെ വെളിച്ചം തെളിച്ച് വിജയലക്ഷ്മി ടീച്ചര്‍

Posted on: 05 Sep 2015


മൂന്നാര്‍: കൊടുംകാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഇടമലക്കുടിയില്‍ 18 വര്‍ഷമായി അധ്യാപനം നടത്തുന്ന വിജയലക്ഷ്മി ടീച്ചര്‍ നാടിന് മാതൃകയാകുന്നു.അടിമാലി കത്തിപ്പാറ സ്വദേശിനി വിജയലക്ഷ്മി (39)യാണ് ആദിവാസി കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ഭര്‍ത്താവിനെയും മക്കളെയും വിട്ട്, സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ ശമ്പളത്തില്‍ വനത്തിനുള്ളിലെ ഏകാധ്യാപക സ്‌കൂളില്‍ ജോലിചെയ്യുന്നത്.

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡ്ഡലിപ്പാറയിലെ ഏകാധ്യാപക സ്‌കൂളിലെ അധ്യാപികയാണ് വിജയലക്ഷ്മി. സ്‌കൂളിന് സമീപത്തായി ആദിവാസികള്‍ പുല്ലുകൊണ്ട് മേഞ്ഞുകൊടുത്ത ഷെഡ്ഡിലാണ് ടീച്ചര്‍ വര്‍ഷങ്ങളായി കഴിഞ്ഞുവരുന്നത്. കുടിയില്‍നിന്നുള്ള 35 കുട്ടികള്‍ക്ക് ടീച്ചറാണ് അക്ഷരവെളിച്ചം പകര്‍ന്നുകൊടുക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന 4000 രൂപയാണ് ഇവരുടെ വരുമാനം. ഭര്‍ത്താവ് രാജു വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായി വര്‍ഷങ്ങളായി ജോലിചെയ്തുവരികയാണ്. കാടിനുള്ളില്‍, ഒന്ന് ഫോണ്‍ചെയ്യാന്‍പോലും കഴിയാതെ വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ഭയന്ന് കഴിയുന്ന ടീച്ചറുടെ ദുരവസ്ഥകണ്ട് മനമലിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏതാനും മാസംമുമ്പ് രാജുവിനെ ഇഡ്ഡലിപ്പാറയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ടീച്ചറിന് കൂട്ടായി ഭര്‍ത്താവെത്തിയപ്പോള്‍ അടിമാലിയിലെ വീട്ടിലുള്ള വിദ്യാര്‍ഥികളായ മക്കള്‍ രണ്ടുേപരും തനിച്ചായി. രണ്ട് മാസം കൂടുമ്പോള്‍ മാത്രമാണ് ടീച്ചര്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയുന്നത്. 18 കിലോമീറ്റര്‍ ദൂരം വനത്തില്‍കൂടി കാല്‍നടയായി സഞ്ചരിച്ച് രാജമല പെട്ടിമുടിയിലെത്തിയശേഷം വാഹനത്തില്‍ കയറിവേണം മൂന്നാറിലെത്താന്‍.

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോഴും വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസി കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കുന്ന ഈ അധ്യാപകരെ, ഈ അധ്യാപക ദിനത്തിലെങ്കിലും സര്‍ക്കാര്‍ ഓര്‍ത്തിരുന്നെങ്കില്‍ എന്നാണ് വിജയലക്ഷ്മി ടീച്ചറുടെ പ്രാര്‍ഥന.

 

 




MathrubhumiMatrimonial