Crime News

മകനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Posted on: 04 Sep 2015


വള്ളികുന്നം: മകനെ മര്‍ദിച്ച സംഭവത്തില്‍ കേസ്സെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് വൃദ്ധമാതാപിതാക്കള്‍ വള്ളികുന്നം പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വള്ളികുന്നം കടുവിനാല്‍ കുറ്റിപ്പുറത്ത് വിളയില്‍ വികലാംഗനായ കരുണാകരന്‍(85), ഭാര്യ ജഗദമ്മ(78) എന്നിവരാണ് വ്യാഴാഴ്ച രാവിലെ പോലീസ് സ്‌റ്റേഷന്റെ വാതില്‍ക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ഇവരുടെ മകന്‍ ഉദയനെ(42) കഴിഞ്ഞ മാസം 26ന് രാത്രി പള്ളിക്കത്തറ ജങ്ഷന് സമീപം വച്ച് അഞ്ചംഗസംഘം ക്രൂരമായി മര്‍ദിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമണം സംബന്ധിച്ച് 27ന് വള്ളികുന്നം സ്‌റ്റേഷനില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് ആസ്പത്രിയിലെത്തി ഉദയന്റെ മൊഴിയെടുത്തില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും പരിക്കേറ്റ ഉദയന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായതാണ് മൊഴിയെടുക്കാന്‍ കഴിയാഞ്ഞതെന്നും എസ്.ഐ. എസ്.സന്തോഷ്‌കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മൊഴിയെടുത്തതായും അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധസമരം അവസാനിച്ചത്.

 

 




MathrubhumiMatrimonial