Crime News

യാത്രക്കാരന്റെ സ്വര്‍ണം കവര്‍ന്ന ആര്‍.പി.എഫുകാരന്‍ അറസ്റ്റില്‍

Posted on: 03 Sep 2015


തിരുവനന്തപുരം: യാത്രക്കാരനായ ജുവലറി ഉടമയുടെ ബാഗില്‍നിന്ന് സ്വര്‍ണം കവര്‍ന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പവര്‍ഹൗസ് ഗേറ്റ് ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കാഞ്ഞിരംകുളം സ്വദേശി സുരേഷ് (31) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 29-നാണ് സംഭവം. ഗുരുവായൂര്‍ എക്‌സ്പ്രസില്‍ പോകാനെത്തിയ ജുവലറി ഉടമയുടെ ബാഗ് സുരക്ഷയുടെ ഭാഗമായി സുരേഷ് പരിശോധിച്ചു. ബാഗില്‍ 300 ഗ്രാമോളം സ്വര്‍ണമുണ്ടായിരുന്നു. അത് വിട്ടുകൊടുക്കണമെങ്കില്‍ പണം നല്‍കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഉടമ അതിന് തയ്യാറാകാതെ വന്നപ്പോള്‍ സ്വര്‍ണം നല്‍കണമെന്നായി. ഉടമ അതിനും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സുരേഷ് 6.15 ഗ്രാം സ്വര്‍ണം കവരുകയായിരുന്നെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സുരേഷിന്റെ ബൈക്കിന്റെ അറയില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തു. ഇതേത്തുടര്‍ന്നാണ് സുരേഷിനെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial