Crime News

തീവണ്ടിയാത്രക്കാരുടെ സുരക്ഷയ്ക്ക് ഫോണ്‍ സേവനം ശക്തമാക്കുന്നു

Posted on: 03 Sep 2015


പാലക്കാട് : തീവണ്ടിയാത്രയ്ക്കിടയിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ടോള്‍ഫ്രീ നമ്പറായ 182ന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നു. യാത്രക്കാര്‍ക്ക് 24 മണിക്കൂറും ഈ നമ്പറില്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കായി വിളിക്കാം.
അതത് ഡിവിഷന്‍ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപനകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഏത് ഡിവിഷന്റെ പരിധിയിലാണോ വണ്ടിയുള്ളത് ആ സ്ഥലത്തെ കേന്ദ്രത്തിലേക്കാവും ഫോണ്‍ ബന്ധപ്പെടുത്തുക. തീവണ്ടിയാത്രയ്ക്കിടെയുള്ള മോഷ്ടാക്കളുടെയും അക്രമികളുടെയും ശല്യം, മദ്യപരുടെ പ്രശ്‌നം തുടങ്ങി സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം സേവനം തേടാനാവും.

റെയില്‍വേസ്റ്റേഷനകത്തും ഈ സേവനം ലഭിക്കും. പ്രധാന സ്റ്റേഷനുകളിലെല്ലാം റെയില്‍വേസുരക്ഷാ സൈനികരുടെയും റെയില്‍വേപോലീസിന്റെയും സാന്നിധ്യമുണ്ട്. ഈ സേവനം ലഭ്യമല്ലാത്ത ചെറിയ സ്റ്റേഷനുകളുടെ പരിധിയിലും സുരക്ഷാ ക്രമീകരണം താമസംവിനാ ലഭ്യമാക്കാനാവും. യാത്രയ്ക്കിടെയാണ് വിളിക്കുന്നതെങ്കില്‍ വണ്ടി അടുത്ത സ്റ്റേഷനിലെത്തുമ്പോഴേക്കും സുരക്ഷാഭടന്മാരെത്തുന്ന വിധത്തിലാവും ക്രമീകരണം. ആഗസ്ത് 29 മുതല്‍ സപ്തംബര്‍ നാലുവരെ റെയില്‍വേസുരക്ഷാ സേനയുടെ സ്ഥാപകദിന വാരാചരണത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ കൈമാറുന്നതുള്‍പ്പെടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്ത് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സി. രാംദാസിന്റെ സാന്നിധ്യത്തില്‍ പരേഡ് നടത്തി. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്‍ അഭിവാദ്യം സ്വീകരിച്ചു. സദ്‌സേവനരേഖ ലഭിച്ച ഇന്‍സ്‌പെക്ടര്‍ എം. ശിവദാസന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി.പി. സഹദേവന്‍, കോണ്‍സ്റ്റബിള്‍മാരായ കെ. മിഥുന്‍, ടി.കെ. ജയചന്ദ്രന്‍, എം. പ്രവീണ്‍, ബാബുരാജ് എന്നിവരെ ചടങ്ങില്‍ ആദരിക്കയുംചെയ്തു.

 

 




MathrubhumiMatrimonial