Crime News

മാവോവാദി ഷൈനയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി

Posted on: 03 Sep 2015


പോലീസ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നെന്ന് ഷൈന


പാലക്കാട്: മാവോവാദിബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഷൈനയെ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ചിറ്റൂര്‍-തത്തമംഗലം സ്വദേശി പ്രശാന്തിന്റെ പേരില്‍ കല്‍മണ്ഡപത്തെ ഒരു കടയില്‍നിന്ന് സിം എടുത്ത കേസില്‍ വിസ്തരിക്കുന്നതിനാണ് ബുധനാഴ്ച ഷൈനയെ കോടതിയില്‍ ഹാജരാക്കിയത്.

മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഈ സിം ഉപയോഗിക്കയായിരുന്നെന്ന് തമിഴ്‌നാട് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, തന്റെ അറിവില്ലാതെയാണ് ഇവര്‍ സിം എടുത്തതെന്ന് പ്രശാന്ത് മൊഴി നല്‍കിയിരുന്നു.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.വി. അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. നോര്‍ത്ത് പോലീസ് ഡിവൈ.എസ്.പി. പി.ഡി. ശശി കേസന്വേഷണം നടത്തി.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.ജി. ഹരിദാസും ഷൈനയ്ക്കുവേണ്ടി അഡ്വ. ജലജമാധവനും ഹാജരായി.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഷൈന കോടതിയെ അറിയിച്ചു. ജില്ലാ ആസ്പത്രിയില്‍ പരിശോധിപ്പിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു. ഷൈനയുടെ വാദം കേള്‍ക്കുന്നതിനും മെഡിക്കല്‍പരിശോധനാ ഫലം സമര്‍പ്പിക്കുന്നതിനുമുള്ള സമയം വേണമെന്നാവശ്യപ്പെട്ട് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഷൈനയ്ക്ക് സിം കാര്‍ഡ് എടുക്കുന്നതിനുള്ള രേഖകള്‍ ലഭിച്ചതും ഇതിന് ആരാണ് സഹായംചെയ്തതെന്നും ഇപ്പോള്‍ സിം ആരുടെ കൈവശമാണെന്നും അന്വേഷിക്കുന്നതിനായി അഞ്ചുദിവസത്തേക്ക് ഷൈനയെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

പത്തുദിവസം വീതം കേരളാ, തമിഴ്‌നാട് പേലീസുകാരുടെ കസ്റ്റഡിയില്‍ ചോദ്യംചെയ്തിരുന്നെന്നും ഇതിലധികമായി മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ഇനിയൊരു കസ്റ്റഡി അനാവശ്യമാണെന്നും ഷൈന കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലായിരുന്ന സമയത്ത് മോശമായഭാഷ പോലീസുകാര്‍ ഉപയോഗിച്ചെന്നും മാനസികമായും ശാരീരികമായും ഉപദ്രവമേല്പിച്ചെന്നും ഇവര്‍ പറഞ്ഞു.
മെയ് നാലിനാണ് തമിഴ്‌നാട് കരുമത്തംപട്ടിയിലെ ചായക്കടയില്‍ നിന്ന് മാവോവാദിനേതാവ് രൂപേഷിനെയും ഷൈനയെയും മറ്റ് മൂന്നുപേരെയും തമിഴ്‌നാട് ക്യൂബ്രാഞ്ച് പോലീസ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഷൈനയെ പാലക്കാട് പ്രത്യേക ജയിലിലേക്ക് വിട്ടു. ജീവനില്‍ ഭീഷണിയുണ്ടെന്നും ക്രൂരമായ രീതിയിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 




MathrubhumiMatrimonial