
മലയാളിയുടെ പച്ചക്കറി ഉല്‍പ്പാദനം 19 ലക്ഷം ടണ്ണിലേക്ക്
Posted on: 02 Sep 2015
വിഷമില്ലാകൃഷി ആവേശം
വീട്ടിലെ പച്ചക്കറി നാലുലക്ഷം ടണ്ണാകും
വീട്ടിലെ പച്ചക്കറി നാലുലക്ഷം ടണ്ണാകും

പത്തനംതിട്ട: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷപ്പച്ചക്കറിക്ക് എതിരായ ബോധവല്‍ക്കരണം കൂടുതല്‍ വിജയമാകുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 19 ലക്ഷം ടണ്‍ കവിയുമെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ലക്ഷം ടണ്‍ വര്‍ധനയാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദനം 15 ലക്ഷം മെട്രിക് ടണ്ണായിരുന്നു. കീടനാശിനി പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള കൃഷിക്കാണ് ഇക്കുറി വകുപ്പ് മുന്‍ഗണന നല്‍കുന്നത്.
വീടുകളിലെ കൃഷിക്കാണ് ആവേശം ഏറെയും. ഗ്രോബാഗുകള്‍ വാങ്ങിച്ച് കൃഷി ചെയ്യുന്നതിന് വലിയ താല്‍പ്പര്യമാണ് വീടുകളില്‍നിന്ന് കാണുന്നത്. കഴിഞ്ഞ വര്‍ഷം 7.08 ലക്ഷം ഗ്രോബാഗുകളാണ് കൃഷിവകുപ്പ് മാത്രം നല്‍കിയത്. ഈ വര്‍ഷം ഇത്രയും പ്രതീക്ഷിച്ചാണ് വകുപ്പ് ഒരുക്കങ്ങള്‍ നടത്തിയതെങ്കിലും അതിനെ മറികടക്കുന്നതായി പ്രതികരണം. 14 ലക്ഷം ബാഗുകളാണ് ഇക്കുറി ആവശ്യപ്പെടുന്നത്. ഒരു യൂണിറ്റില്‍ 25 ബാഗുകളാണുള്ളത്. കൃഷിവകുപ്പ് 2500 രൂപ വരുന്ന ഈ യൂണിറ്റ് 500 രൂപയ്ക്കാണ് നല്‍കുന്നത്. അടുത്ത വര്‍ഷം ജനകീയാസൂത്രണം വഴിയും ഇത് നല്‍കാന്‍ പദ്ധതിയുണ്ട്.
കഴിഞ്ഞ വര്‍ഷം വീടുകളില്‍നിന്ന് മാത്രം ഉല്‍പ്പാദിപ്പിച്ച പച്ചക്കറി 2.45 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇക്കുറി അത് നാല് ലക്ഷം മെട്രിക് ടണ്ണാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത്രയേറെയാണ് ജനങ്ങളുടെ ആവേശമെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു. സൗജന്യ വിത്തുകള്‍ ശേഖരിക്കാനും അതുസംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനും ദിവസവും നൂറുകണക്കിന് ആളുകള്‍ കൃഷിഭവനുകളെ ആശ്രയിക്കുന്നു. നവമാധ്യമങ്ങളിലൂടെ ഇത്തരം വിവരങ്ങള്‍ കൈമാറുന്ന കൂട്ടായ്മകളും വലിയ തോതില്‍ ഉയര്‍ന്നുവരുന്നു.
പാലക്കാടാണ് കഴിഞ്ഞ വര്‍ഷം മൊത്തം പച്ചക്കറി ഉല്‍പ്പാദനത്തില്‍ മുന്നില്‍ വന്നത്- 2.60 ലക്ഷം മെട്രിക് ടണ്‍. രണ്ടാമത് ഇടുക്കിയായിരുന്നു- 1.60 ലക്ഷം മെട്രിക് ടണ്‍. ഈ കൊല്ലം രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹികസംഘടനകളും മറ്റും കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ സ്വന്തം നിലയില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷിക്കൂട്ടങ്ങള്‍ കൂടി വിളവെടുക്കുമ്പോള്‍ വലിയ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വരവ് പച്ചക്കറി 50 ശതമാനംകണ്ട് കുറയും എന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ 30 ശതമാനം വരെയാണ് വരവ് പച്ചക്കറി കുറഞ്ഞത്.
കൃഷിവകുപ്പ് ഫാമുകള്‍, സീഡ് അതോറിറ്റി, വി.എഫ്.പി.സി.കെ., കൃഷിവകുപ്പ് കര്‍മ്മസേന, സര്‍വകലാശാലാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രോബാഗ് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ദേശം എത്തിക്കഴിഞ്ഞു.
