സാഭിമാനം ഇസ്രോ പ്രതീക്ഷയോടെ ആന്‍ട്രിക്‌സ്‌

Posted on: 26 Sep 2009

പി.എസ്. ജയന്‍



തിരുവനന്തപുരം: ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചരിത്ര നേട്ടത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്‌ക്കൊപ്പം ഐ.എസ്.ആര്‍.ഒ. യ്ക്കും അഭിമാനവും ആഹ്ലാദവും ഒപ്പം ആദായപ്രതീക്ഷയും. ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച രണ്ട് പരീക്ഷണോപകരണങ്ങള്‍ ജലമറിയല്‍ പരീക്ഷണത്തില്‍ നാസയെ സഹായിച്ചു എന്നതിലാണ് അഭിമാനം. തങ്ങളുടെ പരീക്ഷണ മികവ് ലോകമറിഞ്ഞതില്‍ ആഹ്ലാദം. ഒരുഘട്ടത്തില്‍ പൂട്ടിപ്പോവാറായ 'ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍' എന്ന ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യസ്ഥാപനത്തിന് പുതുജീവന്‍ നല്‍കിയതില്‍ ആദായപ്രതീക്ഷയും.

തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ ഉണ്ടാക്കിയ 'മൂണ്‍ ഇംപാക്ട് പ്രോബ് (മിപ്)' എന്ന ചെറുപെട്ടിയും ബാംഗ്ലൂര്‍ സാറ്റലൈറ്റ് കേന്ദ്രമുണ്ടാക്കിയ 'ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജര്‍ (ഹൈസി)' എന്ന ഉപകരണവുമാണ് ചന്ദ്രനില്‍ ജലസാന്നിധ്യമറിയാന്‍ നാസയുടെ 'മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യൂബ്ഡ്)' എന്ന പരീക്ഷണോപകരണത്തെ സഹായിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ ആശയമായിരുന്നു മിപ്. തല്‍ക്കാലം ചന്ദ്രനില്‍ ഇറങ്ങാന്‍ ഇന്ത്യയ്ക്ക് കഴിയാത്തതിനാല്‍ത്രിവര്‍ണം പൂശിയ പരീക്ഷണപ്പെട്ടി ചന്ദ്രയാനില്‍ നിന്ന് തള്ളിയിട്ട് ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ പ്രതീകാത്മക സാന്നിധ്യം പതിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. 35 കിലോ ഭാരമുള്ള മിപ് 25 മിനിട്ടുകൊണ്ടാണ് ചന്ദ്രയാനില്‍ നിന്ന് വേര്‍പെട്ട് ചാന്ദ്രോപരിതലത്തില്‍ പതിച്ചത്. റഡാര്‍ അള്‍ട്ടീമീറ്റര്‍, വീഡിയോ ഇമേജിങ് സിസ്റ്റം, മാസ് സ്‌പെക്‌ട്രോമീറ്റര്‍ എന്നിങ്ങനെ മിപ്പില്‍ മൂന്ന് ഉപകരണങ്ങളുണ്ടായിരുന്നു. ഭാവി പര്യവേക്ഷണങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ദൂരമളക്കുകയായിരുന്നു അള്‍ട്ടീമീറ്റര്‍ ചെയ്തത്.

വീഡിയോ ഇമേജിങ് സിസ്റ്റം 25 മിനിട്ടുകൊണ്ട് ആയിരക്കണക്കിന് ചിത്രങ്ങളെടുത്തു. മാസ് സ്‌പെക്‌ട്രോ മീറ്ററായിരുന്നു യഥാര്‍ത്ഥ ഹീറോ. നൂറുശതമാനം ഇന്ത്യനായ ഈ സ്‌പെക്‌ട്രോമീറ്റര്‍ ചാന്ദ്ര ധാതുക്കള്‍ മണത്തറിഞ്ഞ് നാസയ്ക്ക് നല്‍കിയ വിവരങ്ങള്‍, ആ ധാതുക്കളില്‍ ജലാംശമുണ്ടെന്ന കണ്ടുപിടിത്തത്തില്‍ നിര്‍ണായകമായി. ചന്ദ്രനിലെ കുഴികളിലും കൊടുമുടികളിലും കിരണങ്ങള്‍ പായിച്ച്, അവ (കിരണങ്ങള്‍) പ്രതിഫലിച്ചെത്തുമ്പോള്‍ വിശകലനം ചെയ്ത് അവയിലെ (കൊടുമുടികളിലെയും കുഴികളിലെയും) ധാതുച്ചേരുവകള്‍ കണ്ടെത്തുകയായിരുന്നു ഹൈസിയുടെ ദൗത്യം. ഹൈസിയും പ്രതീക്ഷിച്ചതുപോലെ വിലപ്പെട്ട വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കും നാസയ്ക്കും നല്‍കി. ഈ വിവരങ്ങള്‍ ജലസാന്നിധ്യമറിയുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു.

ചെലവുകുറഞ്ഞ ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ തുടക്കംമുതല്‍ ഐ.എസ്.ആര്‍.ഒ. പുലര്‍ത്തിയിരുന്ന നിഷ്‌ക്കര്‍ഷ, ഇത്ര വലിയൊരു ദൗത്യത്തിലും പ്രയോഗിക്കാനായതിലും തങ്ങളുടേതായ സിദ്ധികള്‍ ലോകത്തെയറിയിച്ചതിലും അനല്‍പ്പമായ ആഹ്ലാദം ഈ സ്ഥാപനത്തിനുണ്ട്. ഭൂമിയില്‍ നിന്ന് മൂന്നുലക്ഷത്തോളം കിലോമീറ്റര്‍ അകലെ ഒരു പേടകം വിക്ഷേപിച്ചതിന് ഇന്ത്യ ചെലവാക്കിയത് വെറും നാനൂറുകോടി രൂപമാത്രമാണ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ചാന്ദ്രപര്യവേക്ഷണമായിരുന്നു ചന്ദ്രയാന്‍. ഇക്കാര്യത്തില്‍ ലോകശരാശരിയുടെ പകുതിമാത്രമായിരുന്നു ഇന്ത്യയുടെ ചെലവ്.

ഇനി ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ കാര്യമെടുക്കാം. ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊപ്പം ആദായമുണ്ടാക്കാനുള്ള മാര്‍ഗമായി വിക്ഷേപണ ദൗത്യങ്ങളെ മാറ്റാന്‍ ലോകത്തിലെ പല ബഹിരാകാശ ഏജന്‍സികളും ദശകങ്ങള്‍ക്കുമുമ്പുതന്നെ ശ്രമം തുടങ്ങിയിരുന്നു. ആ വഴിയ്ക്ക് ഐ.എസ്.ആര്‍.ഒ.യുടെ കാല്‍വയ്പായിരുന്നു വാണിജ്യ സ്ഥാപനമായ ആന്‍ട്രിക്‌സ്. യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സിക്കുവേണ്ടിയും ജര്‍മനിയിലെ ഒരു വാര്‍ത്താവിനിമയ സ്ഥാപനത്തിനുവേണ്ടിയും മൂന്ന് പരീക്ഷണോപകരണങ്ങളുണ്ടാക്കി (ഡബ്ല്യൂ-3) വിറ്റ് ഏതാണ്ട് അഞ്ഞൂറുകോടിയുടെ പദ്ധതി ഐ.എസ്.ആര്‍.ഒ. ഏറ്റെടുത്തിരുന്നു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോക്കറ്റിലായിരുന്നു വിക്ഷേപണം. പക്ഷേ സൗരോര്‍ജ്ജച്ചിറകുകള്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാത്തതിനാല്‍ ആ പരീക്ഷണോപകരണങ്ങള്‍ പരാജയമായി.

വലിയൊരു കാല്‍വയ്പിന്റെ തുടക്കത്തില്‍ വന്ന ചെറിയൊരു ഇടര്‍ച്ചയായിരുന്നെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെയും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെയും സല്‍പ്പേരിന് അന്താരാഷ്ട്ര ബഹിരാകാശ വിപണിയില്‍ ചെറിയൊരു കളങ്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. ഒരു ഘട്ടത്തില്‍ പുതിയ വ്യാപാര ഉടമ്പടികളില്ലാതെ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഒരു കടലാസ് സ്ഥാപനമായി മാറി. എന്നാല്‍ ചാന്ദ്രജലം ആന്‍ട്രിക്‌സിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കി. ''ചന്ദ്രയാന്‍ സെക്കന്‍ഡ് ഈസ് ഹൗസ് ഫുള്‍'' എന്നായിരുന്നു ചൊവ്വാഴ്ച ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ മാധവന്‍ നായര്‍ ബാംഗ്ലൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിലേക്ക് തങ്ങളുടെകൂടി പരീക്ഷണോപകരണങ്ങള്‍ കൊണ്ടുപോകാന്‍ വിദേശ സര്‍വകലാശാലകളും യൂറോപ്പ്യന്‍ രാജ്യങ്ങളുമടക്കം അമ്പതോളം അപേക്ഷകരുണ്ടായിരുന്നു. പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി. ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് മുന്നില്‍ ഇനി ലാഭത്തിന്റെ വഴികള്‍ മാത്രം.



MathrubhumiMatrimonial