ജലചന്ദ്രിക: കൂട്ടായ്മ ഒരുക്കിയ നേട്ടം

Posted on: 26 Sep 2009


ബാംഗ്ലൂര്‍: ചന്ദ്രയാനില്‍ വിന്യസിച്ചിരുന്ന മുഴുവന്‍ ഉപകരണങ്ങളുടെയും കൂട്ടായ നിരീക്ഷണ ഫലമായാണ് ചന്ദ്രനിലെ ജലസാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ മാധവന്‍നായര്‍ പറഞ്ഞു.ഈ കണ്ടെത്തല്‍ ഒരു ഉപഗ്രഹത്തിന്റെ മാത്രം നേട്ടമായി എടുത്തുകാട്ടാനാവില്ല. ചന്ദ്രയാന്‍-1 ലേക്കുള്ള ഉപകരണങ്ങള്‍ നാസയില്‍നിന്ന് സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ അവയുടെ കണ്ടെത്തലിന്റെ ഫലങ്ങളിന്മേലുള്ള നിയമപരവും ധാര്‍മികവുമായ അവകാശത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാനില്‍ 11 പേലോഡുകളാണ് ഉണ്ടായിരുന്നത്. ഇതിലേതെങ്കിലും ഒന്നു മാത്രം പുനര്‍വിന്യസിച്ചതുകൊണ്ടുണ്ടായ നേട്ടമല്ലിത്. ഓരോ ഉപകരണത്തിനും പ്രത്യേകം ജോലികള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. അവയുടെയെല്ലാം കൂടി ആകെത്തുകയാണ് ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിയുന്നതിലേക്ക് നയിച്ചത് -മാധവന്‍നായര്‍ വിശദീകരിച്ചു.

ചന്ദ്രയാന്‍ 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് ഐ.എസ്.ആര്‍.ഒ.യ്ക്ക് സൂചന ലഭിച്ചിരുന്നതായി ദൗത്യത്തിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമി വെളിപ്പെടുത്തി. നവംബര്‍ 14ന് ചന്ദ്രയാനില്‍നിന്ന് വേര്‍പെട്ട മൂണ്‍ ഇംപാക്ട് പ്രോബ് (എം.ഐ.പി.) ചന്ദ്രോപരിതലത്തില്‍ പതിച്ചപ്പോഴായിരുന്നു ഇത്.

എം.ഐ.പി. ചന്ദ്രയാനില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ പതിക്കുന്നതിനിടെ ചന്ദ്രനിലെ വാതകങ്ങളുടെ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരുന്നു. ഇടിച്ചിറങ്ങിയപ്പോള്‍ ഉപരിതലത്തെക്കുറിച്ചും സിഗ്‌നലുകള്‍ ലഭിച്ചു. ഇവയില്‍നിന്നുതന്നെ ജലസാന്നിധ്യം വ്യക്തമായിരുന്നു. എന്നാല്‍ ഈ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി ചന്ദ്രനില്‍ ജലമുണ്ടെന്ന് ലോകത്തിനുമുന്നില്‍ പറയാനാവുമായിരുന്നില്ല.

ചന്ദ്രയാനിലുണ്ടായിരുന്ന ഹൈപ്പര്‍ സ്‌പെക്ട്രം ഇമേജറും ഇതിനെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും നല്കിയിട്ടുണ്ട്.ഉപരിതലത്തിനു താഴെ ജലസ്രോതസ്സുകള്‍ ഉണ്ടെന്ന ചില സൂചനകള്‍ ഈ ഉപകരണത്തില്‍നിന്ന് ലഭിക്കുകയുണ്ടായി. എന്നാല്‍ അത് വിശകലനം ചെയ്തുകൊണ്ടിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല -ഡോ. ഗോസ്വാമി പറഞ്ഞു.

നാസയുടെ മൂണ്‍ മിനറളജി മാപ്പറിന്(എം-3) വ്യക്തമായ ചിത്രം എടുക്കാന്‍ കഴിഞ്ഞത് ഒരു പരിധിവരെ യാദൃച്ഛികമാണെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മാധവന്‍നായര്‍ അഭിപ്രായപ്പെട്ടു.

ചന്ദ്രനില്‍ രാവിലെയും ഉച്ചതിരിഞ്ഞുമാണ് വ്യക്തമായ ചിത്രങ്ങള്‍ എടുക്കാനാവുക. ഓരോ ഉപകരണവും ഓരോ സമയവും ചന്ദ്രോപരിതലത്തിന്റെ ഓരോ ഭാഗങ്ങളാണ് നിരീക്ഷിക്കുക. ജലസാന്നിധ്യം സ്വയംനല്കുന്ന ചിത്രം മിനറോളജി മാപ്പറിന് എടുക്കാനായത് അത് ആ സമയത്ത് ആ മേഖല നിരീക്ഷിച്ചതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

'ചന്ദ്രയാന്‍ 110 ശതമാനം വിജയം '


ബാംഗ്ലൂര്‍:ചന്ദ്രയാന്‍ -1 ദൗത്യം 95 ശതമാനം വിജയം കൈവരിക്കുമെന്ന മുന്‍പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി.മാധവന്‍നായര്‍. വിജയം 110 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ -1 അകാലത്തില്‍ ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ ദൗത്യം 90-95 ശതമാനം വിജയം വരിച്ചിട്ടുണ്ടെന്നായിരുന്നു മാധവന്‍നായര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ ജലം കണ്ടെത്താന്‍ ചന്ദ്രയാന്‍ -1 നിമിത്തമായതോടെ താന്‍ അത് പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ഗവേഷണരംഗത്ത് അന്താരാഷ്ട്ര സഹകരണത്തിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചന്ദ്രയാന്‍ ദൗത്യം ഇന്ന് ലോകത്തിന് മുന്നില്‍ മാറിയിരിക്കുകയാണ്. മറ്റ് ലോകരാജ്യങ്ങളില്‍ നിന്ന് ഐ.എസ്.ആര്‍.ഒ.യുമായി സഹകരണത്തിനുള്ള വലിയ വാഗ്ദാനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പൊതുനേട്ടങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സഹകരണത്തിനാണ് താത്പര്യം - അദ്ദേഹം വ്യക്തമാക്കി.



MathrubhumiMatrimonial