ചന്ദ്രനില്‍ ജലസാന്നിധ്യം

Posted on: 25 Sep 2009

പ്രവീണ്‍ കൃഷ്ണന്‍ (ന്യൂഡല്‍ഹി)/എന്‍.എസ്. ബിജുരാജ് (ബാംഗ്ലൂര്‍)/ഡോ. കൃഷ്ണകിഷോര്‍ (ന്യൂയോര്‍ക്ക്)



കണ്ടെത്തലിന് വഴിയൊരുക്കിയത് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍,
ജലസാന്നിധ്യം നാസയും ഐ.എസ്.ആര്‍.ഒ.യും സ്ഥിരീകരിച്ചു



ആകാശ ഗോളങ്ങളിലേക്കു മിഴിനട്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ മനസ്സിനു കുളിരേകിക്കൊണ്ട് ചന്ദ്രോപരിതലത്തില്‍ ജല സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണവാഹനമായ ചന്ദ്രയാന്‍ ഒന്നില്‍ ഘടിപ്പിച്ച നാസയുടെ നിരീക്ഷണോപകരണമാണ് ശാസ്ത്ര ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാവുന്ന കണ്ടെത്തല്‍ നടത്തിയത്. പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അമ്പിളി മാമനില്‍ വെള്ളം കണ്ട കാര്യം അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും സ്ഥിരീകരിച്ചിട്ടുണ്ട്.

ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറും മറ്റു രണ്ടു പര്യവേക്ഷണ പേടകങ്ങളും നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ച് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച മൂന്നു പ്രബന്ധങ്ങളിലൂടെയാണ് ചന്ദ്രനിലെ ജലസാന്നിധ്യം വെളിപ്പെടുത്തുന്ന വിവരം പുറത്തുവിട്ടത്. പിന്നീട് നാസ ഇക്കാര്യം പ്രഖ്യാപിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും.അഭൗമ ഗോളങ്ങളില്‍ ജീവസാന്നിധ്യമുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ആവേശം പകരുന്ന ഈ കണ്ടെത്തല്‍. ചന്ദ്രനില്‍ താവളങ്ങളുണ്ടാക്കാനുള്ള പദ്ധതികള്‍ക്കും ആക്കമേകും. ചന്ദ്രനില്‍ നിന്നുതന്നെ ജീവജലവും അതിലെ ഹൈഡ്രജനില്‍ നിന്ന് ഇന്ധനവും ശേഖരിക്കാമെന്നു വരുന്നതോടെ ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ചെലവ് ഗണ്യമായി കുറയും. ഈ സുപ്രധാന കണ്ടെത്തലില്‍ നിര്‍ണായക പങ്കുവഹിക്കാനായെന്നത് ഇന്ത്യയ്ക്കും ഐ.എസ്.ആര്‍ ഒ.യ്ക്കും അഭിമാനം പകരുന്ന നേട്ടമാണത്.

ചന്ദ്രന്റെ ഉപരിതലത്തിലെ പാറകളില്‍ ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുണ്ടെന്നതിന്റെ തെളിവുകളാണ് നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത നാസയ്ക്കും ഐ.എസ്.ആര്‍. ഒയ്ക്കും ലഭിച്ചത്. ചന്ദ്രോപരിതലത്തിലെ ധൂളികളില്‍ ഏതാനും മില്ലീ മീറ്റര്‍ ഘനത്തില്‍ ജലപാളി കണ്ടെത്തിയതായി ചന്ദ്രയാന്‍ പ്രോജക്ട് ഡയരക്ടര്‍ മയില്‍മണി അണ്ണാദുരൈ പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ നിന്ന് പ്രതിഫലിച്ച പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം പരിശോധിച്ചെടുത്താണ് ഈ നിഗമനത്തിലെത്തിയത്. ചന്ദ്രന്റെ മറ്റു ഭാഗങ്ങളില്‍ കൂടുതല്‍ ജലമുണ്ടാകാമെന്നതിന്റെ സാധ്യതകളിലേക്കാണിതു വെളിച്ചം വീശുന്നത്. കാലാവധിയെത്തുംമുമ്പ് പ്രവര്‍ത്തന രഹിതമായെങ്കിലും ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍ സുപ്രധാന നേട്ടം കൈവരിച്ചെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്. ചന്ദ്രയാന്റെ പ്രധാന ദൗത്യം ജലസാന്നിധ്യം തേടിയുള്ള തിരച്ചിലായിരുന്നെന്ന് അണ്ണാദുരൈ പറഞ്ഞു.

ചന്ദ്രയാനിലുണ്ടായിരുന്ന 11 നിരീക്ഷണ ഉപഗ്രഹങ്ങളില്‍പ്പെട്ട മൂന്നെണ്ണം മൂണ്‍ മിനറോളജിക്കല്‍ മാപ്പര്‍, ഹൈപ്പര്‍ സ്‌പെക്ടര്‍ ഇമേജര്‍, ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഇംപാക്ട് പ്രോബ് നല്‍കിയ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രനിലെ ജല സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ മിറളോജിക്കല്‍ മാപ്പര്‍ അമേരിക്കയുടെ നാസ നല്‍കിയതാണ്, മറ്റു രണ്ടെണ്ണം ഐ.എസ്.ആര്‍.ഒ. നിര്‍മ്മിച്ചതും. ചന്ദ്രോപരിതലത്തില്‍ ജലം ഇപ്പോഴും രൂപംകൊണ്ടുകൊണ്ടിരിക്കുന്നുവെന്ന സൂചനയും ഇതിലുണ്ട്. ചന്ദ്രോപരിതലത്തിലെ ഉയര്‍ന്ന അക്ഷാംശങ്ങളില്‍ ജലസാന്നിധ്യം അറിയിക്കുന്ന രാസ അടയാളങ്ങള്‍ കണ്ടെത്തിയതായി മൂണ്‍ മിനറോളജി മാപ്പര്‍ ഉപകരണത്തിന്റെ മുഖ്യ പരിശോധക കാര്‍ലെ പീറ്റേഴ്‌സ് പറഞ്ഞു. 2008ല്‍ വിക്ഷേപിച്ച ചന്ദ്രയാനു പുറമെ 1കാസിനി, ഡീപ് ഇംപാക്ട് പ്രോബ് എന്നിവയിലെ വിരങ്ങളാണ് ഗവേഷകര്‍ അടിസ്ഥാനമാക്കിയത്.

അതേസമയം പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം പൂര്‍ണമായുള്‍ക്കൊള്ളുന്നതിന് ചന്ദ്രനിലെ ജലത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്നു നിര്‍ണയിക്കേണ്ടതുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ പറഞ്ഞു. ആവശ്യത്തിനു വെള്ളമുണ്ടെങ്കില്‍ മാത്രമേ ചന്ദ്രനില്‍ കുടിയേറുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെയും ശാസ്ത്രജ്ഞരുംകൂടി ചേര്‍ന്നാണ് വിവരങ്ങള്‍ അപഗ്രഥിച്ചത്. ചന്ദ്രനിലെ ജല സാന്നിധ്യത്തെക്കുറിച്ച് മുന്‍പ് ചില സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ചരിത്രത്തിലാദ്യമായി വ്യക്തമായ സൂചനകള്‍ നല്കുന്നത് ഇന്ത്യയുടെ ചന്ദ്രയാന്‍ 1 ആണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു. രാജ്യത്തിനും ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാനില്‍നിന്ന് വേര്‍പെട്ട് 2008 നവംബര്‍ 14ന് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ത്തന്നെ 'ഇംപാക്ട് പ്രോബ്' ഇതുസംബന്ധിച്ച് സൂചനകള്‍ നല്കിയിരുന്നതായി മയില്‍മണി അണ്ണാദുരൈ പറഞ്ഞു. ഭാവിയില്‍ മനുഷ്യരെ ചന്ദ്രനിലിറക്കുന്നതിന്റെ പ്രായോഗികവശങ്ങള്‍ പഠിക്കുന്നതിനൊപ്പം ഉപരിതലത്തിന്റെ രാസഘടന പരിശോധിക്കുകയും ഇംപാക്ട് പ്രോബിന്റെ ലക്ഷ്യമായിരുന്നു. നാസയുടെ മിനറോളജി മാപ്പര്‍ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയത് ജലത്തിനുവേണ്ടിയുള്ള തിരച്ചില്‍ ലക്ഷ്യമിട്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് നാസയുടെ വാഷിങ്ടണിലെ ആസ്ഥാനത്ത് ഈ വിവരം അവിടത്തെ വിദഗ്ദ്ധര്‍ പ്രഖ്യാപിച്ചത്. കണ്ടെത്തല്‍ വിശകലനം ചെയ്ത വിദഗ്ദ്ധര്‍ ഈ വിവരം അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'സയന്‍സി'ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 10ന് ബാംഗ്ലൂരില്‍ ചേരുന്ന പത്രസമ്മേളനത്തില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഇന്ത്യയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തും.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2008 ഒക്ടോബര്‍ 22ന് വിക്ഷേപണവാഹനമായ പി.എസ്.എല്‍.വി.സി 11ന്റെ തോളിലേറിയാണ് ചന്ദ്രയാന്‍1 ചന്ദ്രനെ വലംവെക്കാനായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. രണ്ടു വര്‍ഷമായിരുന്നു ഇന്ത്യ 386 കോടി രൂപ ചെലവിട്ട ദൗത്യത്തിന്റെ കാലാവധി. എന്നാല്‍, ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിന് അതിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാവുകയും ഭൂമിയുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടുപോവുകയും ചെയ്തതിനെത്തുടര്‍ന്ന് 2009 ആഗസ്ത് 29ന് ദൗത്യം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

312 ദിവസം മാത്രമേ ചന്ദ്രനെ നിരീക്ഷിച്ചുള്ളൂവെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് 72,000ത്തില്‍പരം ചിത്രങ്ങളാണ് ചന്ദ്രയാന്‍ 1 ഭൂമിയിലേക്ക് അയച്ചത്. ഇപ്പോള്‍, ഒരുപക്ഷേ, മനുഷ്യന്റെ ഏറ്റവും ബൃഹത്തായ കണ്ടെത്തല്‍ എന്ന് വരുംകാലം വിശേഷിപ്പിച്ചേക്കാവുന്ന തിരിച്ചറിയലിലേക്കുള്ള നിമിത്തവുമാവുകയാണ് ഇപ്പോഴും ബഹിരാകാശത്ത് ലക്ഷ്യംതെറ്റി അലഞ്ഞുകൊണ്ടിരിക്കുന്ന ഈ കൊച്ചുപേടകം.

ജലം തേടി, ജീവന്‍ തേടി

മറയും മുമ്പെ ചന്ദ്രയാന്‍ ലക്ഷ്യം കണ്ടു

ചന്ദ്രയാന്‍ സൂചനകളില്‍ തെളിഞ്ഞ ജലരഹസ്യം

ചന്ദ്രനിലേക്ക് വീണ്ടും കൗതുകക്കണ്ണുകള്‍
Tags:    chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial