ജലം തേടി, ജീവന്‍ തേടി

Posted on: 25 Sep 2009


അടുത്ത ഇരുപതു വര്‍ഷംകൊണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ താമസമുറപ്പിക്കും; നാല്പതുവര്‍ഷം കൊണ്ട് ചൊവ്വയിലും കുടിയേറും - സ്റ്റീഫന്‍ ഹോക്കിങ്


കോടാനുകോടി ആകാശഗോളങ്ങളില്‍ നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ; ജീവനു നിലനില്‍ക്കാന്‍വേണ്ട സാഹചര്യങ്ങളുള്ളൂ. ജീവന്റെ അടിസ്ഥാനമായ ജലവും ഭൂമിയില്‍ മാത്രമേയുള്ളൂ എന്നായിരുന്നു ഇത്രയും നാളത്തെ വിവരം. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തുമ്പോള്‍ തിരുത്തപ്പെടുന്നത് ഈ ധാരണയാണ്. ഭൂമിക്കു പുറത്തും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രലോകത്തെ ഈ കണ്ടെത്തല്‍ ആവേശം കൊള്ളിക്കുന്നതും അതുകൊണ്ടുതന്നെ.

ചന്ദ്രനിലും ചൊവ്വയിലും ശുക്രനിലുമെല്ലാം വെള്ളവും സമുദ്രങ്ങളുമെല്ലാമുണ്ടെന്നായിരുന്നു ആദ്യകാല വാനനിരീക്ഷകരുടെ ധാരണ. ശക്തിയേറിയ ദൂരദര്‍ശിനികള്‍ വന്നപ്പോള്‍ ഈ ആകാശഗോളങ്ങളെല്ലാം മരുപ്പറമ്പായാണ് തെളിഞ്ഞത്. ചന്ദ്രോപരിതലം വരണ്ടുകിടക്കുകയാണെന്നാണ് അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന പാറക്കല്ലുകളില്‍നിന്ന് മനസ്സിലാക്കിയത്. പരീക്ഷണശാലകളില്‍ ചില വസ്തുക്കളില്‍ ജലാംശം കണ്ടെത്തിയെങ്കിലും അവ ഭൂമിയില്‍നിന്ന് കലര്‍ന്നതാവാം എന്നായിരുന്നു നിഗമനം. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്നതു സംബന്ധിച്ച് നാല് പതിറ്റാണ്ടായി തുടരുന്ന തര്‍ക്കത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പുതിയ കണ്ടെത്തല്‍.

അഭൗമ ഗോളങ്ങളിലെവിടെയെങ്കിലും ജീവനുണ്ടോ എന്നറിയുകയും പറ്റുമെങ്കില്‍ അവിടെ ഇടത്താവളങ്ങള്‍ പണിയുകയുമാണ് മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെയെല്ലാം ആന്ത്യന്തിക ലക്ഷ്യം.ചന്ദ്രനില്‍ താവളമുറപ്പിക്കാനും മറ്റു ഗോളങ്ങളിലേക്കുള്ള യാത്രകളുടെ ഇടത്താവളമാക്കാനും ചന്ദ്രനെ ഉപയോഗപ്പെടുത്താനാവുമോ എന്ന അന്വേഷണത്തിന് വേഗമേറ്റാന്‍ അവിടത്തെ ജലസാന്നിധ്യം സഹായിക്കും. വെള്ളത്തില്‍ നിന്നുള്ള ഹൈഡ്രജന്‍ ഇന്ധനമായും ഉപയോഗിക്കാം. ആണവോര്‍ജമുത്പാദിപ്പിക്കാന്‍ ഇന്ധനമായുപയോഗിക്കാവുന്ന ഹീലിയം-3 അവിടെ ധാരാളമായുണ്ടുതാനും.

ചന്ദ്രനില്‍ എത്തിപ്പറ്റാനുള്ള ശ്രമം മനുഷ്യന്‍ '50-കളില്‍ തുടങ്ങിയതാണ്. 1959-ല്‍ സോവിയറ്റ് യൂണിയന്റെ ആളില്ലാ ചാന്ദ്രവാഹനം ലൂണാ-3 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. ഇതിനു മറുപടിയായി അമേരിക്ക 1969-ല്‍ ചന്ദ്രനില്‍ ആളെയിറക്കി. അപ്പോളോ-11 എന്ന ഈ ദൗത്യം അപ്പോളോ-17 വരെ തുടര്‍ന്നെങ്കിലും പിന്നീടവര്‍ ചാന്ദ്ര പര്യവേക്ഷണം നിര്‍ത്തിവെച്ചു. 2020-ഓടെ ചന്ദ്രനില്‍ വീണ്ടും ആളെയെത്തിക്കാനുള്ള പദ്ധതികള്‍ അമേരിക്ക തയ്യാറാക്കിക്കഴിഞ്ഞു.

2017-ഓടെ ചന്ദ്രനില്‍ ആളെയെത്തിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചന്ദ്രയാനിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. നാസയുടെ ഡീപ് ഇംപാക്ട് പ്രോബും യു.എസ്.-യൂറോപ്യന്‍ സംയുക്തസംരംഭമായ കാസിനിയും നല്‍കിയ സൂചനകള്‍ക്കൊപ്പം ചന്ദ്രയാനില്‍ നാസ ഘടിപ്പിച്ച മൂണ്‍ മിനറോളജി മാപ്പറില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കൂടി വിശകലനം ചെയ്തപ്പോഴാണ് ജലസാന്നിധ്യം സ്ഥിരീകരിക്കാനായത്.

ചന്ദ്രനില്‍ ആളെയിറക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും കഴിയുമെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തെളിഞ്ഞിരിക്കെ, അവിടെ താവളമൊരുക്കുന്നത് പ്രയാസമുള്ള കാര്യമല്ല. ജലസാന്നിധ്യം ഇതിനുള്ള നീക്കങ്ങള്‍ക്ക് വേഗം പകരും.

ജലമുണ്ടെങ്കിലും ചന്ദ്രനില്‍ ജീവനുണ്ടാവാനുള്ള സാധ്യത കുറവാണ്. കുറേക്കൂടി മെച്ചമാണ് ചൊവ്വയിലെ സ്ഥിതി. അവിടത്തെ ഉപരിതലം ഭൂമിയുടേതിനു സമാനമാണ്. വരണ്ടുണങ്ങിക്കിടക്കുന്ന ചൊവ്വയില്‍ ദ്രവ രൂപത്തിലല്ലെങ്കിലും ജലത്തിന്റെ അംശം കാണാനിടയുണ്ട്. മുമ്പ് അവിടെ ജലമുണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇതുവരെ മനുഷ്യനിറങ്ങിയിട്ടില്ലെങ്കിലും മനുഷ്യനിര്‍മിതപേടകങ്ങള്‍ അവിടെയിറങ്ങി പഠനം നടത്തിയിട്ടുണ്ട്. 2035-ഓടെ ചൊവ്വയില്‍ ആളെയിറക്കുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അമേരിക്കയുടെ നാസയും ഇതിനുള്ള ഗവേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളൊന്നും ജീവിക്കാന്‍ കൊള്ളില്ല. ബുധനിലും ശുക്രനിലും തിളയ്ക്കുന്ന ചൂടാണ്; ചൊവ്വയ്ക്കപ്പുറമുള്ള ഗ്രഹങ്ങളില്‍ കൊടും തണുപ്പും. ഇവിടെയൊന്നും വെള്ളമുണ്ടാകില്ല; ജീവനും.സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലുമൊരു ഗോളത്തില്‍ ഭൂമിക്കു സമാനമായ സാഹചര്യമുണ്ടാകുമെന്നുതന്നെയാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സൗരയൂഥത്തിനുപുറത്ത് മുന്നൂറിലേറെ ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജലത്തിന്റെയോ ജീവന്റെയോ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

ഭൂമിക്കു സമാനമായ സാന്ദ്രതയുള്ള ഒരു ഗ്രഹം മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. എങ്കിലും ഏതെങ്കിലും നക്ഷത്രസമൂഹത്തിലെ ഏതെങ്കിലുമൊരു നക്ഷത്രത്തെ ചുറ്റുന്ന ഏതെങ്കിലുമൊരു ഗ്രഹത്തില്‍ ജീവനുണ്ടായേക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ജീവനു സാധ്യതയുള്ള അത്തരം ഗ്രഹങ്ങള്‍ക്കായുള്ള അന്വേഷണവഴിയിലെ സുപ്രധാന കാല്‍വെപ്പാണ് ചന്ദ്രനിലെ ജലസാന്നിധ്യം.
Tags:    chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial