
മറയും മുമ്പെ ചന്ദ്രയാന്‍ ലക്ഷ്യം കണ്ടു
Posted on: 25 Sep 2009
ശശിധരന്‍ മങ്കത്തില്‍

ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ -1 കുതിച്ചുയര്‍ന്നത്. നൂറു കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തില്‍ രണ്ടുവര്‍ഷം ഉപഗ്രഹം ചന്ദ്രനെ വലംവെക്കുമെന്ന് കണക്കുകൂട്ടിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ ദൗത്യം ഈയിടെ ഉപേക്ഷിച്ചു. കഴിഞ്ഞ ആഗസ്ത് 29 ന് പുലര്‍ച്ചെ 1.30 നാണ് ഉപഗ്രഹത്തില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടത്.
312 ദിവസമാണ് ചന്ദ്രയാന്‍ ചന്ദ്രനെ വലം വെച്ചത്. 3400 തവണ ഇത് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങി. ചന്ദ്രയാന്‍ അതിന്റെ 90-95 ശതമാനം ദൗത്യം നിറവേറ്റിയതായാണ് പ്രോജക്ട് ഡയറക്ടര്‍ എം. അണ്ണാദുരൈ അറിയിച്ചത്. ചന്ദ്രോപരിതലത്തിന്റെ 70,000 ചിത്രങ്ങള്‍ ചന്ദ്രയാന്‍ ഭൂമിയിലേക്ക് അയച്ചു.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) നേതൃത്വത്തിലാണ് ഇതിന്റെ ഗവേഷണങ്ങള്‍ നടന്നത്. ഐ.എസ്.ആര്‍.ഒ.യുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി.) അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 11 സെന്ററുകള്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മറ്റു രാജ്യങ്ങളില്‍ നിന്നായി 12 ഗവേഷണ കേന്ദ്രങ്ങളും ഇതില്‍ പങ്കാളികളായി.
11 ഉപകരണങ്ങളാണ് ഇതിലുണ്ടായിരുന്നത്. അഞ്ചെണ്ണം ഇന്ത്യന്‍ നിര്‍മിതവും ആറെണ്ണം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളതും. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (3), നാസ (2), ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസ് (1) എന്നീ കേന്ദ്രങ്ങളാണ് ഉപകരണങ്ങള്‍ നല്‍കിയത്.
ചന്ദ്രനിലെ ഉപരിതല ഘടന, രാസ-ധാതു ഘടന എന്നിവയുടെ ചാന്ദ്രപടനിര്‍മാണമായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രമാണ് ഇതിലൂടെ ലഭ്യമാകുക. മഗ്‌നീഷ്യം, അലൂമിനിയം, സിലിക്കണ്‍, കാത്സ്യം, അയേണ്‍, ടൈറ്റാനിയം, റഡോണ്‍, യുറേനിയം, തോറിയം എന്നിവയുടെ നിരീക്ഷണവും പഠനവും ലക്ഷ്യമിട്ടിരുന്നു.
അപ്പോളോ പര്യവേക്ഷണത്തില്‍ ചന്ദ്രനില്‍നിന്ന് 382 കിലോഗ്രാം പാറകള്‍ ഭൂമിയില്‍ എത്തിച്ചിരുന്നു. ലൂണ ദൗത്യത്തില്‍ മൂന്നുതവണയായി 326 ഗ്രാം പാറകളും കൊണ്ടുവന്നിരുന്നു. ഇതൊക്കെയാണെങ്കിലും ചന്ദ്രന്റെ രാസ-ധാതു ഘടനയെക്കുറിച്ചുള്ള അറിവ് ഇന്നും പരിമിതമാണ്. ചന്ദ്രോപരിതലത്തില്‍ ചില സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചാണ് നേരത്തേ പഠനങ്ങള്‍ നടന്നത്. എന്നാല്‍ ചന്ദ്രോപരിതലം അപ്പാടെ ഒപ്പിയെടുക്കുന്നത് ഇതാദ്യമായാണ്. ചന്ദ്രന്റെ ത്രിമാനമാപ്പിങ്ങിലൂടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ടെറെയ്ന്‍ മാപ്പിങ് ക്യാമറ, ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജര്‍, എക്‌സ്‌റേ-ഫ്‌ളൂറസന്‍ഡ് സ്‌പെക്‌ട്രോമീറ്റര്‍, മൂണ്‍ മിനറോളജി മാപ്പര്‍, ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചത്.
ചന്ദ്രനില്‍ ജലാംശമുണ്ടോ എന്ന അന്വേഷണം കാലങ്ങളായി നടക്കുകയാണ്. ഉല്‍ക്കകളും ധൂമകേതുക്കളും പതിച്ചപ്പോള്‍ ഇതിലെ ജലതന്മാത്രകള്‍ ചന്ദ്രനില്‍ വീണിട്ടുണ്ടാകാമെന്നാണ് അനുമാനം. കാറ്റടിക്കുന്നതിനാല്‍ ഹൈഡ്രജന്‍ തന്മാത്രകള്‍ മണ്ണിലെ ഓക്‌സിജനുമായി കലര്‍ന്ന് ജലകണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പക്ഷേ, ചന്ദ്രനിലെ ഉയര്‍ന്ന താപനില ഇത് അപ്പോഴപ്പോള്‍ത്തന്നെ നീരാവിയാക്കും എന്ന വാദമുണ്ട്. പക്ഷേ, സൂര്യപ്രകാശമേല്‍ക്കാത്ത ഭാഗത്ത് ജലമുണ്ടാകാം എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.
ലൂണാര്‍ പ്രോസ്‌പെക്ടര്‍ ശേഖരിച്ച വിവരമനുസരിച്ച് ഉത്തരധ്രുവത്തിലും അതിനടുത്തുമായി നൂറുകോടി ടണ്‍ വെള്ളവും ദക്ഷിണ ധ്രുവത്തില്‍ 200 കോടി ടണ്‍ വെള്ളവുമുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ സൗരവാതം കൊണ്ടുണ്ടാകുന്ന ഹൈഡ്രജനും ഇതേ സൂചന നല്കാമെന്നതുകൊണ്ടാണ് ഇത് ജലംതന്നെയാണെന്നു സ്ഥിരീകരിക്കാന്‍ ആവാതിരുന്നത്.
Tags: chandrayan-1, ISRO, India, NASA, water on moon, space science
