
അധ്യാപകനെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 23 Aug 2015
പോലീസിനു നേരെയും തോക്കുചൂണ്ടി
പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍
പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍
വളാഞ്ചേരി: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അധ്യാപകനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച രണ്ടംഗ ക്വട്ടേഷന്‍സംഘം അറസ്റ്റില്‍. പോലീസിനു നേരെ തോക്കുചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും വളാഞ്ചേരി സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തന്ത്രപരമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തൃശ്ശൂര്‍ ചാലക്കുടി കോട്ടേക്കാട്ടുകാരന്‍ വീട്ടില്‍ അനൂപ് (27), ചാലക്കുടി പുല്ലന്‍വീട്ടില്‍ നിവിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
അധ്യാപകന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുമെന്നും മകളുടെ വിവാഹം മുടക്കുമെന്നുംപറഞ്ഞ് പ്രതികള്‍ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് കേസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. വളാഞ്ചേരി സ്വദേശിയായ അധ്യാപകനുമായി ഇരുവരും സൗഹൃദംസ്ഥാപിച്ച് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.ഇത് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് മകളുടെ കല്യാണം മുടക്കാതിരിക്കണമെങ്കില്‍ 10 ലക്ഷംരൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ടെലിഫോണ്‍ വഴി അധ്യാപകനുമായി സൗഹൃദം സ്ഥാപിക്കാനും പണം ആവശ്യപ്പെടാനും പ്രതികള്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡുകള്‍ എടുത്തത്. പോലീസിന്റെ നിര്‍ദേശപ്രകാരം അധ്യാപകന്‍ വിളിച്ചതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഇരുവരും കുറ്റിപ്പുറത്തെത്തി. മഫ്തിയിലുള്ള പോലീസ്സംഘം പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഏറ്റുമുട്ടലിനൊടുവിലാണ് ഇരുവരും കീഴടങ്ങിയത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷിനു പുറമെ വളാഞ്ചേരി എസ്.ഐ. പി.എം. ഷമീര്‍, കുറ്റിപ്പുറം എസ്.ഐ. ജോസ് കുര്യന്‍, ജയപ്രകാശ്, അസീസ്, അബ്ദുള്‍ഷുക്കൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്. വ്യാജ അഡ്രസ്സില്‍ സിംകാര്‍ഡ് നല്‍കിയതിന് കമ്പനി ഡീലര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
