goodnews head

ബാക്കിയായ ടിക്കറ്റില്‍ ഭാഗ്യം: രമേശനും പ്രകാശനും കാരുണ്യയുടെ ഒരുകോടി

Posted on: 23 Aug 2015


ചെറുവത്തൂര്‍: കാലിക്കടവിലെ ലോട്ടറി വില്പനക്കാരന്‍ കെ.വി.രമേശനെയും സുഹൃത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ എം.പി.പ്രകാശനെയും ഭാഗ്യദേവത കടാക്ഷിച്ചു. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഒരുകോടി ഇരുവരും പങ്കിട്ടെടുക്കും. രമേശന്‍റെ കടയില്‍ ബാക്കിവന്ന ടിക്കറ്റിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

നറുക്കെടുക്കുന്നതിന് മുമ്പ് രമേശന്‍റെ കൈയില്‍ 50 രൂപയുടെ മൂന്ന് ടിക്കറ്റ് ബാക്കിയായി. നഷ്ടം വന്നാലും ലോട്ടറി കിട്ടിയാലും പങ്കിടാമെന്ന ധാരണയില്‍ പ്രകാശന്‍ 75 രൂപ രമേശന് നല്‍കി. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ ബാക്കിവന്ന ടിക്കറ്റിലെ കെ.ആര്‍.297846-ന് ഒന്നാംസമ്മാനം. ടിക്കറ്റ് ഇരുവരും ചേര്‍ന്ന് പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് കാലിക്കടവ് ശാഖയില്‍ ഏല്പിച്ചു.

വെള്ളൂര്‍ കണിയേരിയിലെ രമേശന്‍ കഴിഞ്ഞ 29 വര്‍ഷമായി കാലിക്കടവില്‍ സ്റ്റേഷനറിക്കട നടത്തിവരികയാണ്. കച്ചവടം വലിയ ഗുണംചെയ്തില്ല. ഇതേത്തുടര്‍ന്ന് ഒമ്പതു വര്‍ഷമായി ലോട്ടറി ടിക്കറ്റ് വില്പനയും തുടങ്ങി. ചെറിയൊരു വീട് പണിതതിന്‍റെ കടം തീര്‍ക്കാനുണ്ട്. രണ്ടുകുട്ടികളെ നന്നായി പഠിപ്പിക്കണം -രമേശന്‍ പറഞ്ഞു.

മറ്റൊരാളുടെ ഓട്ടോറിക്ഷ ഓടിച്ച് ജീവിതത്തിന് വക കണ്ടെത്തുന്നയാളാണ് ചന്തേരയിലെ എം.പി.പ്രകാശന്‍. അപ്രതീക്ഷിതമായി കടന്നുവന്ന ഭാഗ്യത്തില്‍ അമിത ആഹ്ലാദമൊന്നുമില്ല. സ്വന്തമായൊരു ഓട്ടോറിക്ഷ വാങ്ങണം, വീട് പുതുക്കിപ്പണിയണം, സഹോദരങ്ങളെ സഹായിക്കണം -ആഗ്രഹം പ്രകാശന്‍ തുറന്നു പറഞ്ഞു. സന്തോഷം പങ്കുവെക്കാന്‍ ഇരുവരും ചേര്‍ന്ന് കാലിക്കടവില്‍ ലഡുവിതരണം ചെയ്തു.

 

 




MathrubhumiMatrimonial