Crime News

എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മരണം: കോളേജ് അടിച്ചു തകര്‍ത്തു

Posted on: 23 Aug 2015


പോലീസിനെതിരെ വ്യാപക പ്രതിഷേധം
കുന്നംകുളം താലൂക്ക് ആസ്പത്രിയിലും അക്രമം
പ്രിന്‍സിപ്പലിനെയും മറ്റും തടഞ്ഞു


പെരുമ്പിലാവ് (തൃശ്ശൂര്‍): പോലീസിനെക്കണ്ട് ഭയന്നോടിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതരായ സഹപാഠികള്‍ അക്കിക്കാവ് റോയല്‍ എന്‍ജിനിയറിങ് കോളേജ് അടിച്ചു തകര്‍ത്തു. കോളേജിലെ മുന്നാം വര്‍ഷ ബി.െടക്. വിദ്യാര്‍ത്ഥി പാലക്കാട് കരിമ്പ പെരുമണ്ണ് തടത്തില്‍ പറമ്പില്‍ ഹംസയുടെ മകന്‍ ഷഹീന്‍ (20) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. അസ്വാഭാവിക മരണത്തിന് കുന്നംകുളം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമാണ് കോളേജിനു നേരെ അക്രമം നടന്നത്.

ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഷെഹീനിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം പരിശോധന നടക്കുന്നതിനിടെ എത്തിയ കോളേജ് പ്രിന്‍സിപ്പല്‍ പ്രസ് ലി ഷാനെയും മാനേജ്‌മെന്റ് പ്രതിനിധികളെയും വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ മടക്കി അയച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്ന കുന്നംകുളം താലൂക്ക് ആസ്പത്രയിലും വെള്ളിയാഴ്ച രാത്രി അക്രമം നടന്നു. ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെയും ഡ്യൂട്ടി ഡോക്ടറെയും ആസ്പത്രി ജീവനക്കാരെയും മര്‍ദ്ദിക്കുകയും ആസ്പത്രി ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് റോയല്‍ എന്‍ജിനിയറിങ്ങ് കോളേജിലെ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്. കെ.എസ്.യു.ക്കാരായ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കോളേജിനടുത്തുള്ള വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് അന്വേഷണത്തിനെത്തിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് നടത്തിയ ചൂരല്‍ പ്രയോഗത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിരണ്ടോടി. ഓട്ടത്തിനിടയില്‍ ഷഹീന്‍ കിണറ്റില്‍ വീഴുകയായിരുന്നു.

ഷഹീനിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ സഹപാഠികളാണ് കിണറ്റില്‍ ചെരുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും ഏത്തി മൃതദ്ദേഹം പുറത്തെടുക്കുകയായിരുന്നു. ഷെഹീനെ കാണാതായെന്ന് അറിയിച്ചിട്ടും തിരച്ചില്‍ നടത്താന്‍ തയ്യാറായില്ലെന്നതാണ് പോലീസിനെതിരെയുള്ള പ്രധാന ആരോപണം. ബന്ധുക്കളെ വിവരമറിയിച്ചില്ലെന്ന പരാതിയുമുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകിട്ട് പട്ടിശ്ശേരി ജുമാ മസ്ജിദില്‍ കബറടക്കം നടത്തി. ഫാത്തിമയാണ് ഉമ്മ. സജീര്‍, ഷബീര്‍, ഷമീറ എന്നിവര്‍ സഹോദരങ്ങളാണ്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടിനും പുലര്‍ച്ചെ മൂന്നിനുമാണ് കോളേജില്‍ അക്രമം നടന്നത്. കാന്പസില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്, രണ്ട് കാര്‍, റിസപ്ഷന്‍ കൗണ്ടര്‍, സി.സി.ടി.വി. ക്യാമറകള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സി.എ.ഒയുടെയും ഓഫീസ് സൂപ്രണ്ടിന്റെയും മുറികള്‍ തുടങ്ങിയവ തകര്‍ത്തു. പ്രിന്‍സിപ്പലിന്റെ മുറി അടിച്ചുതകര്‍ക്കുകയും ഫയലുകള്‍ വാരിവലിച്ചിടുകയും ചെയ്തു. അക്രമത്തില്‍ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് കുന്നംകുളം താലൂക്ക് ആസ്പത്രിയില്‍ അക്രമം നടന്നത്. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ഇര്‍ഷാദ്(20), ഡ്യൂട്ടി ഡോക്ടര്‍ ഡോ. ടി.വി. ബിനീഷ്, ആസ്പത്രി ജീവനക്കാര്‍ എന്നിവരെയാണ് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. ആസ്പത്രി ഉപകരണങ്ങള്‍, റിസപ്ഷന്‍ കൗണ്ടര്‍, ഫോണ്‍ തുടങ്ങിയവ തകര്‍ത്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തു.

 

 




MathrubhumiMatrimonial