Crime News

ബാര്‍ കോഴ: സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതെന്തിനെന്ന് കോടതി

Posted on: 23 Aug 2015



തിരുവനന്തപുരം: ബാര്‍ കോഴ േകസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ആരാഞ്ഞു. അഡ്വേക്കറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും ഉള്ളപ്പോള്‍ അവരെ മറികടന്ന് സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നും നിയമോപദേശം തേടിയത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കോടതി ചോദിച്ചു.

ഇക്കാര്യമറിയിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. വസ്തുതാറിപ്പോര്‍ട്ടിനും അന്തിമ റിപ്പോര്‍ട്ടിനുമിടയില്‍ തുടരന്വേഷണം നടത്തിയോ എന്നും കോടതി ചോദിച്ചു. കേസ് അവസാനിപ്പിക്കരുതെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും ബി.ജെ.പി.ക്കും വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദത്തിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ രമേശ് ബാബുവിന്റെ നിയമോപദേശത്തിന് ശേഷമാണ് വിജലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ തീരുമാനിച്ചതെന്ന് നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അങ്ങനെതന്നെയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി, അടുത്ത തവണ വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂട്ടറോട് നിര്‍ദേശിച്ചു.

കെ.എം.മാണിയെ വിചാരണ ചെയ്യണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വസ്തുതാവിവര റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടില്‍ അത് വേണ്ടെന്നുെവച്ചതിലെ വൈരുദ്ധ്യം എന്താണെന്നും കോടതി ആരാഞ്ഞു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടും ബിജു രമേശിന്റെ രഹസ്യമൊഴിയും തെളിവായി സ്വീകരിക്കുന്നതിന് വിജിലന്‍സ് തയ്യാറായില്ലെന്ന് ആം ആദ്മി നേതാവ് സാറാ ജോസഫിനുവേണ്ടി ഹാജരായ അജിത്ത് ജോയി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ബാര്‍ ഒാേണഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാണിയെ കാണാനെത്തിയതിന് ശാസ്ത്രീയമായ തെളിവുകള്‍ വിജിലന്‍സിന്റെ കൈവശമുണ്ടെന്ന് ബി.ജെ.പി.യുടെ അഭിഭാഷകന്‍ പി.സന്തോഷ്‌കുമാര്‍ കോടതിയെ ധരിപ്പിച്ചു. 2014 ഏപ്രില്‍ 2ന് പണം നല്‍കാന്‍ പോകുന്നതിനുമുമ്പ് രാജ്കുമാര്‍ പണം അടങ്ങിയ കവര്‍ നന്ദന്‍കോട്ടെ ബന്ധുവീട്ടില്‍ െവച്ചിട്ടാണ് പോയതെന്ന അഭിഭാഷകന്‍ അജിത് ജോയിയുടെ വാദത്തെ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു.

കേസ് അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കും. എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്റെയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെയും അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ.യും കേസില്‍ കക്ഷിചേര്‍ന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയും അദ്ദേഹം ഫയല്‍ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍. വിജുവിനുവേണ്ടി പുതിയ ഹര്‍ജി നല്‍കി. ഇത് കോടതി ഫയലില്‍ സ്വീകരിച്ചു.

 

 




MathrubhumiMatrimonial