
ആനവേട്ടക്കേസ്: പ്രതികളെ മര്‍ദിച്ചതിന് ഐ.എഫ്.എസ്. ദമ്പതിമാര്‍ക്കെതിരെ കേസ്
Posted on: 19 Aug 2015

ആനവേട്ട കേസില്‍ വനം വകുപ്പ് പിടികൂടിയ അജി ബ്രൈറ്റിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അജി ബ്രൈറ്റ് മുവാറ്റുപുഴ സബ് ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പിന്നീട് അജി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മുവാറ്റുപുഴ പോലീസ് അജി ബ്രൈറ്റില്‍ നിന്ന് മൊഴിയെടുത്തു. ആനവേട്ട കേസുമായി ബന്ധപ്പെട്ട് ഇയാള്‍ തിരുവനന്തപുരത്താണ് അറസ്റ്റിലായത്. തനിക്ക് തിരുവനന്തപുരത്ത് വനംവകുപ്പിന്റെ കസ്റ്റഡിയില്‍വെച്ച് ക്രൂര മര്‍ദനമേറ്റുവെന്നാണ് അജി പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് മ്യൂസിയം പോലീസിന് കൈമാറിയത്.
ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെന്നതിനാല്‍ ആര് അന്വേഷിക്കണമെന്നതുസംബന്ധിച്ച തീരുമാനത്തിനായി മ്യൂസിയം പോലീസ് മേലധികാരികളെ സമീപിച്ചിട്ടുണ്ട്.
ആനവേട്ട കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി പോലീസ് മേധാവി ടി.പി.സെന്‍കുമാറിനോട് നിര്‍ദേശിച്ചിരുന്നു. ഉന്നതോദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
