Crime News

തട്ടിപ്പുകേസ് പ്രതിയായ യുവതി കുതിരവട്ടത്തെ ചുമര്‍ തുരന്ന് രക്ഷപ്പെട്ടു

Posted on: 17 Aug 2015


* ആറുമീറ്റര്‍ ഉയരമുള്ള ചുറ്റുമതില്‍ ചാടാന്‍ കിടക്കവിരികള്‍ കൂട്ടിക്കെട്ടി


കോഴിക്കോട്:
ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ നിന്ന് ചുമര്‍ തുരന്ന് രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി തെക്കേല്‍ അകത്ത് വീട്ടില്‍ നസീമ (28)യാണ് നാടകീയമായി രക്ഷപ്പെട്ടത്. കോഴിക്കോട്, മലപ്പുറം , തൃശ്ശൂര്‍ ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇവര്‍ സീന, സീന ജോണ്‍, സീമ എന്നീ പേരുകളിലും അറിയപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അഞ്ചാം വാര്‍ഡിലെ എട്ടാംനമ്പര്‍ സെല്ലില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നസീമയെ ഒറ്റയ്ക്കാണ് സെല്ലില്‍ അടച്ചിരുന്നത്. സെല്ലിന്റെ മുകളിലെ ജനലിനോട് ചേര്‍ന്ന ചുമര്‍ കൈമഴു ഉപയോഗിച്ച് തകര്‍ത്തു. ജനലിന്റെ ഭാഗത്തുനിന്ന് അടത്തിയെടുത്ത കല്ലുകള്‍ സെല്ലിനുള്ളില്‍ അടുക്കിവെച്ച് അതില്‍ കയറി ദ്വാരത്തിലൂടെ പുറത്ത് കടന്നു. സെല്ലില്‍ പുതയ്ക്കാനും വിരിക്കാനും നല്‍കിയ മൂന്ന് തുണി ഷീറ്റുകള്‍ കൂട്ടികെട്ടി ആസ്പത്രി കോമ്പൗണ്ടിന്റെ കിഴക്കെ ഭാഗത്തെ മതിലിന് മുകളിലെ വേലിയുടെ ഇരുമ്പ് കുറ്റിയില്‍ കെട്ടി. ആറ് മീറ്ററോളം താഴെയായുള്ള പുറത്തെ റോഡിലേക്ക് ഈ ഷീറ്റില്‍ തൂങ്ങി രക്ഷപ്പെട്ടുവെന്നതാണ് നിഗമനം. റോഡിലേക്ക് തൂങ്ങിക്കിടന്ന ഷീറ്റുകളും കൈമഴുവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ആള്‍മാറാട്ടം, വഞ്ചന, കൃത്രിമരേഖ നിര്‍മിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി ഈ വര്‍ഷം വേങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു നസീമ. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 11-നാണ് കുതിരവട്ടത് പ്രവേശിപ്പിച്ചത്.

2004-ല്‍ തൃശ്ശൂര്‍ പേരാമംഗലം പോലീസും പരപ്പനങ്ങാടി പോലീസും രജിസ്റ്റര്‍ ചെയ്ത കേസില്‍ നസീമയുടെ കൂട്ടുപ്രതിയായ കോട്ടൂളി സ്വദേശി വില്‍ഫ്രെഡിനെ ശനിയാഴ്ച ഉച്ചമുതല്‍ വീട്ടില്‍ നിന്ന് കാണാതായതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് മുങ്ങിയതാണെന്നാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ സംശയം. എസ്.ഐ. അശോകനാണ് അന്വേഷണച്ചുമതല. കണ്ണൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണെന്ന് അവകാശപ്പെട്ടാണ് പലയിടത്തും ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial