Crime News

ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ വെട്ടേറ്റ് മരിച്ചനിലയില്‍

Posted on: 15 Aug 2015


ഹരിപ്പാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. നങ്ങ്യാര്‍കുളങ്ങര മണിമല ജങ്ഷന് സമീപം ഭാരതി വീട്ടില്‍ സുരന്റെ ഭാര്യ ജലജ (51) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടത്. വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ട്. മുറിയില്‍ രക്തം തളംകെട്ടിയ നിലയിലാണ്. ശരീരത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മൂന്ന് വളകളും മാലയും ഇതിലുള്‍പ്പെടും. ജലജയുടെ മൊബൈല്‍ ഫോണും കാണാനില്ല. അലമാരകളും ബാഗും തുറന്ന് പരിശോധിച്ച നിലയിലാണ്. മുകള്‍ നിലയിലെ ശുചിമുറിയില്‍ കൊലപാതകി കൈ കഴുകിയതിന്റെ അടയാളങ്ങളുണ്ട്. കൊലപാതകിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു.

ജലജയുടെ ഭര്‍ത്താവ് സുരന്‍ ദുബായിലാണ്. മകള്‍ അമ്മു എന്‍ജിനീയറിങ്ങിന് ശേഷം ചെന്നൈയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മകന്‍ ആരോമല്‍ ചെന്നൈയില്‍ ഉപരിപഠനം നടത്തുകയാണ്. മക്കള്‍ക്കൊപ്പമായിരുന്ന ജലജ കഴിഞ്ഞ ഒമ്പതിനാണ് നാട്ടില്‍വന്നത്. കഴിഞ്ഞദിവസം ഇവര്‍ ബാങ്കില്‍നിന്ന് പണമെടുത്തിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.

വ്യാഴാഴ്ച രാത്രി സുരന്‍ ജലജയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇത് പതിവില്ലാത്തതിനാല്‍ സുരന്‍ ചെന്നൈയിലുള്ള ആരോമലിനെ വിളിച്ചു. ആരോമല്‍ അടുത്ത വീട്ടിലുള്ളവരെ വിളിച്ചന്വേഷിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

രാത്രിതന്നെ കരീലക്കുളങ്ങര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജില്ലാ പോലീസ് സൂപ്രണ്ട് വി. സുരേഷ്‌കുമാര്‍, ചെങ്ങന്നൂര്‍ എ.എസ്.പി. അരുള്‍ ബി. കൃഷ്ണ, സി.ഐ.മാരായ കെ.എസ്. ഉദയഭാനു, ടി. മനോജ്, ജോസ് മാത്യു എന്നിവരുള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തു. മൊബൈല്‍ ടവര്‍ േകന്ദ്രീകരിച്ചുള്ള അന്വേഷണവും തുടങ്ങി.

 

 




MathrubhumiMatrimonial