
ഹനീഫ വധം: രണ്ടാം പ്രതിയെ നാട്ടുകാര്‍ പിടികൂടി; സി.ഐ.ക്ക് സ്ഥലംമാറ്റം
Posted on: 14 Aug 2015

അതിനിടെ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ സി.ഐ. പി. അബ്ദുള്‍ മുനീറിനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റി. പ്രതികളെ സംരക്ഷിക്കുന്നെന്ന് ഹനീഫയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
ഡി.വൈ.എസ്.പി. എ.ഡി. സന്തോഷ്‌കുമാര്‍ തലവനായ ഒമ്പതംഗ അന്വേഷണസംഘത്തിലെ അംഗമാണ് ചാവക്കാട് സി.ഐ. പി. അബ്ദുള്‍ മുനീര്‍. കൊലപതകത്തില്‍ ഐ. ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന് പങ്കുണ്ടെന്നും ഹനീഫയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതികള്‍ മുമ്പ് കേസില്‍ കുടുങ്ങുമ്പോഴൊക്കെ രക്ഷയ്ക്ക് എത്താറുള്ളത് ഗോപനാണെന്നും ഇവരെ സഹായിക്കുന്നത് സി.ഐ. അബ്ദുള്‍മുനീറാണെന്നുമായിരുന്നു അവരുടെ പരാതി. മുമ്പ് രണ്ടുതവണ ചാവക്കാട് എസ്.ഐ.യായി ജോലി ചെയ്തിട്ടുള്ളയാളാണ് അബ്ദുള്‍ മുനീര്‍.
കേസിലെ രണ്ടാം പ്രതി അന്‍സാറിനെ പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ മാതാവിന്റെ വീടു വളഞ്ഞ് നാട്ടുകാര്‍ പിടികൂടിയതും പോലീസിനു തിരിച്ചടിയായിരിക്കുകയാണ്. സ്‌കൂളിനു സമീപത്തുകൂടി നടന്നുപോയിരുന്ന ചിലര്‍ അന്‍സാറിനെ വീട്ടില്‍ കാണുകയായിരുന്നു. അവര്‍ വിവരം ഹനീഫയുടെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരെക്കൂട്ടി വീടുവളഞ്ഞ് പിടികൂടിയ ശേഷം പോലീസിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈ.എസ്.പി. എ.ഡി. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
വീട്ടില്‍ അഭയം തേടിയ ഫൈസലിനെയും ഷക്കീറിനെയും ഒന്നും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന്് ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഹനീഫയ്ക്ക് കുത്തേറ്റതെന്നാണ് പോലീസ് പറയുന്നത്. മുഖ്യ പ്രതി ഷെമീര്‍ ഹനീഫയെ കൊലപ്പെടുത്തുമ്പോള്‍ അന്‍സാര്‍ ഒപ്പമുണ്ടായിരുന്നു. 11 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതിയായ ഷെമീറിനെ കൊല നടന്നതിന്റെ പിറ്റേ ദിവസം ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഷെമീറിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്്. കേസിലെ അഞ്ചാംപ്രതി തിരുവത്ര കുന്നത്ത് അഫ്‌സല്‍ (32) ബുധനാഴ്ച ചാവക്കാട് കോടതിയില്‍ കീഴടങ്ങി. ഇയാളെയും റിമാന്‍ഡ് ചെയ്തു.
