Crime News

ധനുഷ് ആത്മഹത്യ ചെയ്യില്ലെന്നും നിജസ്ഥിതി അറിയണമെന്നും അമ്മ

Posted on: 13 Aug 2015


പത്തനാപുരം: എന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മറ്റാര്‍ക്കോ സംഭവിച്ച പിഴവാണ്. പിഴവുപറ്റിയവരോട് പൊറുക്കാം. എന്നാല്‍ നിജസ്ഥിതി വെളിച്ചത്തുവരണം. അതിനായി ഏതറ്റംവരെയും പോകും. കോഴിക്കോട്ട് എന്‍.സി.സി. ക്യാമ്പില്‍ വെടിയേറ്റ് മരിച്ച ധനുഷ് കൃഷ്ണ (17) ന്റെ അമ്മ വി.പി.രമാദേവി ഇങ്ങനെ പറയുമ്പോള്‍ മകനെ നഷ്ടപ്പെട്ട വേദനയേക്കാള്‍ മരണകാരണം എന്തെന്ന സംശയമായിരുന്നു വാക്കുകളില്‍ നിഴലിച്ചത്.
പട്ടാഴി വടക്കേക്കര മണയറ മുക്കൂട്ടുമണ്‍വീട്ടില്‍ (ശ്രീഹരി) ധനുഷ് കൃഷ്ണ ചൊവ്വാഴ്ചയാണ് എന്‍.സി.സി. തത്സൈനിക ക്യാമ്പില്‍ വെടിയേറ്റ് മരിച്ചത്. വെടിവെപ്പ് പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റനിലയില്‍ കണ്ടത്. ആത്മഹത്യയാണെന്ന എന്‍.സി.സി. അധികൃതരുടെ വാദത്തിനെതിരെയാണ് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്. ധനുഷ് മുമ്പ് ഏഴ് ക്യാമ്പുകളില്‍ പങ്കെടുക്കുകയും തോക്ക് കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബെസ്റ്റ് ഷൂട്ടര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. അപ്പോള്‍ അബദ്ധം പറ്റിയതാണെന്ന വാദത്തിലും കഴമ്പില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം സംഭവിച്ച് രണ്ടുമണിക്കൂറിന് ശേഷംമാത്രം വീട്ടില്‍ വിവരം അറിയിച്ചതിലും ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നു.
കഴിഞ്ഞ എട്ടിന് ക്യാമ്പില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോയശേഷം ഇടയ്ക്കിടയ്ക്ക് ധനുഷ് വീട്ടിലെക്ക് ഫോണ്‍ ചെയ്തിരുന്നതായി അമ്മ രമാദേവി പറഞ്ഞു. അവസാനത്തെ വിളിയിലും സന്തോഷത്തോടെയാണ് സംസാരിച്ചത്. എനിക്കുവേണ്ടി പ്രാര്‍ഥിക്കണം. ബുദ്ധിമുട്ടാണെങ്കിലും അവസാനത്തെ കടമ്പയും കടന്ന് ഞാന്‍ ഡല്‍ഹിക്ക് പോകുമെന്നറിയിച്ചു. പട്ടാളത്തില്‍ ഉയര്‍ന്ന ജോലി ധനുഷിന്റെ സ്വപ്‌നമായിരുന്നു. തന്റെ മകന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്നും സത്യം തുറന്നുപറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പഞ്ചായത്ത് അംഗംകൂടിയായ വി.പി.രമാദേവി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ധനുഷ് പ്ലസ്ടുവിന് പഠിച്ചിരുന്ന മാലൂര്‍ എം.ടി.ഡി.എം.എച്ച്.എസ്.എസ്സില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശവസംസ്‌കാരം 11.30ന് മുക്കൂട്ടുമണ്‍ കുടുംബവീട്ടുവളപ്പില്‍.

 

 




MathrubhumiMatrimonial