Crime News

സ്വാമി രാഘവേന്ദ്രയെ കണ്ടെത്തല്‍: കേസ് സി.ബി.ഐ.ക്ക് വിട്ടു

Posted on: 13 Aug 2015


കൊച്ചി: കാശി മഠത്തിലെ വിഗ്രഹവും ആഭരണവുമായി കാണാതായ സ്വാമി രാഘവേന്ദ്രയെ കണ്ടെത്താനുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വാമി രാഘവേന്ദ്രയെ കണ്ടെത്തി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് വി. ചിതംബരേഷ് ഉത്തരവിട്ടിട്ടുള്ളത്. തുടര്‍ന്ന് ജില്ലാ കോടതിയില്‍ ഹാജരാക്കണം.
ആഭരണങ്ങളും വിഗ്രഹവും കാശി മഠത്തിന് അവകാശപ്പെട്ടതാണെന്ന തിരുപ്പതി കോടതിയുടെ വിധി നടപ്പാക്കിക്കിട്ടാന്‍ കാശി മഠാധിപതി സ്വാമി സുധീന്ദ്രതീര്‍ഥ സമര്‍പ്പിച്ച ഹര്‍ജിയാണ് എറണാകുളത്ത് ജില്ലാ കോടതിയില്‍ നിലനില്‍ക്കുന്നത്.
വിഗ്രഹവും കോടിക്കണക്കിന് വില വരുന്ന രത്‌നം പതിച്ച 234 ആഭരണങ്ങളും വെള്ളി സാമഗ്രികളും സ്വാമി രാഘവേന്ദ്രയില്‍ നിന്ന് മഠത്തിന് തിരികെ കിട്ടണമെന്നാണ് ആവശ്യം. ഭൗതിക മൂല്യത്തേക്കാള്‍ വിലപ്പെട്ടതാണ് വിഗ്രഹമുള്‍പ്പെടെയുള്ളവ. അതിന്റെ ദേശീയ പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേസ് സി.ബി.ഐ.ക്ക് വിടുന്നതെന്ന് കോടതി വ്യക്തമാക്കി.
സ്വാമി രാഘവേന്ദ്ര രാഷ്ട്രീയ തലത്തിലുള്‍പ്പൈട സ്വാധീനമുള്ള വ്യക്തിയാണെന്നും തിരുപ്പതി കോടതിയുടെ വിധിയെ കളിയാക്കും വിധമാണ് വിധി നടത്തിപ്പിന് തടസ്സം നില്‍ക്കുന്നതെന്നും ഹര്‍ജിഭാഗം ബോധിപ്പിച്ചു. സ്വാമി സുധീന്ദ്രതീര്‍ഥയ്ക്കു വേണ്ടി സുപ്രീംകോടതിയിലെ അഭിഭാഷകനായ വെങ്കടരമണിയും അഡ്വ. കെ. ലക്ഷ്മീനാരായണനും ഹാജരായി.
പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കാശി മഠാധിപതി സ്വാമി സുധീന്ദ്രതീര്‍ഥ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വാമി രാഘവേന്ദ്രതീര്‍ഥ കേരളത്തിന് പുറത്ത് ഒളിച്ചു താമസിക്കുന്നതിനാല്‍ സി.ബി.ഐ. അന്വേഷണമാണ് ഉചിതമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാമെന്നും ബോധിപ്പിച്ചിരുന്നു.

 

 




MathrubhumiMatrimonial