
മൗനിബാബയുടെ 'പ്രശാന്തി'ക്കുമേല്‍ വിവാദത്തിന്റെ അശാന്തി
Posted on: 13 Aug 2015
കെ.ബാലകൃഷ്ണന്‍

നിയമപ്രകാരം വിവാഹം ചെയ്തിരുന്നില്ലെങ്കിലും 1958 മുതല്‍ ബാബയുടെ ഒന്നിച്ചുകഴിഞ്ഞിരുന്ന സാവിത്രിയമ്മയ്ക്ക് കൈവന്നതായി പറയുന്ന സ്വത്തുക്കള്‍ സമ്മര്‍ദത്തിനു വഴങ്ങി രണ്ടുപേര്‍ക്ക് എഴുതിക്കൊടുക്കുകയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും സ്ഥലം ട്രസ്റ്റ് രൂപവത്കരിച്ച് പൊതു ഉപയോഗത്തിനായി മാറ്റണമെന്നുമാണ് നാട്ടില്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്. ബാബയുടെ സ്വത്ത് സംരക്ഷണത്തിനായി കര്‍മസമിതിയും നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍ ''കൃഷ്ണാജി എനിക്ക് ഒസ്യത്തായി എഴുതിത്തന്ന സ്വത്താണിതെന്നും അത് താന്‍ കൈകാര്യം ചെയ്യുന്നതില്‍ ദുരൂഹതയ്ക്ക് ഇടമി''ല്ലെന്നും കേന്ദ്ര ഗവണ്‍മെന്റില്‍ തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച സാവിത്രിയമ്മ പറയുന്നു. പ്രശാന്ത് എന്ന പേരില്‍ ബാബ നിര്‍മിച്ച സവിശേഷമായ തപോഗൃഹത്തിനടുത്തായി ബാബയുടെ സ്മൃതിമണ്ഡപം പണിയാനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സാവിത്രി പറഞ്ഞു. അതിന് നേതൃത്വം നല്‍കുകയും ബാബയുടെ സ്മരണ നിലനിര്‍ത്താന്‍ ദീര്‍ഘകാലമായി തനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കാണ് താന്‍ സ്ഥലം നല്‍കിയതെന്നും അവര്‍ പറയുന്നു. കെ.ടി.സുധാകരന്‍, ടി.കെ.പ്രകാശന്‍ എന്നിവര്‍ക്ക് സ്ഥലം നല്‍കാനാണ് സാവിത്രി ഒസ്യത്തെഴുതിയിരിക്കുന്നത്.
കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയായ സാവിത്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കൃഷ്ണന്‍കുട്ടി എന്ന കൃഷ്ണാജിക്കൊപ്പം ചേര്‍ന്നതാണ്. ഷിര്‍ദിസായിബാബയുടെ ശിഷ്യനായ മെഹര്‍ബാബയുടെ ശിഷ്യനായ ശേഷം 1960-കളുടെ അവസാനം മുതല്‍ മൗനം വരിക്കുകയും ആംഗ്യഭാഷ ഉപയോഗിക്കുകയും ചെയ്തുപോന്ന കൃഷ്ണന്‍കുട്ടിയുടെ(കൃഷ്ണാജി) ആംഗ്യം ഇന്ത്യയിലെത്തുമ്പോള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുപോന്നിരുന്നത് സാവിത്രിയാണ് . കേന്ദ്ര ഗവണ്‍മെന്റില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ തായലവളപ്പില്‍ അച്യുതന്റെ മകനാണ് പില്‍ക്കാലത്ത് മൗനിബാബ എന്നറിയപ്പെട്ട പരവതാനി-രത്‌നക്കല്ല് കയറ്റുമതിക്കാരനായ മൗനിബാബ. ഇംഗ്ലണ്ടിലും അമേരിക്കയിലുമായിരുന്നു വ്യാപാര സാമ്രാജ്യം. ബാബയുടെ അമേരിക്കയിലെ ശേഷിപ്പുകളെക്കുറിച്ച് വ്യക്തതയില്ല. ഇന്ത്യയിലെയും അമേരിക്കയിലെയും തന്റെ സ്വത്തുക്കള്‍ സാവിത്രിയുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ രൂപവത്കരിച്ച് കൈമാറും എന്ന് ബാബ വ്യക്തമാക്കിയിരുന്നുവെന്നും അതിനുശേഷമാണ് അമേരിക്കയില്‍ വെച്ച് ബാബ ദുരൂഹസാഹചര്യത്തില്‍ മരിച്ചതെന്നും പ്രചാരണമുണ്ടായിരുന്നു
ബാബയുടെ പ്രശാന്ത് ഭവനോട് ചേര്‍ന്ന് 33.70 ഏക്കര്‍ സ്ഥമുണ്ടെങ്കിലും തായലവളപ്പില്‍ കൃഷ്ണന്‍കുട്ടി എന്ന മൗനിബാബയുടെ പേരില്‍ തപോഗൃഹമുള്‍ക്കൊള്ളുന്ന( ഈ തപോഗൃഹത്തില്‍ മുന്‍ പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ ധ്യാനമിരുന്നിട്ടുണ്ട്.) ഒരേക്കറുള്‍പ്പെടെ ആറേക്കറും സാവിത്രി, ഗുരുദീപ് കൗര്‍ എന്നിവരുടെ സംയുക്ത ഉടമസ്ഥതയില്‍ പത്തേക്കര്‍, ചന്ദന്‍സ്വരൂപ് എന്നയാളുടെ പേരില്‍ അഞ്ചേക്കറുമാണ് രേഖപ്രകാരം ഉള്ളത്. ബാക്കി 12.70 ഏക്കര്‍ പിതാവായ അച്യുതന്റെ വകയില്‍ കൃഷ്ണന്‍കുട്ടിക്ക് കൈവന്നതാണത്രെ. എന്നാല്‍ ബാബയുടെ പേരില്‍ത്തന്നെ രേഖയുള്ളത് 18.70 ഏക്കര്‍ വരുമെന്നതിനാല്‍ ഭൂപരിധിയുടെ ലംഘനമാണ്. കുടുംബത്തിന്റെ പേരിലാണെങ്കില്‍ 15 ഏക്കറിലധികമുണ്ടായാല്‍ ബാക്കി മിച്ചഭൂമിയായി സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതാണ്. ബാബ നിയമപ്രകാരം വിവാഹിതനല്ലാത്തതിനാല്‍ ഏഴര ഏക്കര്‍ മാത്രമേ ബാബയുടെ പേരില്‍ നിയമപ്രകാരം അനുവദനീയമായിട്ടുള്ളൂ. പൈതൃകമായി കിട്ടിയ സ്ഥലത്തോടുചേര്‍ന്ന് 20 ഏക്കറിലധികം സ്ഥലം വിലയ്‌ക്കെടുത്ത മൗനിബാബ ഭൂപരിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ ആരാധകരില്‍ ചിലരുടെ പേരിലും ഭൂമി എഴുതിവെച്ചതാവാമെന്ന് കരുതുന്നു.
2010ല്‍ മരിച്ച ബാബ 2003-ല്‍ത്തന്നെ ഒസ്യത്ത് എഴുതിവെച്ചിരുന്നുവത്രെ. പക്ഷേ, അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തന്റെ എല്ലാ സ്വത്തുക്കളും സാവിത്രിയമ്മയില്‍ നിക്ഷിപ്തമാകുമെന്നാണ് വിവാദാസ്പദമായ വില്പത്രത്തിലുള്ളത്. ഇതിന്റെ ബലത്തിലാണ് താന്‍ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതെന്ന് സാവിത്രി വ്യക്തമാക്കി. ചലച്ചിത്ര പ്രവര്‍ത്തകനും കൂടിയായ ചെറുവത്തൂരിലെ തന്നെ കെ.ടി.സുധാകരനാണ് സാവിത്രിയമ്മ അഞ്ചേക്കര്‍ സ്ഥലം ദാനാധാരമായി നല്‍കിയത്. അവശേഷിച്ച 13.70 ഏക്കര്‍ സ്ഥലം സുധാകരന്റെയും തന്റെ സഹോദരീപുത്രനായ ടി.കെ.പ്രകാശന്റെയും പേരില്‍ നല്‍കുന്നതിന് ഒസ്യത്ത് എഴുതിവെച്ചിരിക്കുകയാണത്രെ. ഡല്‍ഹി സ്വദേശിയായ ഗുരുദീപ്കൗറിന്റെ പേരിലുള്ള അഞ്ചേക്കര്‍ സാവിത്രിയമ്മയുടെ അഞ്ചേക്കറിനൊപ്പം കൂട്ടുരേഖയില്‍പെട്ടതാണ്. കൂട്ടുസ്വത്തില്‍ തന്റെ പേരിലുള്ള അഞ്ചേക്കറും ബന്ധുവായ പ്രകാശന് നല്‍കിയിട്ടുണ്ടത്രേ.
