Crime News

മറുനാടന്‍ തൊഴിലാളികള്‍ വഴി ലഹരിക്കടത്ത്: പരിശോധന നിര്‍ദേശം പോലീസ് അവഗണിച്ചു

Posted on: 13 Aug 2015


കണ്ണൂര്‍: കേരളത്തിലേക്ക് വരുന്ന മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ച് ലഹരി കടത്തുന്നതായും വിവരം.
ആന്ധ്രയില്‍നിന്ന് കഞ്ചാവും മഹാരാഷ്ട്രയില്‍നിന്ന് ബ്രൗണ്‍ഷുഗറുമാണ് ഇങ്ങനെ എത്തുന്നതിലേറെയും. മറുനാടന്‍ തൊഴിലാളികളെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്റ്റേഷന്‍ പരിധിയിലും പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശമുണ്ടായിരുന്നു. ഇത് പൂര്‍ണമായും പോലീസ് അവഗണിച്ചു. ഇതോടെയാണ് മറുനാടന്‍ തൊഴിലാളിക്കടത്തിന് ഏജന്റുമാര്‍ സക്രിയമായത്.

ഓരോ സ്റ്റേഷനുകീഴിലെയും മറുനാടന്‍ തൊഴിലാളികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും ലഹരിക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്ന സംശയമുണ്ടെങ്കില്‍ നിരീക്ഷിക്കാനുമായിരുന്നു പോലീസിന് നല്‍കിയ നിര്‍ദേശം. എല്ലാ പോലീസ് സ്റ്റേഷനിലും മൈഗ്രന്റ് ലേബേഴ്‌സ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രജിസ്റ്റര്‍ സൂക്ഷിക്കാന്‍ പോലും മിക്ക സ്റ്റേഷന്‍ ഓഫീസര്‍മാരും തയ്യാറായിട്ടില്ല. സൂക്ഷിച്ച സ്ഥലങ്ങളില്‍ തൊഴിലാളികളെക്കുറിച്ച് കൃത്യമായി വിവരങ്ങളുമില്ല. തൊഴിലാളികളെ എത്തിക്കുന്നതിന്റെ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

കരാറുകാരും ഏജന്റുമാരും ജോലിക്കായി കൊണ്ടുവരുന്ന തൊഴിലാളികളുടെ പേരും വിലാസവും ഫോട്ടോയും പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതുസഹിതമുള്ള വിവരങ്ങളാണ് പോലീസ് സ്റ്റേഷനിലെ ലേബേഴ്‌സ് രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടത്. രേഖയില്ലാതെ തൊഴിലാളികളെ എത്തിക്കുന്നതിനാല്‍ കരാറുകാര്‍ ഇത്തരം വിവരങ്ങള്‍ പോലീസിന് നല്‍കാറില്ല. തൊഴിലാളികളുടെ ഉത്തരവാദിത്വം ഒഴിവാക്കാന്‍ വേണ്ടിയാണിത്.

മറുനാടന്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ നിരന്തര പട്രോളിങ് നടത്തണമെന്നും പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ഓരോ സ്റ്റേഷനിലെയും സ്റ്റേഷന്‍ ഓഫീസര്‍ക്കായിരുന്നു ഇതിന്റെയും ചുമതല. തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും നിരീക്ഷിക്കാനുമാണ് ഇടയ്ക്കിടെ പട്രോളിങ് വേണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, മറുനാടന്‍ തൊഴിലാളികളെ കുറിച്ചുള്ള വിരങ്ങള്‍ ശേഖരിക്കാനോ പരിശോധന നടത്താനോ പോലീസിനായിട്ടില്ല.

ലഹരിക്കടത്ത് കേസുകള്‍ കൂടിയതോടെ കേസില്‍കുടുങ്ങുന്ന മറുനാടന്‍ തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ അവരുടെ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് പോലീസ് അട്ടിമറിക്കുന്നത്.

മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നവര്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്നിവരെയൊക്കെ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശിച്ചത്. ഇവിടെ മുന്‍ മയക്കുമരുന്ന് കുറ്റവാളികളോ ക്രിമിനലുകളോ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ഫലപ്രദമായിട്ടില്ല. മറുനാടന്‍ തൊഴിലാളികള്‍ പ്രതികളായ കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകള്‍ കൂടിയതിനാല്‍ ഇക്കാര്യം കാര്യക്ഷമമാക്കാനുള്ള നടപടി ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നുണ്ട്.

 

 




MathrubhumiMatrimonial