goodnews head

കരളില്‍ തൊട്ട് രാധാകൃഷ്ണന്‍ പറയും; പ്രണവ് എന്റെ ജീവനാണ്‌

Posted on: 12 Aug 2015


കാസര്‍കോട്: എണ്‍മകജെയിലെ രാധാകൃഷ്ണന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കൂടെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തി കായംകുളം കോട്ടോളില്‍ പ്രണവിന്റെ കരളുമുണ്ട്. എറണാകുളം ലേക്ഷോര്‍ ആസ്പത്രിയില്‍ കഴിഞ്ഞദിവസമാണ് രാധാകൃഷ്ണന് കരള്‍മാറ്റി വെച്ചത്.

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു രാധാകൃഷ്ണന്‍. കരള്‍ സംബന്ധമായ അസുഖത്തിന് രണ്ടു വര്‍ഷമായി ചികിത്സയില്‍ കഴിയുന്നു. ഒടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. രാധാകൃഷ്ണന് കരള്‍ മാറ്റിവെക്കണം. ബന്ധുക്കളും സുഹൃത്തുക്കളും കരള്‍ദാതാവിനെ അന്വേഷിക്കുന്നതിനിടയിലാണ് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രണവിന് മസ്തിഷ്‌കമരണം സംഭവിക്കുന്നത്. കേരള നെറ്റ്വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി രാധാകൃഷ്ണന് പ്രണവിന്റെ കരള്‍ പകുത്ത് വെച്ചു.

രാധാകൃഷ്ണനെന്ന പ്രിയപ്പെട്ട അധ്യാപകന് കരള്‍ പകുത്തുനല്‍കാന്‍ പെര്‍ള അഡ്യനടുക്കയിലെ അബ്ദുള്ളയും ലേക്ഷോര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. കരള്‍ദാതാവിനെ കണ്ടെത്താന്‍ രാധാകൃഷ്ണന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ കഷ്ടപ്പെട്ടപ്പോഴാണ് അബ്ദുള്ള സ്വയംസന്നദ്ധനായി കരള്‍ പകുത്ത് നല്‍കാന്‍ എത്തുന്നത്. അബ്ദുള്ളയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി പത്തിന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അവയവദാനത്തിന് തയ്യാറായി നില്‍ക്കവെയാണ് അബ്ദുള്ളയുടെയും രാധാകൃഷ്ണന്റെയും ജീവിതത്തിന്റെ ഗതി മാറുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ കായംകുളം കോട്ടോളില്‍ പ്രണവിന് മസ്തിഷ്‌കമരണം സംഭവിച്ചതപ്പോഴാണ്.

പ്രണവിന്റെ ബന്ധുക്കളുടെ സമ്മതം വാങ്ങിയശേഷം രാധാകൃഷ്ണനെ ശസ്ത്രക്രിയാമുറിയിലേക്ക് കയറ്റുമ്പോള്‍ ഹൃദയവും ശ്വാസകോശവും ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. പ്രണവിന്റെ ഹൃദയവും ശ്വാസകോശവും സംസ്ഥാനത്തിന് പുറത്ത് സ്പന്ദിക്കുമ്പോള്‍ കരളിലൂടെ ജീവതത്തിന്റെ കരയെത്തിപ്പിടിക്കുകയാണ് ഇപ്പോള്‍ കാസര്‍കോട്ടുകാരന്‍ രാധാകൃഷ്ണന്‍. ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തെങ്കിലും അവയവദാനത്തിലൂടെ സമൂഹത്തിന് നന്മയുടെ പുതിയ പാഠം പകര്‍ന്ന പ്രണവ് ഇനി ജീവിക്കും- ജീവിതം തുന്നിച്ചേര്‍ക്കപ്പെട്ട ബന്ധങ്ങളിലൂടെ.

 

 




MathrubhumiMatrimonial