
ലോകവും യൂസഫലിയും കനിവായി; അമൃതയ്ക്ക് ഇനി നല്ല വീട്ടില്‍ ജീവിക്കാം
Posted on: 11 Aug 2015

കോഴിക്കോട്: 'യഥാര്‍ഥ പത്രത്തിന്റെ ശക്തി' വിളിച്ചറിയിച്ച് 'മാതൃഭൂമി' അക്ഷരങ്ങളിലൂടെ വഴികാട്ടിയപ്പോള്‍ കടലോളം കനിവുമായി ലോകമെങ്ങുമുള്ള സുമനസ്സുകളും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയും മുന്നോട്ടുവന്നു. ഇരുട്ടുമുറിയില്‍ ജീവിതം നയിച്ച അമൃത എന്ന ഏഴാംക്ലാസ്സുകാരിയുടെയും കുടുംബത്തിന്‍റെയും ജീവിതത്തില്‍ ഇതോടെ വെളിച്ചമായി. ഇനി അവര്‍ക്ക് നല്ല വീട്ടില്‍ ജീവിക്കാം; ചികിത്സകള്‍ നടത്താം; പഠിക്കാം. ജനപ്രതിനിധികളും ജില്ലാ കളക്ടറും മാതൃഭൂമിയുടെയും ലുലു ഗ്രൂപ്പിന്റെയും പ്രതിനിധികളും സന്നിഹിതരായ ചടങ്ങില്‍ സഹപാഠികളെയും അധ്യാപകരെയും സാക്ഷിനിര്‍ത്തി 18,58,835 രൂപ അമൃതയ്ക്കും കുടുംബത്തിനും കൈമാറിയപ്പോള്‍ അത് നന്മയുടെ പ്രകാശം പ്രസരിക്കുന്ന കര്‍മമായി.
ആഗസ്ത് മൂന്നിന് മാതൃഭൂമി പ്രസിദ്ധീകരിച്ച 'കാണുന്നുണ്ടോ ഇരുട്ടുമുറിയിലെ ഒരു കുടുംബജീവിതം' എന്ന വാര്‍ത്തവായിച്ച് ലോകമെങ്ങുമുള്ള സുമനസ്സുകളും എം.എ. യൂസഫലിയും നല്‍കിയ പണമാണ് തിങ്കളാഴ്ച അമൃത പഠിക്കുന്ന കോഴിക്കോട്ട് മലാപ്പറമ്പ് എ.യു.പി. സ്‌കൂളില്‍വച്ച് കൈമാറിയത്. യൂസഫലി നല്‍കിയ പത്ത് ലക്ഷം രൂപ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ പക്കര്‍ കോയയും മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജും ചേര്‍ന്ന് കൈമാറി. അമൃത ഭവന നിര്‍മാണനിധിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന 8,58,835 രൂപ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അമൃതയുടെ മാതാപിതാക്കളായ മോഹനനും പങ്കജത്തിനും കൈമാറി.
സര്‍ക്കാറിനുപോലും സാധിക്കാത്ത കാര്യമാണ് മാതൃഭൂമി ചെയ്തതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. ഒരിക്കല്‍ തകര്‍ക്കാന്‍ പോയ സ്‌കൂളില്‍ത്തന്നെ ഇത്രയും നല്ല ചടങ്ങ് നടത്താന്‍ കഴിഞ്ഞത് സമൂഹത്തിന് ഒരു മാര്‍ഗദീപമാണെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. പറഞ്ഞു. 'മാതൃഭൂമി' എന്നും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെയും അവശരുടെയും കൂടെ നില്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമസ്ഥാപനമാണെന്ന് മാതൃഭൂമി ഡയറക്ടര്‍മാരായ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എയും പി.വി. നിധീഷും പറഞ്ഞു. സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍.എം. പ്രീതി, പി.പി. പ്രഭാകരക്കുറുപ്പ്, കൗണ്‍സിലര്‍ കെ.ടി. പത്മജ, അഡ്വക്കേറ്റ് ജയദീപ്, അരവിന്ദനാഥന്‍, എം.സി. സന്തോഷ് കുമാര്‍, പ്രമോദ് കുമാര്‍, അധ്യാപകനായ ആര്‍.കെ. ഇരവില്‍, മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍ മാനേജര്‍ കെ.ആര്‍. പ്രമോദ്, ശ്രീകാന്ത് കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായാണ് അമൃതയുടെ വീട്ടിലെത്തിയതും അവളുടെ അവസ്ഥ കണ്ടതും.
പിന്നീട് 'മാതൃഭൂമിവി.കെ.സി നന്മ' പദ്ധതി പ്രകാരം പ്രശ്‌നം ഏറ്റെടുത്ത് പത്രത്തിലൂടെ പുറത്തുകൊണ്ടുവന്നു.
