Crime News

ഇറാനിയന്‍ ബോട്ട് കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍.ഐ.എ.

Posted on: 07 Aug 2015


കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ബോട്ടില്‍ നിന്ന് പിടികൂടിയ 12 പേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി. വെള്ളിയാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ അവിടെ നിന്ന് കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍.ഐ.എ. ശ്രമിക്കുന്നത്. പോലീസില്‍ നിന്ന് കേസിന്റെ അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ. കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. തീരസംരക്ഷണ സേന പിടികൂടി പോലീസിനു കൈമാറിയ പ്രതികളെല്ലാം ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

അറസ്റ്റിലായവരില്‍ അബ്ദുള്‍ ഖാദിര്‍ ബലൂച്, പെസൂസ് ബലൂച്, സഹീദ് ബലൂച്, വാഹിദ് ബലൂച്, ഇഹാലിം ബക്ഷി ബലൂച് എന്നിവര്‍ ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. അബ്ദുള്‍ മജീദ് ബലൂച്, ഷഹ്‌സാദ് ബലൂച്, ഹുസൈന്‍ ബലൂച്, ജംഷാദ് ബലൂച്, മുഹമ്മദ് ബലൂച്, അഹമ്മദ് ബലൂച്, ഖാസിം ബലൂച് എന്നിവര്‍ ഇറാന്‍ സ്വദേശികളാണെന്നാണ് പറയുന്നത്. ഇറാനിയന്‍, ബലൂചി ഭാഷകളിലാണ് ഇവര്‍ സംസാരിക്കുന്നത്.

ഇവര്‍ സഞ്ചരിച്ച കപ്പല്‍ ബറൂക്കി വിഴിഞ്ഞത്ത് തീരദേശ പോലീസിന്റെ കസ്റ്റഡിയിലാണ്. കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള എന്‍.ഐ.എ. സംഘം പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണുള്‍പ്പെടെയുള്ളവ വിശദമായ െഫാറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് എന്‍.ഐ.എ. തീരുമാനിച്ചിരിക്കുന്നത്. പോലീസ് നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും മീന്‍പിടിത്തത്തിന് വന്നതാണെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ കപ്പലിലെ സാറ്റലൈറ്റ് ഫോണുകളിലേക്ക് അഫ്ഗാനിസ്താന്‍, ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വിളികള്‍ വന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നു കടത്തുന്ന വന്‍ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന നിഗമനത്തിലാണ് എന്‍.ഐ.എ.യുടെ അന്വേഷണം. കേസിലെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ എന്‍.ഐ.എ. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

 

 




MathrubhumiMatrimonial