Crime News

വെളുപ്പിക്കാന്‍ ഹവാല... വിശ്വസ്തനായി എന്നും സുരേഷ് ബാബു

Posted on: 07 Aug 2015


കൊച്ചി: നാട്ടിലും വിദേശത്തും സഹായികളെ നിയമിച്ച് ഹവാല ഇടപാട്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ നേടിയ കോടികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉതുപ്പ് വര്‍ഗീസ് കണ്ടെത്തിയ വഴി അതായിരുന്നു. ഉതുപ്പിന്റെ കേരളത്തിലെ ഹവാല ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത് സുരേഷ് ബാബു എന്നയാളായിരുന്നു. കുവൈത്തിലെ ഹവാല ഇടപാടുകള്‍ക്കും ഉതുപ്പിന് സഹായിയുണ്ടായിരുന്നു.

ഉതുപ്പ് വര്‍ഗീസിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ അല്‍ സറാഫ കൊച്ചിയില്‍ നഴ്‌സുമാരില്‍ നിന്ന് ശേഖരിക്കുന്ന പണം കുവൈത്തില്‍ എത്തിച്ചിരുന്നത് സുരേഷ് ബാബുവായിരുന്നു. ഇയാള്‍ മുഖേന 200 കോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. കുവൈത്തില്‍ ഈ പണം വെളുപ്പിച്ച് തിരികെ കേരളത്തിലെത്തിച്ചിരുന്നത് അവിടെയുണ്ടായിരുന്ന ഒരു വ്യവസായിയായിരുന്നു.
നാട്ടിലും കുവൈത്തിലും ബിസിനസ് ഉള്ള ഇയാള്‍ കുവൈത്തിലെ പൊതുരംഗത്തും സജീവമായിരുന്നെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ കയറ്റുമതി നടത്തുന്നതിന്റെ മറവില്‍ കള്ളബില്ലുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കള്ളബില്ലുകളിലൂടെ ഉതുപ്പിന്റെ പണം വെളുപ്പിച്ച് കേരളത്തില്‍ തിരിച്ചെത്തിക്കലായിരുന്നു കുവൈത്തിലെ വ്യാപാരിയുടെ ജോലി. കുവൈത്തില്‍ വെച്ച് പണം നല്‍കുന്ന നഴ്‌സുമാര്‍ക്ക് കുവൈത്ത് ദിനാര്‍ എത്തിച്ചുകൊടുത്തിരുന്നതും ഇയാളായിരുന്നു.

 

 




MathrubhumiMatrimonial