
റഷ്യയിലെ റിപ്പര്‍ വനിത നരഭോജിയെന്നും സംശയം
Posted on: 06 Aug 2015

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയില്‍ പതിനൊന്നുപേരെ തലയറുത്തു കൊന്ന 68കാരിയായ തമാര സംസൊനോവ നരഭോജിയാണെന്ന് സംശയം. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയില്‍ പതിനൊന്നുപേരെയാണ് ഇവര്‍ തലയറുത്തുകൊന്നത്. ചിലരെ ഉറക്കഗുളിക കൊടുത്ത് മയക്കിയതിന് ശേഷം ജീവന്‍ വേര്‍പെടും മുമ്പും നിഷ്‌ക്കരുണം കൊലപ്പെടുത്തിയിരുന്നതായി ഇവരുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് പോലീസിന് വ്യക്തമായി.

ഗ്രാനി റിപ്പര്‍ എന്നറിയപ്പെടുന്ന ഇവര്‍ അവസാനത്ത ഇരയുടെ ശിരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വീടിനടുത്തുള്ള സിസി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്. ഒരു ഹോട്ടലില്‍ ജോലിക്കാരിയായിരുന്ന ഗ്രാനിറിപ്പര്‍ ഇരകളുടെ ശരീരം കീറിമുറിച്ച് ഭക്ഷിച്ചിരുന്നതായും സംശയിക്കപ്പെടുന്നു. റഷ്യനിലും ഇംഗ്ലീഷിലും ജര്‍മ്മനിലും എഴുതിയ ഡയറിക്കുറിപ്പുകളാണ് റഷ്യന്‍ ജനതയെ ഭീതിയിലാഴ്ത്തിയ കൊലപാത പരമ്പരയുടെ ചുരുളഴിച്ചത്. ബ്ലാക്ക് മാജിക്കിലും ജ്യേതിഷത്തിലും തത്പരയായിരുന്ന ഇവര്‍ക്ക് കൊലപാതകം നടത്തുകയെന്നത് ഒരു ഹരമായിരുന്നു.
റഷ്യയില്‍ ഇതുവരെ തെളിയിക്കപ്പെടാത്തതായിട്ടുള്ള നിരവധി കൊലപാതകങ്ങള്‍ക്ക് ഗ്രാനിറിപ്പറുടെ ഡയറിക്കുറിപ്പുകള്‍ തുമ്പു നല്‍കുമെന്ന പ്രതീക്ഷയിലാണ് റഷ്യന്‍ പോലീസ്. 79കാരിയായ വലന്റിന ഉലനോവയായിരുന്നു ഇവരുടെ അവസാനത്തെ ഇര. ഉലനോവയുടെ അറ്റ ശിരസ്സ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഒരു തെരുവില്‍ നിന്നാണ് കണ്ടെത്തിയത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ തെരുവില്‍ നിന്ന് ശിരസ്സും കലുകളും കൈകളും വേര്‍പ്പെടുത്തിയ നിലയില്‍ മറ്റൊരു മൃതദേഹവും കണ്ടെത്തിയിരുന്നു. 2003ല്‍ ഇവരുടെ സംസൊനോവയുടെ ഫ്ലൂറ്റില്‍ വാടകക്കാരിയായിരുന്ന ഒരു 44കാരിയെയും ഇവര്‍ കൊലപ്പെടുത്തിയിരുന്നു. പെട്ടെന്നുണ്ടായ കലഹം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവും ഇവരുടെ ഇരകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. 2005 മുതല്‍ ഭര്‍ത്താവിനെ കാണാതായതായി സംസൊനോവ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെക്കുറിച്ച് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഇവരുടെ ഫ്ലൂറ്റില്‍ നിന്നും ഒരു കത്തിയും ഈര്‍ച്ചവാളും, ബാത്ത്‌റൂമില്‍ ചോരക്കറയും പോലീസ് കണ്ടെത്തി. മനുഷ്യശരീരത്തില്‍ ശ്വാസകോശമായിരുന്നു ഇവര്‍ക്ക് കഴിക്കാന്‍ ഏറെ പ്രിയമെന്നും പോലീസ് വെളിപ്പെടുത്തി.
ജീവിതത്തില്‍ എന്തോ വലിയൊരു നഷ്ടബോധം ഇവരെ വേട്ടയാടിയിരുന്നതായാണ് ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നത്. താന്‍ ചെയ്ത കാര്യങ്ങള്‍ പുറത്തറിയുന്നതിനെയും ഇവര്‍ വളരെയേറെ ഭയപ്പെട്ടു. ''നിങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു; ഇനി ഇക്കാര്യങ്ങളെല്ലാം ലോകം മുഴുവനുമറിയും, ഇത് വലിയ നാണക്കേടാണെനിക്കുണ്ടാക്കുക'' കോടതിക്ക് പുറത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസനോവ പറഞ്ഞതാണിത്. അതിനുശേഷം മാനസിക വിഭ്രാന്തി വെളിവാക്കുമാറ് കോടതിക്ക് ചുറ്റും കൂടിയവര്‍ക്ക് ഫ്ലൂയിംഗ് കിസും നല്‍കി. നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം, ഞാന്‍ തെറ്റുകാരിയായതിനാല്‍ ശിക്ഷാര്‍ഹയാണെന്നായിരുന്നു ഗ്രാനി റിപ്പറുടെ മറുപടി.
