Crime News

മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ യുവതി പിടിയില്‍

Posted on: 06 Aug 2015



പെരിന്തല്‍മണ്ണ:
മന്ത്രവാദംനടത്തി വീട്ടിലുള്ളവരുടെ ദോഷങ്ങള്‍ മാറ്റാമെന്നു വിശ്വസിപ്പിച്ച് ആഭരണങ്ങളും ഫോണും കവര്‍ന്ന യുവതി അറസ്റ്റില്‍.

തിരുവനന്തപുരം സ്വദേശിനി നരുവമൂട് ബിന്ദുഭവനില്‍ ഉമാദേവി(30) ആണ് അറസ്റ്റിലായത്. മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും സ്മാര്‍ട്ട്‌ഫോണുമാണ് മങ്കട മേലേ അരിപ്ര സ്വദേശിനിയുടെ വീട്ടില്‍നിന്ന് യുവതി കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞമാസം 28ന് പരാതിക്കാരിയും കുടുംബവും താമസിക്കുന്ന മേലേഅരിപ്രയിലെ വീട്ടില്‍ രാവിലെ 10ഓടെ വെള്ളംചോദിച്ചെത്തിയ യുവതി കുശലാന്വേഷണത്തിലൂടെ വീട്ടുകാരുമായി പരിചയത്തിലായി. തനിക്ക് കൈനോട്ടത്തിലൂടെ ഭാവിപറയാന്‍ അറിയുമെന്നും വീട്ടിലെ അംഗങ്ങളുടെ പേരില്‍ ദോഷങ്ങള്‍ കാണുന്നുണ്ടെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. ദോഷംമാറ്റാന്‍ മന്ത്രവാദം നടത്തണമെന്നറിയിച്ച് പൂജാസാധനങ്ങളുടെ പട്ടികയും നല്‍കി.

പിറ്റേന്ന് രാവിലെയെത്തിയ യുവതി പൂജയ്ക്കുപറ്റിയ മുറി തിരഞ്ഞെടുത്ത് അകത്തുകയറി വാതിലടച്ചു. 10മിനിറ്റ് കഴിഞ്ഞ് പുറത്തിറങ്ങി വാതില്‍പൂട്ടുകയും പിറ്റേദിവസമേ തുറക്കാവൂവെന്നും പറഞ്ഞു. 2000 രൂപ ഫീസുംവാങ്ങി സ്ഥലംവിട്ടു.

കുറച്ചുകഴിഞ്ഞ് സംശയംതോന്നിയ യുവതി വാതില്‍തുറന്നപ്പോഴാണ് മുറിയിലുണ്ടായിരുന്ന സ്മാര്‍ട്ട്‌ഫോണും ബാഗില്‍സൂക്ഷിച്ചിരുന്ന മൂന്നുപവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടത് അറിയുന്നത്. ഉമാദേവി നല്‍കിയിരുന്ന നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫായിരുന്നു. തുടര്‍ന്ന് മങ്കട സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് അന്വേഷണത്തില്‍ പുല്ലാരയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഉമാദേവിയെ അറസ്റ്റ്‌ചെയ്തു. ആഭരണങ്ങളിലൊന്നും ഫോണും താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു. ആഭരണങ്ങളിലൊന്ന് ബാങ്കില്‍ പണയംവെച്ചെന്ന് യുവതി സമ്മതിച്ചായി പോലീസ് പറഞ്ഞു.
തൃപ്പനച്ചിയിലുള്ള യുവാവിനെ വിവാഹംകഴിച്ച ഉമാദേവി കുറേക്കാലമായി വിവിധസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവിടങ്ങളില്‍ ഇത്തരംതട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സി.ഐ. കെ.എം. ബിജു അറിയിച്ചു.

മങ്കട എസ്.ഐ. കെ.പി. മനേഷ്, അഡീ. എസ്.ഐ. സെയ്തലവി, രമേശന്‍, വിദ്യാധരന്‍, വനിതാ സി.പി.ഒ. ജ്യോതി, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

 

 




MathrubhumiMatrimonial